• HOME
  • »
  • NEWS
  • »
  • world
  • »
  • ഗര്‍ഭനിരോധന മാർഗങ്ങള്‍ക്ക് അഫ്ഗാനിൽ വിലക്ക്; മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയെന്ന് താലിബാൻ

ഗര്‍ഭനിരോധന മാർഗങ്ങള്‍ക്ക് അഫ്ഗാനിൽ വിലക്ക്; മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയെന്ന് താലിബാൻ

2021 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത്

  • Share this:

    കാബൂൾ: അഫ്ഗാനിസ്ഥാനില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളിലെ വില്‍പ്പനയ്ക്കാണ് താലിബാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

    മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നാണ് താലിബാന്റെ വാദം. തുടര്‍ന്ന് രാജ്യത്തെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും താലിബാന്‍ പ്രതിനിധികള്‍ എത്തി ഇവ വില്‍ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി.

    ”അവര്‍ എന്റെ കടയില്‍ രണ്ട് തവണയാണ് പരിശോധനയ്ക്ക് എത്തിയത്. തോക്കുകളുമായാണ് എത്തിയത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും, ഗുളികകളും വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കാബൂളിലെ എല്ലാ ഫാര്‍മസികളും അവര്‍ പരിശോധിക്കുന്നുണ്ട്. ഞങ്ങള്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങൾ ഇപ്പോൾ വിൽക്കുന്നില്ല” അഫ്ഗാനിസ്ഥാനിലെ മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു.

    ഇതൊക്കെ പാശ്ചാത്യ സംസ്‌കാരമാണെന്നും അവയൊന്നും അഫ്ഗാനിസ്ഥാനില്‍ പ്രചരിപ്പിക്കരുതെന്നുമാണ് താലിബാന്‍ പ്രതിനിധികള്‍ കടയുടമകളോട് പറഞ്ഞത്.

    Also Read- സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ; ലിംഗമാറ്റത്തിനും അംഗീകാരം

    ”ഈ മാസം ആദ്യം ഗര്‍ഭനിരോധന ഗുളികകളും മറ്റും ഷോപ്പില്‍ സൂക്ഷിക്കരുതെന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. അവ വില്‍ക്കാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്” മറ്റൊരു മെഡിക്കല്‍ ഷോപ്പ് ഉടമ പറഞ്ഞു.

    2021 ഓഗസ്റ്റിൽ അധികാരത്തിലെത്തിയ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന ഏറ്റവും പുതിയ നിയന്ത്രണമാണിത്.

    നേരത്തെ ജോലി ചെയ്യാനും വിദ്യാഭ്യാസത്തിനുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ നിരോധിച്ച താലിബാന്‍ ഇപ്പോള്‍ അവളുടെ ശരീരവുമായി ബന്ധപ്പെട്ട അവകാശങ്ങളും നിഷേധിക്കുകയാണെന്ന് അഫ്ഗാന്‍ വംശജയായ സാമൂഹിക പ്രവര്‍ത്തക ഷബ്‌നം നസീമി പറഞ്ഞു.

    2021ലെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, അമ്മയുടെ ആരോഗ്യത്തെപ്പറ്റിയും കുടുംബാസൂത്രണത്തെപ്പറ്റിയുമുള്ള അടിസ്ഥാന വിവരങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.

    നേരത്തെ സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസം തടഞ്ഞ് താലിബാന്‍ പുറത്തിറക്കിയ ഉത്തരവും ഏറെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവ്.

    അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് സര്‍വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് താലിബാന്‍ വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ മുന്‍ഗണനാ വിഷയമല്ലെന്ന തരത്തിലായിരുന്നു താലിബാന്‍ പ്രതിനിധിയുടെ പ്രതികരണം.

    അതേസമയം താലിബാന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 24നാണ് വനിതാ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടാണ് സര്‍വ്വകലാശാലകളില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

    Also Read- വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി ഭൂകമ്പ ബാധിതർക്കായി പാകിസ്ഥാൻ തിരിച്ചയച്ചു

    മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചും താലിബാന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുയിടങ്ങളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ സ്ത്രീകള്‍ എത്താവൂവെന്നും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.

    Published by:Rajesh V
    First published: