1986ലാണ് വെൻഡി സ്റ്റോക്ക്ടൺ റഷിനെ വിവാഹം കഴിച്ചത്. ഇവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, കഴിഞ്ഞ രണ്ട് വർഷമായി ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള മൂന്ന് ഓഷ്യൻഗേറ്റ് പര്യവേഷണങ്ങളുടെ ഭാഗമായിരുന്നു വെൻഡിയും. കമ്പനിയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എന്നതിന് പുറമേ, ഓഷ്യൻഗേറ്റിന്റെ ചാരിറ്റബിൾ ഫൗണ്ടേഷൻ ബോർഡ് അംഗമായും ഇവർ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇസിഡോറിന്റെയും ഐഡ സ്‌ട്രോസിന്റെയും ഉള്ളുലയ്ക്കുന്ന കഥ
ജർമ്മനിയിൽ ജനിച്ച ഇസിഡോറും ഐഡ സ്ട്രോസും കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഇസിഡോർ തന്റെ സഹോദരൻ നഥാനോടൊപ്പം പ്രശസ്തമായ ആർഎച്ച് മാസി ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ പാത്രങ്ങളും ഗ്ലാസ്വെയറുകളും മറ്റും വിൽക്കുന്ന ഒരു ബിസിനസ്സ് ആരംഭിച്ചിരുന്നു. നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരം അനുസരിച്ച് ഇസിഡോറും ഐഡയും ജന്മദേശമായ ജർമ്മനിയിൽ നിന്ന് അമേരിക്കയിലേയ്ക്ക് മടങ്ങവെയാണ് കപ്പൽ അപകടത്തിൽ ഉൾപ്പെട്ടത്. ഐഡയുടെ പുതിയ പരിചാരക എലൻ ബേർഡ്, ഇസിഡോറിന്റെ വിശ്വസ്ത പരിചാരകൻ ജോൺ ഫാർതിംഗ് എന്നിവരോടൊപ്പമാണ് ഇരുവരും ജർമ്മനിയിൽ നിന്ന് ടൈറ്റാനിക്കിൽ യാത്ര ആരംഭിച്ചത്.
advertisement
ജർമ്മൻ കപ്പലുകളാണ് പതിവായി ഇവർ യാത്രയ്ക്ക് തിരഞ്ഞെടുക്കാറെങ്കിലും അന്ന് ആഢംബരക്കപ്പലായ ടൈറ്റാനിക്ക് തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച ആ നിർഭാഗ്യകരമായ രാത്രിയിൽ ഇസിഡോറിനും ഐഡയ്ക്കും രക്ഷപ്പെടാനായി ലൈഫ് ബോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇസിഡോർ ലൈഫ് ബോട്ടിൽ കയറാൻ തയ്യാറായില്ല. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള മറ്റുള്ളവർക്കായി അദ്ദേഹം ഒഴിഞ്ഞു നിന്നു. ഐഡയും തന്റെ ഭർത്താവിനൊപ്പം തന്നെ ഉറച്ചു നിന്നു. എന്നാൽ തന്റെ പരിചാരകയായ എലന്റെ സുരക്ഷ ഐഡ ഉറപ്പാക്കിയിരുന്നു. അവരെ ലൈഫ് ബോട്ടിൽ കയറ്റി വിട്ടു. ഐഡയുടെ രോമക്കുപ്പായം ഊരി എലന് നൽകുകയും ചെയ്തു.
ടൈറ്റാനിക് മുങ്ങുന്നതിന് മുമ്പുള്ള അവസാന ചിത്രത്തിൽ ഇസിഡോറും ഐഡയും കപ്പലിന്റെ ഡെക്കിൽ ഉണ്ടായിരുന്നു. തിരമാല അവരുടെ മേൽ ആഞ്ഞടിക്കുന്നതിന് മുമ്പ് ഇരുവരും കൈകൾ മുറുകെ കോർത്തു പിടിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ന്യൂയോർക്കിലെ വുഡ്‌ലോൺ സെമിത്തേരിയിലാണ് ഇസിഡോർ അന്ത്യ വിശ്രമംകൊള്ളുന്നത്. ഇസിഡോറിന്റെ ശരീരം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഐഡയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. കപ്പൽ ദുരന്തത്തിൽ നിന്ന് ഈ ദമ്പതികൾ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ എലെൻ ബേർഡ് പിന്നീട് 1949 വരെ ജീവിച്ചിരുന്നു. എന്നാൽ ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന ജോൺ ഫാർതിംഗ് കപ്പൽ അപകടത്തിൽ മരിച്ചു. ഫാർതിംഗിന്റെ മൃതദേഹവും കണ്ടെത്താനായില്ല.
ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന സിനിമയിൽ ചിത്രീകരിച്ച രംഗം
1997ൽ ടൈറ്റാനിക് ദുരന്തത്തെക്കുറിച്ചുള്ള തന്റെ സിനിമയിൽ സംവിധായകൻ ജെയിംസ് കാമറൂൺ ഈ ദമ്പതികളുടെ കഥയും ചിത്രീകരിച്ചിരുന്നു. സിനിമയിൽ കപ്പലിലെ ക്യാബിനിൽ വെള്ളം കയറുമ്പോൾ പ്രായമായ ദമ്പതികൾ ആലിംഗനം ചെയ്ത് കിടക്കുന്നത് അവിസ്മരണീയമായ ഒരു രംഗമാണ്. ഇസിഡോറിന്റെയും ഐഡയുടെയും മകൾ മിന്നിയുടെ മകൻ ഡോ. റിച്ചാർഡ് വെയ്‌ൽ ജൂനിയറിന്റെ മകൻ ഡോ. റിച്ചാർഡ് വെയ്‌ൽ മൂന്നാമനാണ് വെൻഡി റഷിന്റെ പിതാവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരച്ചിൽ ശക്തം
നൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളുമായി പോയ ടൈറ്റൻ എന്ന അന്തര്‍വാഹിനിയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ചാണ് അന്തര്‍വാഹിനി കാണാതായത്. ഇതുവരെയും അന്തർവാഹിനി കണ്ടെത്താനായിട്ടില്ല. ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അന്തർവാഹിനിയിൽ യാത്രക്കാർക്കായുള്ള ഓക്സിജൻ അവശേഷിക്കുന്നത്. രക്ഷാപ്രവർത്തകർ അന്തർവാഹിനി അപ്രത്യക്ഷമായ സ്ഥലത്തേക്ക് കൂടുതൽ കപ്പലുകളും മറ്റും എത്തിച്ചിട്ടുണ്ട്.
ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായി ഷഹ്സാദാ ദാവൂദും മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റന്‍ അന്തർവാഹിനിയിലുള്ളത്. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഇതുവരെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചവർ പോലും ഇപ്പോൾ നിരവധി തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്ന സൂചനകളാണ് നൽകുന്നത്.
അന്തർവാഹിനിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നത് മുതൽ രക്ഷാപ്രവർത്തന ഉപകരണങ്ങൾ ഉപയോഗിച്ച് ഉപരിതലത്തിലേക്ക് കൊണ്ടുവരുന്നത് വരെ നിരവധി തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യാത്രക്കാർക്കായുള്ള ഓക്സിജൻ വിതരണം തീരുന്നതിന് മുമ്പ് തന്നെ ഇതെല്ലാം സംഭവിക്കുകയും വേണം. സമുദ്രത്തിന് 13,200 അടി (4,020 മീറ്റർ) താഴെ യു.എസ് സംസ്ഥാനമായ കണക്റ്റിക്കട്ടിന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശത്തോളം തിരച്ചിൽ നടത്തി കഴിഞ്ഞു. അന്തർവാഹിനിയിലുള്ള അഞ്ച് യാത്രക്കാരെയും രക്ഷിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഇപ്പോഴും അധികൃതറെന്ന് ഫസ്റ്റ് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ്, ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു.