ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വെടിവെയ്പ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ ഒരു പലസ്തീൻ അഭയാർത്ഥിയ്ക്ക് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ നിന്നും ഇയാളുടെ വിവരങ്ങൾ നീക്കം ചെയ്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി.
ഡിസംബർ 13-ന് ഒരു ക്ലാസ് മുറിക്കുള്ളിൽ നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ തോക്കുധാരിയെ തിരിച്ചറിയാൻ അധികൃതർ പൊതുജനങ്ങളുടെ സഹായം തേടി. തിരച്ചിൽ 72 മണിക്കൂർ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ കഴിയാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
advertisement
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ മേധാവി കാഷ് പട്ടേൽ ചൊവ്വാഴ്ച വെടിവെയ്പ്പിലെ "സംശയിക്കപ്പെടുന്ന വ്യക്തിയുടെ" യാത്രാവിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പരസ്യപ്പെടുത്തിയ എല്ലാ വീഡിയോകളിലും പ്രതിയുടെ മുഖം മാസ്ക് ധരിച്ച നിലയിലോ ക്യാമറയിൽ നിന്ന് തിരിഞ്ഞുനിൽക്കുന്ന നിലയിലോ ആയിരുന്നു. ഇയാൾക്ക് ഏകദേശം 5 അടി 8 ഇഞ്ച് ഉയരമുണ്ടെന്നും ദൃഢഗാത്രനാണെന്നും ഉള്ള അവ്യക്തമായ വിവരണം മാത്രമേ ഇതുവരെ നൽകാൻ സാധിച്ചിട്ടുള്ളൂ.
ആരാണ് മുസ്തഫ ഖർബൂച്ച്?
പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ, മുസ്തഫ ഖർബൂച്ചിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. വെടിവെയ്പ്പിൽ ഇയാൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ അധികൃതർ ഇതുവരെ പ്രതിയുടെയോ സംശയിക്കപ്പെടുന്ന വ്യക്തിയുടെയോ പേര് വെളിപ്പെടുത്തിയിട്ടില്ല.
ബ്രൗൺ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ഒരു വിദ്യാർത്ഥിയുടെ വിവരങ്ങൾ നീക്കം ചെയ്തതിനെത്തുടർന്നുള്ള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഖർബൂച്ചിന്റെ പേര് പുറത്തുവന്നത്. ഖർബൂച്ചിന് വെടിവെയ്പ്പുമായി എന്തെങ്കിലും ബന്ധമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ ഒരിടത്തും സൂചിപ്പിച്ചിട്ടുമില്ല.
ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് ആന്ത്രോപ്പോളജിയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന മുസ്തഫ ഖർബൂച്ചിന്റെ ഓൺലൈൻ പ്രൊഫൈൽ ബ്രൗൺ യൂണിവേഴ്സിറ്റി നീക്കം ചെയ്തതായി ശ്രദ്ധിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലെബനനിൽ ജനിച്ചു വളർന്ന മൂന്നാം തലമുറയിൽപ്പെട്ട പലസ്തീൻ അഭയാർത്ഥിയായാണ് ഖർബൂച്ചിനെ വിശേഷിപ്പിക്കുന്നത്. ബ്രൗൺ യൂണിവേഴ്സിറ്റി ഈ വിദ്യാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി (Scrubbing) എക്സിലെ (X) നിരവധി പോസ്റ്റുകൾ ആരോപിച്ചു.
നീക്കം ചെയ്യപ്പെട്ട പ്രൊഫൈലിലെ വിവരങ്ങൾ പ്രകാരം, ഇയാൾ യുണൈറ്റഡ് വേൾഡ് കോളേജ് (UWC) മാസ്ട്രിക്റ്റിൽ പഠിക്കാൻ സ്കോളർഷിപ്പ് നേടി. ഇയാളുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അധികൃതരുടെ നിർദ്ദേശപ്രകാരം നീക്കം ചെയ്തതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ഖർബൂച്ച് സർവ്വകലാശാലയിൽ നിന്ന് രക്ഷപ്പെട്ടതായും ഇയാളെ കാണാനില്ലെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.
വിഷയത്തിൽ പ്രതികരിച്ച രാഷ്ട്രീയ പ്രവർത്തക ലോറ ലൂമറും ബ്രൗൺ യൂണിവേഴ്സിറ്റിയുടെ നടപടിയെ ചോദ്യം ചെയ്തു. വെടിയുതിർക്കുന്നതിന് മുമ്പ് അക്രമി എന്താണ് വിളിച്ചത് ? "അല്ലാഹു അക്ബർ" എന്ന് വിളിച്ചതായി കേട്ടു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്തുകൊണ്ട് ബ്രൗൺ യൂണിവേഴ്സിറ്റി പലസ്തീൻ പൗരനായ ഇയാളുടെ പ്രൊഫൈൽ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്നു ? ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിലും ചില വാർത്താ റിപ്പോർട്ടുകളിലും കാണുന്ന ആരോപണങ്ങളും ഊഹാപോഹങ്ങളും ഗൂഢാലോചനകളും നിരുത്തരവാദപരവും ദോഷകരവുമാണ് എന്ന് ബ്രൗൺ യൂണിവേഴ്സിറ്റി വിശദീകരിച്ചു. വ്യക്തികളുടെ സുരക്ഷയ്ക്ക് തന്നെ ഇത്തരം പ്രചരണങ്ങൾ അപകടകരമാണന്നും സർവകലാശാല കൂട്ടിച്ചേർത്തു. ഈ വ്യക്തിയുടെ പേരിൽ നിലവിലെ അന്വേഷണവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെങ്കിൽ, അത് അന്വേഷണ ഉദ്യോഗസ്ഥർ മുൻപേ തന്നെ പരസ്യപ്പെടുത്തിയിരുന്നേനെ എന്നും സർവകലാശാല വ്യക്തമാക്കി.
റോഡ് ഐലൻഡ് അറ്റോർണി ജനറൽ പീറ്റർ നെറോണയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഒരു വെബ് പേജ് നീക്കം ചെയ്യുന്നതിന് "നിരവധി കാരണങ്ങൾ" ഉണ്ടാകാമെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഒരാളെ കുറ്റവാളിയാക്കുന്നത് അപകടകരമായ രീതിയാണ് എന്നും അദ്ദേഹം പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
