228 മണിക്കൂറിന് ശേഷമാണ് ഒരു യുവതിയെയും അവരുടെ രണ്ട് മക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. “ഇത് ഏത് ദിവസമാണ്?” എന്നായിരുന്നു തന്നെ രക്ഷിച്ച രക്ഷാപ്രവർത്തകരോട് യുവതി ആദ്യം ചോദിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുവതിയെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
എല എന്ന യുവതിയെയും അവരുടെ രണ്ടു കുട്ടികളെയുമാണ് ഭൂകമ്പം നടന്ന് 9 ദിവസങ്ങൾക്കു ശേഷം ജീവനോ പുറത്തെടുക്കാനായത്. “ഞങ്ങളെ കണ്ടപ്പോൾ ആ അമ്മ സന്തോഷിച്ചു. ഞാൻ ആദ്യം അവരുടെ കൈ പിടിച്ചു. അവരുമായി സംസാരിച്ചു. ശേഷം അവരെ ആശ്വസിപ്പിച്ചു,” രക്ഷാപ്രവർത്തകനായ മെഹ്മെത് എറിൽമാസ് പറയുന്നു. രക്ഷാപ്രവർത്തനത്തിനിടെ യുവതി ആദ്യം ചോദിച്ചത് വെള്ളമായിരുന്നു. നിർജലീകരണം മൂലം ഇവർ ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു.
Also Read-ഒരു ലിറ്റർ പെട്രോളിന് 272 രൂപ, ഡീസലിന് 280; പാകിസ്ഥാനിൽ ഇന്ധനവില റെക്കോഡ് ഉയരത്തിൽ
അതേസമയം ഭൂചലനത്തിന് 212 മണിക്കൂൾക്ക് ശേഷം 77 കാരിയായ ഒരു സ്ത്രീയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തുന്ന വീഡിയോ തുർക്കി ദേശീയ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ഇവർ ഫാത്മ ഗുൻഗോർ എന്ന സ്ത്രീയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കൂടാതെ ബുധനാഴ്ച കഹ്‌റമൻമാരസിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 45 കാരിയായ മെലിക്ക് ഇമാമോഗ്ലു എന്ന മറ്റൊരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നുപേരുടെ ജീവൻ കൂടി രക്ഷാപ്രവർത്തകർ വീണ്ടെടുത്തത്.
എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ 100 മണിക്കൂറിലധികം അതിജീവിക്കുന്നത് അസാധാരണമായ സംഭവമാണെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കൂടാതെ അപകടത്തിൽപ്പെട്ട ഭൂരിഭാഗം ആളുകളെയും 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ഭൂകമ്പമേഖലയിലെ തണുത്തുറഞ്ഞ കാലാവസ്ഥ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് കൂടുതൽ സമയം അതിജീവിക്കാൻ കാരണമായിട്ടുണ്ടാകാം എന്നാണ് ഡോക്ടർ സഞ്ജയ് ഗുപ്തയുടെ വിലയിരുത്തൽ. “തണുത്ത കാലാവസ്ഥ ഇരുതല മൂർച്ചയുള്ള വാളിന് സമമാണ്. ഒരു വശത്ത് ഇത് വളരെ ബുദ്ധിമുട്ടേറിയതാണെങ്കിലും മറുവശത്ത്, ഇത് വെള്ളത്തിന്റെ ആവശ്യകത കുറയ്ക്കാൻ കാരണമായേക്കാം” എന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ തെക്കുകിഴക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ ഏകദേശം 40,000 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് നൂറ്റാണ്ടുകൾക്കിടയിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ സാന്നിധ്യം ഇപ്പോഴും ദുരന്ത മേഖലയില്‍ ഉണ്ട്. കൂടാതെ 1,20,000ല്‍ അധികം ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇപ്പോഴും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.