ഇത്തരം വൈറസുകളുടെ പരിണാമം സാധാരണമാണെന്നും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതുവഴി എംപോക്‌സ് വൈറസിലുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും യുകെഎച്ച്എസ്എയില്‍ ലൈംഗികമായി പകരുന്ന അണുബാധകളെ കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ തലവനായ ഡോ. കാതി സിങ്ക പറഞ്ഞു. വാക്‌സിനേഷന്‍ നടപടികള്‍ക്കായി യോഗ്യരായ ഗ്രൂപ്പുകളോട് മുന്നോട്ടുവരാനും ആരോഗ്യ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
വസൂരിയുമായി (സ്‌മോള്‍പോക്‌സ്) ബന്ധപ്പെട്ട ഒരു അണുബാധയാണ് എംപോക്‌സ്. പനി, ശരീരവേദന, ചര്‍മ്മത്തില്‍ മുറിവുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍, ലൈംഗികത പോലുള്ള അടുത്ത ശാരീരിക സമ്പര്‍ക്കം വഴിയാണ് ഈ വൈറസ് പകരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് മാരകമായേക്കാം.
advertisement
യുകെയില്‍ തിരിച്ചറിഞ്ഞിട്ടുള്ള പുതിയ വൈറസിന്റെ ജീനോ സീക്വന്‍സിംഗ് പ്രകാരം ഇത് രണ്ടുതരം എംപോക്‌സ് വൈറസ് ഇനങ്ങളുടെ സങ്കര രൂപമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് 2022-ല്‍ ഉണ്ടായ ആഗോള എംപോക്‌സ് വ്യാപനവുമായി ബന്ധപ്പെട്ട വകഭേദമാണെന്നും പറയുന്നു. അന്ന് ആഗോളതലത്തില്‍ പല രാജ്യങ്ങളെയും ഇത് ബാധിച്ചിരുന്നു.
വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നറിയിപ്പ് ഒന്നും നല്‍കിയിട്ടില്ലെങ്കിലും പുതിയ വൈറസ് വ്യാപന സാധ്യതയുള്ളതാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നുണ്ട്.
വാക്‌സിന്‍ വഴി പ്രതിരോധം സാധ്യമോ ?
എംപോക്‌സ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സിന്‍ 75-80 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. പലരിലും ചെറിയ രീതിയിലാണ് അണുബാധ ഉണ്ടാകാറുള്ളതെങ്കിലും ചിലപ്പോള്‍ അത് ഗുരുതരവുമാകാം. ഇതില്‍ നിന്നും പരിരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് വാക്‌സിനേഷന്‍. അതിനാല്‍ യോഗ്യരായ ആളുകൾ വാക്‌സിനേഷന്‍ എടുക്കുന്നത് ഉറപ്പാക്കണമെന്നും ഡോ. സിങ്ക പറഞ്ഞു.
പുതിയതായി കണ്ടെത്തിയിട്ടുള്ള വൈറസ് ഇനത്തിന്റെ പ്രാധാന്യം വിലയിരുത്തുകയും അതിന്റെ വ്യാപനം നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും യുകെഎച്ച്എസ്എ പ്രസ്താവനയിലൂടെ അറിയിച്ചു. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായും യുകെഎച്ച്എസ്എ അതിന്റെ കണ്ടെത്തലുകള്‍ പങ്കുവെച്ചിട്ടുണ്ട്.
യുകെയിലോ മറ്റെവിടെയെങ്കിലുമോ മങ്കിപോക്സിന്റെ കൂടുതല്‍ കേസുകള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ രോഗ വ്യാപനത്തിന്റെ റൂട്ടും തീവ്രതയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇതുവഴി വൈറസ് മുമ്പുണ്ടായിരുന്നതിനേക്കാള്‍ അപകടകരമാണോ എന്നത് വിലയിരുത്താന്‍ കഴിയുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
