ഭരണഘടനാപരമായ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചത്. 2002-ല്‍ സ്ഥാപിതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോളണ്ട് (കെപിപി) രാജ്യത്തിന്റെ ഭരണഘടനുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഡിസംബര്‍ 3-ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു. സംഘടനയെ നിരോധിക്കുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. കമ്യൂണിസത്തെ അപലപിക്കുന്ന മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങള്‍ ഉദ്ധരിച്ചാണ് ഭരണഘടനാ ട്രൈബ്യൂണലിന്റെ വിധി.
പോളണ്ട് ഭരണഘടന വ്യക്തമായി വിലക്കുന്ന ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്ര തത്വങ്ങളും രീതികളും പാര്‍ട്ടിയുടെ പരിപാടി ഉള്‍കൊള്ളുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
advertisement
"നമ്മുടെ ദേശക്കാരുടെയും ലക്ഷകണക്കിന് മനുഷ്യരുടെയും മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും മഹത്വവത്കരിക്കുന്ന ഒരു പാര്‍ട്ടിക്ക് പോളിഷ് നിയമവ്യവസ്ഥയില്‍ സ്ഥാനമില്ല", ട്രൈബ്യുണലിന്റെ വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ക്രിസ്റ്റിന പാവ്‌ലോവിച്ച് പറഞ്ഞു. കമ്യൂണിസത്തിന്റെ ക്രിമിനല്‍ പ്രത്യയശാസ്ത്രത്തെ വ്യക്തമായി പരാമര്‍ശിക്കുന്ന ചിഹ്നങ്ങളും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി വ്യക്തമാക്കി.
പോളിഷ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13ഉം വിധിന്യായത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാസിസം, ഫാസിസം, കമ്യൂണിസം എന്നിവയുമായി ബന്ധപ്പെട്ടവ അടക്കമുള്ള ഏകാധിപത്യ രീതികളെയും ആചാരങ്ങളെയും പരാമര്‍ശിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയോ സംഘടനകളെയോ വിലക്കുന്നതായി ആര്‍ട്ടിക്കിള്‍ 13 ചൂണ്ടിക്കാട്ടികൊണ്ട് കോടതി പറഞ്ഞു. വംശീയമോ ദേശീയമോ ആയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന, രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ രഹസ്യ ഘടനകളോ വെളിപ്പെടുത്താത്ത അംഗത്വമോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെയും ഭരണഘടന വിലക്കുന്നുണ്ട്.
പാര്‍ട്ടിയുടെ രേഖകളും പ്രത്യയശാസ്ത്രവും പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്ത ശേഷമാണ് കോടതിയുടെ ഉത്തരവ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പോളണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കമ്യൂണിസ്റ്റ് ഏകാധിപത്യവുമായി യോജിക്കുന്നതാണെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ലംഘിക്കുന്നുണ്ടെന്നും കോടതി നിഗമനത്തിലെത്തി.
പോളണ്ടിന്റെ നീതിന്യായ വകുപ്പ് മുന്‍ മന്ത്രിയും പ്രോസിക്യൂട്ടര്‍ ജനറലുമായ സ്ബിഗ്ന്യു സിയോബ്രോ ആണ് പാര്‍ട്ടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിന് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി ഏകദേശം അഞ്ച് വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മാസം പോളിഷ് പ്രസിഡന്റ് കരോള്‍ നവറോക്കിയും ഇതേ ആവശ്യം പറഞ്ഞ് അപേക്ഷ നല്‍കിയിരുന്നു.
കമ്യൂണിസത്തെ അപലപിക്കുന്ന രണ്ട് പാപ്പല്‍ ചാക്രികലേഖനങ്ങളാണ് കോടതി വിധിയില്‍ ഉദ്ധരിച്ചിട്ടുള്ളത്. 1931-ലെയും 1937-ലെയും പോപ്പ് പയസ് പതിനൊന്നാമന്റെ ചാക്രികലേഖനങ്ങളാണ് വിധിയില്‍ പരാമര്‍ശിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ക്രൂരതകളെയും മനുഷ്യത്വരഹിതമായ പ്രവര്‍തത്തനങ്ങളെയുമാണ് ആദ്യ ലേഖനത്തില്‍ അപലപിക്കുന്നത്. രണ്ടാമത്തെ ലേഖനത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ 'പുരോഗതി' എന്ന പേരില്‍ വര്‍ഗ വൈരുദ്ധ്യങ്ങള്‍ ആളിക്കത്തിക്കാനും എതിരാളികള്‍ക്കെതിരെ അക്രമം ന്യായീകരിക്കാനും ശ്രമിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പാര്‍ട്ടിയുടെ ഏകാധിപത്യ സ്വഭാവത്തെ ചിത്രീകരിക്കാണ് ട്രൈബ്യൂണല്‍ ഈ ലേഖനങ്ങള്‍ ഉദ്ധരിച്ചത്. ഭരണഘടനാപരമായ വിലക്കുകള്‍ പാര്‍ട്ടി ലംഘിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
പോളണ്ടിന്റെ ചരിത്രത്തിലെ നിരവധി മുന്‍കാല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രപരമായ പിന്‍ഗാമിയായാണ് കെപിപി സ്വയം അവകാശപ്പെടുന്നത്. അതില്‍ പോളണ്ടിന്റെ യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പാര്‍ട്ടിയും (1918-1938), അതിന്റെ മുന്‍ഗാമിയായ സോഷ്യല്‍ ഡെമോക്രസി ഓഫ് ദി കിംഗ്ഡം ഓഫ് പോളണ്ട് ആന്‍ഡ് ലിത്വാനയും (1893-1918) ഉള്‍പ്പെടുന്നു. 1948 മുതല്‍ 1990 വരെയുള്ള കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ രാജ്യം ഭരിച്ചിരുന്ന പോളിഷ് യുണൈറ്റഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും പോസ്റ്റ് വാര്‍ പോളിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും (1942-1948) പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്നും കെപിപി അവകാശപ്പെടുന്നുണ്ട്.
