ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 സംഘടനകളില്‍ നിന്നും ഐക്യരാഷ്ട്രസഭയുമായി ബന്ധമില്ലാത്ത 35 സംഘടനകളില്‍ നിന്നുമാണ് യുഎസ് പിന്മാറുന്നത്. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നയിക്കുന്ന ക്ലീന്‍ എനര്‍ജി സംരംഭമായ അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ നിന്നുള്‍പ്പെടെയാണ് അമേരിക്കയുടെ പിന്മാറ്റം. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ തുടങ്ങിയവ പോലുള്ള ഐക്യരാഷ്ട്രസഭയുമായി ബന്ധമില്ലാത്ത പ്രമുഖ പാരിസ്ഥിതിക സംഘടനകളും പട്ടികയിലുണ്ട്.
advertisement
'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് ഈ പിന്മാറ്റമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. യുഎസിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, പരമാധികാരം എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പങ്കെടുക്കുന്നതും ധനസഹായം നല്‍കുന്നതും നിർത്താൻ എല്ലാ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
യുഎസ് പിന്തുണ ലഭിച്ച അന്താരാഷ്ട്ര സംഘടനകള്‍, ഉടമ്പടികള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയുടെ സമഗ്രമായ അവലോകത്തിനുശേഷമാണ് ഈ പിന്മാറ്റമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ പലതും അമേരിക്കയുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും യുഎസ് താല്‍പ്പര്യങ്ങള്‍ക്കെതിരെയുള്ള ആഗോള അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. അര്‍ത്ഥവത്തായ രീതിയില്‍ ഫലങ്ങള്‍ നല്‍കാതെ അമേരിക്കയിലെ നികുതിദായകരുടെ പണം ചെലവഴിക്കുകയാണെന്നും വൈറ്റ്ഹൗസ് വാദിച്ചു.
66 ആഗോള സ്ഥാപനങ്ങളില്‍ പലതും യുഎസ് പരമാധികാരത്തിനും സാമ്പത്തിക ശക്തിക്കും വിരുദ്ധമായ സമൂലമായ കാലാവസ്ഥാ നയങ്ങള്‍, ആഗോള ഭരണം, പ്രത്യയശാസ്ത്ര പരിപാടികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. അതുകൊണ്ട് 'അമേരിക്ക ഫസ്റ്റ്' എന്ന ഭരണകൂട സമീപനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് ഈ സംഘടനകളില്‍ നിന്ന് പുറത്തുവരികയാണെന്നും വൈറ്റ് ഹൗസ് വിശദമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍, ദേശീയ സുരക്ഷ, സാമ്പത്തിക ശക്തി തുടങ്ങിയ ആഭ്യന്തര ആവശ്യങ്ങളിലേക്ക് വിഭവങ്ങള്‍ തിരിച്ചുവിടാന്‍ ഇത് അനുവദിക്കുമെന്നും കാര്യക്ഷമമല്ലാത്തതോ ശത്രുതാപരമായതോ ആയ ഗ്രൂപ്പുകള്‍ക്കുള്ള യുഎസ് ധനസഹായം അവസാനിപ്പിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.
യുഎസ് പരമാധികാരം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ഇടപെടലുകള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രസിഡന്റ് ട്രംപ് നിരന്തരം പരിശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരാമര്‍ശിച്ചു.
