രാജ്യത്തെ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കെതിരെയാണ് പ്രതിഷേധം. രാജ്യവും നിയമനിർമാണ സ്ഥാപനമായ കോൺഗ്രസും തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ചാണ് ബോൾസോനാരോയുടെ അനുയായികൾ അക്രമം നടത്തുന്നത്. കലാപകാരികൾ ഭൂരിഭാഗവും രാജ്യത്തിന്റെ പതാകയും ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സിയും ധരിച്ചാണ് എത്തുന്നത്. പെലെ, റൊണാൾഡീഞ്ഞോ, റൊണാൾഡോ തുടങ്ങിയ ഫുട്‌ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങളും ചിലരുടെ ജേഴ്സിയിൽ കാണാമായിരുന്നു. ബോൾസോനാരോയുടെ അനുയായികൾ ഫുട്ബോൾ ടീമിന്റെ ജേഴ്‌സി അവരുടെ യൂണിഫോമായാണ് കണക്കാക്കുന്നത്.
advertisement
രാഷ്ട്രീയവത്കരിക്കപ്പെടുന്ന ജേഴ്സിയും മുൻകാല ചരിത്രവും
2014-ൽ ബ്രസീൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനെച്ചൊല്ലി ധാരാളം അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സർക്കാർ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകൾ ബ്രസീലിന്റെ പതാകയുടെ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രധാന നഗരങ്ങളിലൂടെ മാർച്ച് നടത്തിയിരുന്നു. അന്നും പലരും ഫുട്ബോൾ ടീമിന്റെ മഞ്ഞ ജേഴ്സി ധരിച്ചിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “അഴിമതിയാരോപണം ഉയർന്നപ്പോൾ ബ്രസീലിലെ ദേശീയ ഫുട്ബോൾ ടീമിന്റെ കുപ്പായം ധരിച്ച് പലരും രംഗത്തെത്തി. ഞാൻ ബ്രസീലിയൻ ആണ്, ഞാൻ അഴിമതിക്ക് എതിരാണ് എന്നാണ് പലരും ഇതിലൂടെ വിളിച്ചു പറഞ്ഞത്” ബ്രസീലിയൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജാമിൽ ഛേഡ് പറഞ്ഞു.
2015ൽ അന്നത്തെ പ്രസിഡന്റ് ദിൽമ റൂസഫിനെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എത്തിയ പ്രതിഷേധക്കാരിലും ഫുട്ബോൾ ജഴ്‌സി ധരിച്ചെത്തിയവർ ഉണ്ടായിരുന്നു. ഒടുവിൽ ദിൽമ റൂസഫ് അധികാരത്തിൽ നിന്ന് പുറത്തായി. 2018 ൽ ബ്രസീലിലെ തെരുവുകളിൽ ഈ നിറങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ അന്നത്തെ പ്രസിഡന്റ് സ്ഥാനാർത്ഥി ബോൾസോനാരോയുടെ അനുയായികളാണ് പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങളും ജേഴ്സിയുമണിഞ്ഞെത്തി തെരുവുകൾ കീഴടക്കിയത്. ദേശീയ ചിഹ്നങ്ങളായ പതാക, ദേശീയ ഗാനം, ബ്രസീൽ ഫുട്ബോൾ ടീമിന്റെ മഞ്ഞ ജേഴ്സി എന്നിവയക്ക് ബോൾസോനാരോയും അദ്ദേഹത്തിന്റെ അനുയായികളും കൂടുതൽ പ്രചാരം നൽകി.
രാജ്യത്തെ ഫുട്ബോൾ ജേഴ്സിക്ക് ഇത്തരം രാഷ്ട്രീയ മാനങ്ങൾ നൽകുന്നതിനെതിരെ ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ അടുത്തിടെ പ്രചാരണം ആരംഭിച്ചിരുന്നു. പക്ഷേ, അത്തരം ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് ഇപ്പോളത്തെ പ്രതിഷേധങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചാരണം നടത്തി ബൊല്‍സൊനാരോ അനുയായികള്‍ വന്‍ ജനക്കൂട്ടത്തെയാണ് പ്രതിഷേധ സ്ഥലങ്ങളിലെത്തിച്ചത്.