ടെഹ്‌റാന്‍: രാജ്യത്തെ ഫ്രഞ്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇറാൻ ഭരണകൂടം. ഇറാനിലെ പരമോന്നത നേതാവായ ആയത്തൊള്ള ഖൊമേനിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകള്‍ ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാര്‍ളി ഹെബ്ദോയില്‍ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി.
നിലവിൽ ഭരണകൂടത്തിനെതിരെ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ സഹായിക്കുന്ന നടപടിയാണ് ചാര്‍ളി ഹെബ്ദോയുടേതെന്നും ഇറാന്‍ ഭരണകൂടം കുറ്റപ്പെടുത്തി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഇത്തരം കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചാല്‍ നടപടി കടുപ്പിക്കുമെന്നും ഇറാന്‍ വിദേശ കാര്യമന്ത്രി അറിയിച്ചു.
അതേസമയം വിഷയത്തോട് പ്രതികരിച്ച് ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിന്‍ കോളോനയും രംഗത്തെത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യം ഫ്രാന്‍സില്‍ ഉണ്ടെന്നും ഇറാനില്‍ പത്രങ്ങളുടെ സ്വാതന്ത്ര്യം പരിമിതമാണെന്നും അവര്‍ പറഞ്ഞു. ഫ്രാന്‍സിന്‍ മതനിന്ദ എന്നത് ഗൗരവതരമായ കുറ്റകൃത്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also read- ജമ്പ്സ്യൂട്ടിനൊപ്പം ഹിജാബും; യൂണിഫോമില്‍ നൂതനമായ ചുവടുവയ്പ്പുമായി ബ്രിട്ടീഷ് എയർവേയ്സ്
ചാര്‍ളി ഹെബ്ദോയുടെ പ്രത്യേക എഡിഷനിലാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിയുടെ കാരിക്കേച്ചര്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഫ്രാന്‍സിലെ മാഗസീന്‍ ആസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തിന്റെ വാര്‍ഷികാഘോഷ വേളയില്‍ പുറത്തിറക്കിയ മാഗസിന്റെ പ്രത്യേക എഡിഷനായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.
ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരം പ്രമേയമാക്കി സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇറാന്‍ ജനതയെ പിന്തുണയ്ക്കുക എന്ന തലക്കെട്ടോടെ കാര്‍ട്ടൂണുകള്‍ വായനക്കാരിൽ നിന്നും ക്ഷണിച്ചിരുന്നു. ഏകദേശം 300ലധികം കാര്‍ട്ടൂണുകളാണ് ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചെത്തിയത്. ഒപ്പം ആയിരത്തിലധികം ഭീഷണി സന്ദേശങ്ങളും തങ്ങളെ തേടിയെത്തിയെന്നും മാഗസിന്‍ പ്രതിനിധികള്‍ പറയുന്നു.
ആയത്തൊള്ള ഖൊമേനിയുടെ കാരിക്കേച്ചര്‍ അടങ്ങുന്ന 30 കാര്‍ട്ടൂണുകളാണ് ചാര്‍ളി ഹെബ്ദോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഖൊമെനിയുടെ മേല്‍ മൂത്രമൊഴിക്കുന്ന സ്ത്രീ, പ്രതിഷേധക്കാരുടെ മുഷ്ടിക്കൊണ്ട് നിര്‍മ്മിതമായ സിംഹാസനത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഖൊമെനി എന്നീ കാര്‍ട്ടൂണുകളാണ് അതില്‍ പ്രധാനം. ഇതൊടെയാണ് തങ്ങളുടെ പരമോന്നത നേതാവിനെ അപമാനിച്ചെന്ന തരത്തില്‍ ഇറാന്‍ ഭരണകൂടം രംഗത്തെത്തിയത്.
ഇറാനിൽ 1983-ൽ സ്ഥാപിതമായ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇപ്പോൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയിരിക്കുന്നത്. 2013 നും 2021 നും ഇടയിൽ മിതവാദിയായിരുന്ന ഹസൻ റൂഹാനി പ്രസിഡന്റായിരിക്കെയാണ് സ്ഥാപനം വീണ്ടും തുറന്നത്. അതിന് മുമ്പ് വർഷങ്ങളോളം ഈ സ്ഥാപനം അടച്ചിട്ടിരുന്നു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ വിദേശ രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നും ഇറാന്‍ ഭരണകൂടം ആരോപിച്ചിരുന്നു.
അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് നിരവധി പേരെ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം 31 പ്രവിശ്യകളിലേയ്ക്കും 161 നഗരങ്ങളിലേക്കും വ്യാപിച്ചു, 1979 ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന് നേരിടേണ്ടി വന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.