ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ ഹാദി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. വെടിയേറ്റതിനു പിന്നാലെ ധാക്ക മെഡിക്കല്‍ കോളെജിലേക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എവര്‍കെയര്‍ ആശുപത്രിയിലേക്കും അദ്ദേഹത്തെ മാറ്റി. എന്നാല്‍ അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചികിത്സ ഉറപ്പാക്കുന്നതിന് എയര്‍ ആംബുലന്‍സില്‍ ഹാദിയെ സിംഗപ്പൂരിലെത്തിച്ചു.
സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഹാദിയുടെ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതായും ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാന്‍ തുടങ്ങിയതിനാലും ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്ന് സിംഗപ്പൂരിലെ ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഷെരീഫ് ഒസ്മാന്‍ ഹാദി മരണത്തിന് കീഴടങ്ങിയതായി സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.
advertisement
2026-ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ധാക്ക-8 നിയോജകമണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് ഹാദിക്കെതിരെ ആക്രമണം നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിവരികയായിരുന്നു ഹാദി.
ഹാദിയുടെ കൊലപാതകം അദ്ദേഹം നയിച്ച ഇന്‍ക്വിലാബ് മഞ്ചയുടെ അനുയായികളെ മാത്രമല്ല പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ബംഗ്ലാദേശില്‍ ഉയരുന്നത്. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് പുറത്തും അതിക്രമങ്ങള്‍ അരങ്ങേറി.
ജൂലായ് പ്രക്ഷോഭത്തിലും ഹസീനയുടെ അവാമി ലീഗ് സര്‍ക്കാരിന്റെ അട്ടിമറിയിലും പങ്കെടുത്ത പലര്‍ക്കും പ്രസ്ഥാനത്തിന്റെ ആത്മാവായിരുന്നു ഹാദി. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അനുയായികളില്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചു.
പ്രതിഷേധ പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നുവന്നതും ഒടുവില്‍ ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ചതുമായ രാഷ്ട്രീയ വേദിയായ ഇന്‍ക്വിലാബ് മഞ്ചയുടെ ഉയര്‍ച്ചയില്‍ ഹാദിയുടെ പ്രാധാന്യം വളരെ വലുതാണ്. അവാമി ലീഗിനെ ഭരണഘടനാപരമായി പ്രതിരോധിക്കുന്ന ഒരു വേദിയായി ഇന്‍ക്വിലാബ് മഞ്ച സ്വയം നിലയുറപ്പിച്ചു. ഇന്ത്യാ അനുകൂല രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ തീവ്ര മുഖം
ഇന്‍ക്വിലാബ് മഞ്ചയുടെ കണ്‍വീനര്‍ എന്ന നിലയ്ക്കാണ് ഷെരീഫ് ഒസ്മാന്‍ ഹാദി പ്രശസ്തി നേടിയത്. ക്രമേണ അവാമി ലീഗിനും ഇന്ത്യാ അനുകൂല രാഷ്ട്രീയ സഖ്യങ്ങള്‍ക്കും എതിരായ ശക്തമായ ആക്രമണങ്ങളിലൂടെ ഹാദി ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ ഏറ്റുമുട്ടല്‍ രീതി അനുയായികളെയും ഒപ്പം തന്നെ വിമര്‍ശകരെയും നേടിക്കൊടുത്തു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള 'ഗ്രേറ്റര്‍ ബംഗ്ലാദേശ്' എന്നറിയപ്പെടുന്ന ഒരു ഭൂപടവും ഹാദി അടുത്തിടെ പ്രചരിപ്പിച്ചിരുന്നതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേശീയ ദുഃഖാചരണം
ഹാദിയുടെ മരണവാര്‍ത്ത പുറത്തുവന്നയുടനെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് രാജ്യത്തെ അഭിസംബോധന ചെയ്തു. "ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത് വളരെ ഹൃദയഭേദകമായ ഒരു വാര്‍ത്തയുമായിട്ടാണ്. ജൂലായ് പ്രക്ഷോഭത്തിലെ നിര്‍ഭയനായ മുന്‍നിര പോരാളിയും ഇന്‍ക്വിലാബ് മഞ്ചയുടെ വക്താവുമായ ഷെരീഫ് ഒസ്മാന്‍ ഹാദി നമ്മെ വിട്ടുപോയി", അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. എല്ലാ പൗരന്മാരും ക്ഷമയും സംയമനവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയപ്പെട്ട സേനകളുടെയും ഫാസിസ്റ്റ് ഭീകരരുടെയും ശത്രുവാണ് ഹാദിയെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകാരികളെ ഭയപ്പെടുത്താനുള്ള അവരുടെ ദുഷ്ട ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'രക്തസാക്ഷി' എന്നാണ് ഹാദിയെ ധാക്ക യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ ലിബറേഷന്‍ വാര്‍ അഫയേഴ്‌സ് സെക്രട്ടറി കൂടിയായ ഇന്‍ക്വിലാബ് മഞ്ച പാര്‍ട്ടി നേതാവ് നേതാവ് ഫാത്തിമ തസ്‌നിം സുമ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം
ഹാദിയുടെ മരണം ബംഗ്ലാദേശില്‍ ഉടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ധാക്കയിലെ ഷാബാഗില്‍ ആയിരകണക്കിന് ആളുകള്‍ ഒത്തുകൂടി. ഹാദിക്ക് സംരക്ഷണം നല്‍കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടതായി ആരോപിച്ച് പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രകടനങ്ങള്‍ പെട്ടെന്ന് സംഘര്‍ഷഭരിതമായി. രാജ്യത്തെ പ്രമുഖ ദിനപത്രങ്ങളായ പ്രഥം ആലോയുടെയും ദി ഡെയ്‌ലി സ്റ്റാറിന്റെയും ഓഫീസുകള്‍ പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു.
പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈനികരെയും അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിട്ടില്ല. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്ഷാഹിയില്‍ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ വസതിക്കും അവാമി ലീഗ് ഓഫീസിനും പ്രതിഷേധക്കാര്‍ തീയിട്ടു. ഇത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. ചാറ്റോഗ്രാമിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. അവിടെ അവര്‍ കല്ലെറിയുകയും ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ധാക്ക സര്‍വകലാശാല ക്യാമ്പസില്‍ ജതിയ ഛത്ര ശക്തി വിദ്യാര്‍ത്ഥി സംഘടന വിലാപ യാത്ര നടത്തി. ആഭ്യന്തര ഉപദേഷ്ടാവ് മുന്‍ ലെഫ്റ്റനന്റ് ജനറല്‍ ജഹാംഗീര്‍ ആലം ചൗധരിയുടെ പ്രതിമ കത്തിച്ചു. ഹാദിയുടെ അക്രമികളെ അറസ്റ്റു ചെയ്യാത്തതിന് അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മുഖ്യ പ്രതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ചൗധരി 50 ലക്ഷം ടാക (ബംഗ്ലാദേശ് കറന്‍സി) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഫോയ്‌സല്‍ കരീം മസൂദിന്റെ മാതാപിതാക്കളെയും ഭാര്യയെയും ഒരു വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഹാദിയുടെ മൃതദേഹം ധാക്കയില്‍ എത്തിക്കുന്നതിനു മുന്നോടിയായി വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പലസ്ഥലത്തും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
