സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ഈ ഔട്ട്‌ലെറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാനിലെ ഔദ്യോഗിക പിസ്സ ഹട്ട് ഫ്രാഞ്ചൈസി രംഗത്തെത്തി. ബ്രാൻഡിന്റെ പേരും ഐഡന്റിറ്റിയും തെറ്റായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു അനധികൃത ഔട്ട്‌ലെറ്റ് ആണിതെന്നും കമ്പനി പ്രതികരിച്ചു. ഇതോടെ പ്രതിരോധ മന്ത്രി കുഴപ്പത്തിലായി.
സിയാൽകോട്ട് കന്റോൺമെന്റിൽ പിസ്സ ഹട്ട് പേരും ബ്രാൻഡിംഗും തെറ്റായി ഉപയോഗിച്ച് ഒരു അനധികൃത ഔട്ട്‌ലെറ്റ് തുറന്നിട്ടുണ്ടെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതായി പിസ്സ ഹട്ട് പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രസ്താവനയിറക്കി. പിസ്സ ഹട്ട് പാക്കിസ്ഥാനുമായോ അതിന്റെ മാതൃ കമ്പനിയായ 'യം' ബ്രാൻഡുമായോ ഈ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനത്തിന് യാതൊരു ബന്ധവുമില്ലെന്നും കമ്പനി വ്യക്തമാക്കി. പിസ്സ ഹട്ടിന്റെ അന്താരാഷ്ട്ര റെസിപ്പികളോ ഗുണനിലവാര, ഭക്ഷ്യ സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങളോ ഈ ഔട്ട്‌ലെറ്റ് പാലിക്കുന്നില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
advertisement
തങ്ങളുടെ വ്യാപാരമുദ്ര ദുരുപയോഗം ചെയ്തതിനും ഉടനടി വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും പിസ്സ ഹട്ട് പാക്കിസ്ഥാൻ കൂട്ടിച്ചേർത്തു. ഈ വിശദീകരണം വന്നതോടെ ഉദ്ഘാടനം വലിയ വിമർശനത്തിന് കാരണമായി. ഖ്വാജ ആസിഫ് റിബൺ മുറിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇത് വലിയ വിമർശനങ്ങൾക്ക് പരിഹാസങ്ങൾക്കും കാരണമായി.
നിരവധി മീമുകളും പരിഹാസരൂപേണയുള്ള കമന്റുകളും മന്ത്രിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞു. ആധികാരികത പരിശോധിച്ച് ഉറപ്പാക്കാതെ എങ്ങനെയാണ് ഒരു മുതിർന്ന മന്ത്രി ഒരു വാണിജ്യ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന് പലരും ചോദിച്ചു.
പിസ്സ ഹട്ടിന്റെ ഔദ്യോഗിക ലോഗോയും ബ്രാൻഡിംഗും പുതിയ ഔട്ട്‌ലെറ്റ് അതേപടി പകർത്തിയിരുന്നു. കമ്പനി പറയുന്നതു പ്രകാരം പിസ്സ ഹട്ട് പാക്കിസ്ഥാന് നിലവിൽ രാജ്യവ്യാപകമായി 16 അംഗീകൃത സ്റ്റോറുകളാണുള്ളത്. ലാഹോറിൽ 14 എണ്ണവും ഇസ്ലാമാബാദിൽ രണ്ട് എണ്ണവുമാണുള്ളത്. സിയാൽകോട്ടിൽ ഔട്ട്‌ലെറ്റില്ല. വ്യാജ ഔട്ട്‌ലെറ്റ് വന്നതോടെ അംഗീകൃത ചാനലുകൾ വഴി ഔദ്യോഗിക ഔട്ട്‌ലെറ്റുകൾ പരിശോധിക്കാനും ഉപഭോക്താക്കളോട് കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
