യുക്രെയ്‌നില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചിട്ട് 362 ദിവസം പൂർത്തിയാകുകയാണ്. ഒന്നാം വര്‍ഷികത്തിന് മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധമണ്ണിലെത്തിയത്. പോളണ്ട് അതിര്‍ത്തിയില്‍ നിന്നും മണിക്കൂറുകളുടെ ട്രെയിന്‍ യാത്ര. അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും അറിയാത്ത യാത്രയ്‌ക്കൊടുവില്‍ പ്രാദേശിക സമയം എട്ടു മണിയോടെ യുക്രെയ്ന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ കീവിലെ മാരിന്‍സ്‌കിയില്‍ എത്തി. ചുരുക്കം അമേരിക്കന്‍ സൈനികരുടെ സുരക്ഷയിലാണ് ബൈഡൻ എത്തിയത്.
ബൈഡന്‍ എത്തുമ്പോഴും കീവിന്റെ ആകാശത്ത് യുക്രെയ്ന്‍ ജനതയെ ഒരു വര്‍ഷത്തോളം ഭീതിപ്പെടുത്തിയ അപായ സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമർ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ യുക്രെയ്ന്‍ ജനതയുടെ ധീരതയെ അഭിനന്ദിച്ചു. യുക്രെയ്‌ന് 50 കോടി ഡോളറും കൂടുതല്‍ ആയുധ സഹായവും ബൈഡന്‍ വാഗ്ദാനം ചെയ്തു. പുടിന്റെ പിടിച്ചടക്കാനുള്ള തന്ത്രവും യുക്രെയ്‌നെ തകര്‍ക്കാമെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളെ തമ്മിലടിപ്പിക്കാമെന്നുമുള്ള മോഹവും തകര്‍ന്നെന്ന് ബൈഡന്‍ പറഞ്ഞു.
Also Read- സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ; ലിംഗമാറ്റത്തിനും അംഗീകാരം
സെലന്‍സ്‌കിക്കൊപ്പം കീവിലെ സെന്റ് മൈക്കിള്‍സ് പള്ളിയിലും ബൈഡൻ സന്ദര്‍ശനം നടത്തി. യുദ്ധവാര്‍ഷകിത്തിന് നാളെ പോളണ്ട് തലസ്ഥാനം വാഴ്‌സയില്‍ ബൈഡന്‍ എത്തുമെന്നായിരുന്നു നേരത്തെ വൈറ്റ് ഹൗസ് അറിയിച്ചിരുന്നത്. ശനിയാഴ്ച രാത്രി ബൈഡന്റെ പോളണ്ടിലേക്കുള്ള യാത്രപോലും രഹസ്യസ്വഭാവത്തോടു കൂടെയായിരുന്നു. നേരത്തെ ഇറാഖ് യുദ്ധകാലത്ത് ബുഷും, അഫ്ഗാന്‍ യുദ്ധസമയത്ത് ഒബാമയും അതാത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അക്കാലത്ത് അവിടങ്ങളില്‍ അമേരിക്കന്‍ സേനയുടെ വലിയ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ അതില്ലാതെയാണ് ബൈഡന്‍ യുക്രെയ്‌നില്‍ എത്തിയതെന്നാണ് ശ്രദ്ധേയം.