പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനിടെ "ദൈവിക ഇടപെടൽ" തങ്ങളെ സഹായിച്ചുവെന്ന് പാക് ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ. ഒരു പൊതു പ്രസംഗത്തിനിടെ ഉറുദുവിൽ സംസാരിച്ച മുനീർ, "അല്ലാഹു നിങ്ങളെ സഹായിച്ചാൽ ആർക്കും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ല" എന്ന ഖുർആൻ വാക്യം ഉദ്ധരിക്കുകയും, സംഘർഷത്തിൽ പാകിസ്ഥാന് ദൈവിക പിന്തുണ അനുഭവവേദ്യമായെന്നും അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോകൾ എക്‌സിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിട്ടുണ്ട്.
advertisement
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് തുടക്കത്തിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഓപ്പറേഷനിൽ, ഇന്ത്യൻ വ്യോമസേന (IAF) പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരുകൾക്കുള്ളിലെ നിരവധി ഭീകര ക്യാമ്പുകൾ ആക്രമിച്ചു തകർത്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂർ, മുറിദ്കെ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രധാന ഭീകര ക്യാമ്പുകളും ലോഞ്ച്പാഡുകളും, പിഒകെയിലെ മുസാഫറാബാദ്, കോട്‌ലി എന്നിവിടങ്ങളിലെ ക്യാമ്പുകളും ആക്രമണങ്ങളിൽ തകർന്നു. റിക്രൂട്ട്മെന്റ്, ആയുധ പരിശീലനം, നുഴഞ്ഞുകയറ്റ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ക്യാമ്പുകളും ഇന്ത്യ തകർത്ത ലക്ഷ്യങ്ങളിൽപ്പെടുന്നു.
