ഈ പാക്കേജിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്‌കൂളിൽ പ്രവേശിക്കുമ്പോഴുള്ള ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട നയങ്ങൾ പരിശോധിക്കുന്നതിനുള്ള അധികാരം ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ പരിശോധന സംവിധാനമായ ഓഫ്സ്റ്റഡിന് നൽകും. തൽഫലമായി സ്‌കൂളുകൾ ഫോൺ രഹിത മേഖലയായിരിക്കുമെന്നാണ് സർക്കാർ പറയുന്നത്.
ലോകത്തിൽ ചെറുപ്പക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ആദ്യം നിയന്ത്രണമേർപ്പെടുത്തിയത് ഓസ്‌ട്രേലിയ ആണ്. 2025-ൽ ആയിരുന്നു അത്. ഇത് യുകെ അടക്കമുള്ള മറ്റ് രാജ്യങ്ങളെയും സമാന നടപടിയിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്. അതേസമയം, ഇത്തരമൊരു നടപടിയിൽ ചില വിദഗ്ദ്ധരും കുട്ടികളുടെ ചാരിറ്റി സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ നിന്ന് ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്.
advertisement
ലേബർ പാർട്ടിയിൽ നിന്നുള്ള 60ലധികം എംപിമാർ സോഷ്യൽ മീഡിയ നിയന്ത്രണ നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് കത്തെഴുതി. സോഷ്യൽ മീഡിയ കാരണമുള്ള മാറ്റത്തിന്റെ വേഗതയെ നേരിടാൻ നിലവിൽ മാതാപിതാക്കൾ സജ്ജരല്ലെന്ന് തോന്നുന്നതായി പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ഒപ്പുവെച്ച എംപി കാതറിൻ മക്കിന്നൽ ബിബിസിയോട് പറഞ്ഞു.
കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിനുള്ള നടപടികളെ കുറിച്ച് മൂന്ന് മാസത്തെ അഭിപ്രായസമാഹരണം നടത്തുന്നതായി ടെക്‌നോളജി വകുപ്പ് സെക്രട്ടറി ലിസ് കെൻഡൽ അറിയിച്ചു. സോഷ്യൽ മീഡിയ നിരോധനത്തിന്റെ ഫലപ്രാപ്തി നിർണ്ണയിക്കാൻ മാതാപിതാക്കളിൽ നിന്നും യുവാക്കളിൽ നിന്നും പൗരസമൂഹത്തിൽ നിന്നും അഭിപ്രായങ്ങൾ തേടുമെന്നും അവർ അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ശക്തമായ പ്രായ പരിശോധനകൾ നടപ്പിലാക്കാൻ കഴിയുമോ എന്നും സർക്കാർ പരിശോധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ നിർബന്ധിത ഉപയോഗത്തിലേക്ക് നയിക്കുന്ന ഫീച്ചറുകൾ നീക്കം ചെയ്യാനോ പരിമിതപ്പെടുത്താനോ കമ്പനികൾ ഇതോടെ നിർബന്ധിതരായേക്കും.
വിദ്യാർത്ഥികളിൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിന് ഓഫ്സ്റ്റഡ് സ്‌കൂളുകൾക്ക് കർശനമായ മർഗ്ഗനിർദ്ദേശങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മുന്നിൽ നിന്ന് വ്യക്തിപരമായ ആവശ്യങ്ങൾക്ക് അധ്യാപകർ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കും നിയന്ത്രണം കൊണ്ടുവരും.
മാതാപിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും ലിസ് കെൻഡൽ ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യകൾ കുട്ടികളുടെ ജീവിതത്തെ സമ്പന്നമാക്കുമെന്നും അവരെ ദോഷകരമായി ബാധിക്കില്ലെന്നും ഉറപ്പാക്കാനും ഓരോ കുട്ടിക്കും അവർ അർഹിക്കുന്ന ബാല്യം നൽകാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അവർ പറഞ്ഞു.
അധികാരത്തിൽ വന്നാൽ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം കൊണ്ടുവരുമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബാഡെനോക്ക് ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്. കൺസർവേറ്റീവുകൾ ഒരാഴ്ച മുമ്പ് നടത്തിയ പ്രഖ്യാപനം പകർത്താൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
സോഷ്യൽ മീഡിയ ഭീമന്മാരിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടി ആരംഭിക്കാൻ സമയം പാഴാക്കി കളയാനില്ലെന്നും ഈ അഭിപ്രായ സമാഹരണ പ്രക്രിയ ഇത് വീണ്ടും വൈകിപ്പിക്കുമെന്നും ലിബറൽ ഡെമോക്രാറ്റ് വിദ്യാഭ്യാസ വക്താവ് മുനീറ വിൽസൺ പറഞ്ഞു. സർക്കാരിന്റെ നീക്കത്തെ സ്വാഗതാർഹമായ നടപടിയെന്നാണ് നാഷണൽ എജുക്കേഷൻ യൂണിയൻ സെക്രട്ടറി ഡാനിയൽ കെബെഡെ വിശേഷിപ്പിച്ചത്.
കുട്ടികളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് കൂടുതൽ വിശാലമായ പദ്ധതി ആവശ്യമാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ എംആർസി കോഗ്‌നിഷൻ ആൻഡ് ബ്രെയിൻ സയൻസസ് യൂണിറ്റിലെ ഡിജിറ്റൽ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന പ്രൊഫസർ ആമി ഓർബെൻ ബിബിസിയോട് പറഞ്ഞു. പ്രായാധിഷ്ഠിത സോഷ്യൽ മീഡിയ നിരോധനങ്ങൾ ഫലപ്രദമാണെന്നതിന് ഇപ്പോഴും ശക്തമായ തെളിവുകൾ ഇല്ലെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയ നിരോധനത്തിന്റെ ഫലങ്ങളെ കുറിച്ച് ഇനിയും വ്യക്തമായിട്ടില്ലെന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷക ഡോ. ഹോളി ബെയറും തുറന്നുസമ്മതിച്ചു.
