ലോകമെമ്പാടും പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാ വർഷവും പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ഭൂമിയിലെ ആദ്യത്തെ രാജ്യമാണ് പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ കിരിബാത്തി. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരീടിമതി ദ്വീപിലാണ് പുതുവർഷം ആദ്യം എത്തുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെ കിരിബാത്തിയുടെ നിരവധി ഭാഗങ്ങൾ 2026നെ വരവേറ്റു. ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അർദ്ധരാത്രിക്കായി കാത്തിരിക്കുമ്പോൾ, കൗണ്ട്‌ഡൗണുകൾ, വെടിക്കെട്ടുകൾ, മറ്റിടങ്ങളിലെ ആഘോഷങ്ങൾ എന്നിവ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കിരിബാത്തിയിൽ നിശബ്ദമായി പുതുവത്സരം ആരംഭിക്കുന്നു.
advertisement
കിരിബാത്തിക്ക് ശേഷം പസഫിക്കിലുടനീളം പടിഞ്ഞാറോട്ടുള്ള രാജ്യങ്ങളിൽ പുതുവത്സര തരംഗം എത്തിതുടങ്ങുന്നു. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്. കിരിബാത്തിയിൽ പുതുവർഷമെത്തി ഏകദേശം 90 മിനിറ്റിനുശേഷമാണ് ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ തുടങ്ങിയ നഗരങ്ങൾ പുതുവത്സരത്തെ സ്വാഗതം ചെയ്തത്. അവിടെ നിന്ന്, ആഘോഷങ്ങൾ ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഒടുവിൽ അമേരിക്കകൾ എന്നിവിടങ്ങളിലേക്ക് നീങ്ങുന്നു.ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക.പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവർഷമെത്തും.
കിരിബാത്തി കഴിഞ്ഞ് ഏകദേശം 24 മണിക്കൂർ കഴിഞ്ഞ്, പുതുവത്സരം അവസാനമെത്തുന്ന ഭൂമിയിലെ പ്രദേശങ്ങളിൽ അമേരിക്കൻ സമോവയും ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളും ഉൾപ്പെടുന്നു.അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപായതിനാലാണ് കിരിബാത്തിയിൽ പുതുവർഷം ആദ്യം എത്തുന്നത്. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക.
