തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഇറാനിലെ കൂടുതല്‍ മേഖലകളിലേക്ക് പ്രക്ഷോഭം വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ പൊതു ക്രമസാമാധാനം ലംഘിച്ചെന്ന് ആരോപിച്ച് ഇറാനിയന്‍ അധികൃതര്‍ 30 ഓളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വിലക്കയറ്റത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരുന്നു. പുതുവര്‍ഷത്തില്‍ പ്രതിഷേധം അക്രമാസക്തമായി.
"മുല്ലയെ കോടിപുതപ്പിക്കുന്നതു വരെ ഈ രാജ്യം സ്വതന്ത്രമാകില്ല, മുല്ലമാര്‍ ഇറാന്‍ വിടണം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറഞ്ഞാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
advertisement
2022-ന് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 22-കാരനായ മഹ്‌സ അമീനി പോലീസ് കസ്റ്റഡിയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ആ വര്‍ഷം രാജ്യവ്യാപകമായി വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അധികാരികള്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സ അമീനിയൈ തടവിലടച്ചത്. എന്നാല്‍ ജീവിതച്ചെലവിലും സാമ്പത്തിക പ്രതിസന്ധിയിലും പൊറുതിമുട്ടിയുള്ള നിലവിലെ പ്രതിഷേധം രാജ്യവ്യാപകമായിട്ടില്ല. അമീനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തോളം തീവ്രവുമല്ല.
ഇറാനില്‍ സംഭവിക്കുന്നതെന്ത് ?
2025 ഡിസംബര്‍ 27-നാണ് ടെഹ്‌റാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആദ്യം വിലക്കയറ്റത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയത് വ്യാപാരികളാണ്. ഇത് പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുധനാഴ്ച രണ്ട് മരണങ്ങളും വ്യാഴാഴ്ച അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ലൂര്‍ വംശരുടെ കേന്ദ്രമായ നാല് നഗരങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ ലോറെസ്ഥാന്‍ പ്രവിശ്യയിലെ അസ്‌നയിലാണ് ഏറ്റവും ശക്തമായ ഏറ്റുമുട്ടല്‍ നടന്നത്. ടെഹ്‌റാനില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന നഗരമാണിത്. തെരുവുകളില്‍ തീ പടരുന്നതും ആളുകള്‍ 'നാണക്കേടെന്ന്' വിളിച്ചുപറഞ്ഞ് പ്രകടനം നടത്തുന്നതിനെ വെടിവെപ്പിന്റെ ശബ്ദം മുഴങ്ങുന്നതും ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണമായിരുന്നു.
ചില പ്രതിഷേധക്കാര്‍ പ്രവിശ്യ ഗവര്‍ണറുടെ ഓഫീസ്, പള്ളി, രക്തസാക്ഷി ഫൗണ്ടേഷന്‍, ടൗണ്‍ ഹാള്‍, ബാങ്കുകള്‍ എന്നിവയ്ക്കു നേരെ കല്ലെറിഞ്ഞു. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭങ്ങളില്‍ ചില കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
വ്യാഴാഴ്ച പടിഞ്ഞാറന്‍ നഗരമായ കൊഹ്ദാഷിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഇറാന്റെ സുരക്ഷാ സേനയിലെ ഒരു അംഗം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡുകളുമായി ബന്ധമുള്ള ഒരു സന്നദ്ധ സേനയായ ബാസിജിലെ അംഗമാണ് കൊല്ലപ്പെട്ടത്. 21 വയസ്സു മാത്രമാണ് പ്രായം. ഇസ്ഫഹാന്‍ പ്രവിശ്യയിലെ ഫുലാദ്ഷഹറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധത്തിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇറാനിയന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാസിഹ് അലിനെജാദും എക്‌സില്‍ പ്രതിഷേധത്തിന്റെ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തു. തെരുവുകളില്‍ ആളുകള്‍ ഏകസ്വരത്തില്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. "മുല്ലമാര്‍ ഇറാന്‍ വിടണം' 'സ്വേച്ഛാധിപത്യത്തിന് മരണം..."
ഇറാന്‍ സര്‍ക്കാരിന്റെ പ്രതികരണം
പുരോഗമനവാദിയായ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്റെ കീഴിലുള്ള ഇറാന്റെ സിവിലിയന്‍ സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സൂചന നല്‍കുന്നുണ്ട്. പ്രതിഷേധക്കാരുടെ 'ന്യായമായ ആവശ്യങ്ങള്‍' അംഗീകരിച്ചുകൊണ്ട് പ്രതിഷേധം ശമിപ്പിക്കാന്‍ പെഷേഷ്‌കിയന്‍ ശ്രമിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടിയെടുക്കാനും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനില്‍ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇറാന്റെ റിയാലിന്റെ മൂല്യം അതിവേഗം ഇടിഞ്ഞതിനാല്‍ ഒരു ഡോളറിന് ഏകദേശം 1.4 മില്യണ്‍ റിയാല്‍ വിലവരുന്നതിനാല്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഔദ്യോഗിക സ്ഥാപനമായ സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ ഓഫ് ഇറാന്‍ പറയുന്നതനുസരിച്ച് ഡിസംബറില്‍ പണപ്പെരുപ്പ നിരക്കില്‍ 52 ശതമാനം വാര്‍ഷിക വര്‍ദ്ധനയുണ്ടായിട്ടുണ്ട്. എങ്കിലും പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ 'ഉറച്ച' നിലപാട് സ്വീകരിക്കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ സാഹചര്യം ചൂഷണം ചെയ്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
