ബെംഗളൂരു: ശ്രീലങ്കയിൽ 'രാവണരാജാവി'നോടുള്ള താൽപര്യം അടുത്തിടെയായി വർധിക്കുകയാണ്. നമ്മുടെ ഇതിഹാസമായ രാമായണത്തിൽ വില്ലനാണ് രാവണൻ. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് രാവണൻ രാക്ഷസനാണ്. എന്നാൽ ശ്രീലങ്കക്കാർക്ക് രാവണൻ മഹാരാജാവും ആദ്യമായി വിമാനം പറത്തിയ വൈമാനികനുമൊക്കെയാണ്.
രാവണനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ രേഖകളുണ്ടെങ്കിൽ അത് പങ്കുവെയ്ക്കാനാണ് ശ്രീലങ്കൻ സർക്കാർ ഒരു പരസ്യത്തിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദസഞ്ചാര- വ്യോമയാന മന്ത്രാലയം നൽകിയ പത്രപരസ്യത്തിൽ രാവണനെ കുറിച്ചുള്ള രേഖകളോ പുസ്തകങ്ങളോ കൈവശമുണ്ടെങ്കിൽ അവ സർക്കാരിന് നൽകണമെന്നാണ് പറയുന്നത്. വൈമാനിക രംഗത്ത് രാവണൻ നൽകിയ സംഭാവനകളെ കുറിച്ചുള്ള ഗവേഷണത്തിനായാണ് ഈ വിവരശേഖരണം.
advertisement
ലോകത്തിലെ തന്നെ ആദ്യ വൈമാനികനാണ് രാവണൻ എന്നാണ് ശ്രീലങ്കൻ സർക്കാർ വിശ്വസിക്കുന്നത്. 5000 വർഷങ്ങൾക്ക് മുൻപ് തന്നെ രാവണരാജാവ് ആകാശയാത്ര നടത്തിയിരുന്നുവെന്നാണ് വിശ്വാസം. ആധുനിക വിമാനങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപേ രാവണൻ നടത്തിയ വിമാനയാത്രയെ കുറിച്ചും അതിനുപയോഗിച്ച വിദ്യകളും മനസ്സിലാക്കാനാണ് സർക്കാരിന്റെ പരിശ്രമം.
രാവണനാണ് ആദ്യ വൈമാനികനെന്ന് തെളിയിക്കുന്ന നിരവധി വസ്തുതകൾ തങ്ങളുടെ കൈവശമുണ്ടെന്ന് വ്യോമയാന അതോറിറ്റി മുൻ വൈസ് ചെയർമാൻ ശാശി ദണതുംഗെ കൊളംബോയിൽ നിന്ന് ഫോൺ സംഭാഷണത്തിൽ ന്യൂസ് 18നോട് പറഞ്ഞു.
TRENDING: 'പുകമറയ്‌ക്കൊക്കെ ചെറിയ ആയുസ്സേ ഉള്ളൂ'; സത്യങ്ങളും വസ്തുതകളും പുറത്തുവരുമെന്നും മുഖ്യമന്ത്രി [NEWS]പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു [NEWS]പാലത്തായി പീഡനക്കേസ്: ഐ.ജിയെ മാറ്റണം, മുഖ്യമന്ത്രി ഗൗരവം കാണിക്കണം; വിമര്‍ശനവുമായി കാന്തപുരം വിഭാഗം [NEWS]
''രാവണ രാജാവ് ഒരു പ്രതിഭയായിരുന്നു. ആദ്യമായി പറന്നതും അദ്ദേഹമായിരുന്നു. വൈമാനികനായിരുന്നു. സാങ്കൽപിക കഥയല്ല, ഇതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ ഗവേഷണം ഉണ്ടാകേണ്ടതുണ്ട്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇക്കാര്യം ഞങ്ങൾ തെളിയിക്കും''- അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ ഏറ്റവും വലിയ വിമാനത്താവളമായ ബണ്ടാരനായകെ സ്ഥിതി ചെയ്യുന്ന കതുനായകെയിൽ കഴിഞ്ഞ വർഷം വ്യാമയാന വിദഗ്ധരുടെയും ചരിത്രകാരന്മാരുടെയും പുരാവസ്തുശാസ്ത്രജ്ഞരുടെയും ഒരു സമ്മേളനം നടന്നിരുന്നു. ഇന്നത്തെ ഇന്ത്യയിലേക്കും തിരിച്ചും 5000 വർഷങ്ങൾക്ക് മുൻപ് രാവണൻ ആകാശ യാത്ര നടത്തിയെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം സമാപിച്ചത്. എങ്കിലും രാവണൻ ശ്രീരാമന്റെ പത്നി സീതയെ തട്ടിക്കൊണ്ടുവന്നുവെന്ന കഥ ശ്രീലങ്ക തള്ളിക്കളയുന്നു. ഇത് ഇന്ത്യയുടെ വീക്ഷണമാണെന്നും മഹാനായ രാജാവായിരുന്നു രാവണനെന്നുമാണ് ശ്രീലങ്ക ആവർത്തിക്കുന്നത്.
ഇതോടെയാണ് രാവണനെ കുറിച്ച് കൂടുതൽ അറിയാനുള്ള താൽപര്യം ശ്രീലങ്കയിൽ വർധിച്ചത്. തങ്ങളുടെ ആദ്യ ബഹിരാകാശ ദൗത്യത്തിൽ രാവണ എന്ന പേരുള്ള ഉപഗ്രഹം അടുത്തിടെ ശ്രീലങ്ക ബഹിരാകാശത്തേക്ക് അയച്ചിരുന്നു. പണ്ഡിതനും കരുണാമയനുമായ ഭരണാധികാരിയായിരുന്നു രാവണൻ എന്നാണ് ശ്രീലങ്കയിലെ ഭൂരിഭാഗംപേരും വിശ്വസിക്കുന്നത്. ഇന്ത്യയിലെ ചില ഗ്രന്ഥങ്ങളിൽ മഹാനായ ബ്രാഹ്മണനെന്ന് രാവണനെ വിശേഷിപ്പിക്കുന്നുമുണ്ട്.