കടന്നു പോയ ഒരു നിമിഷത്തെ മൂല്യം തിരിച്ചറിയാൻ പഴയ ഒരു ഫോട്ടോ മാത്രം മതിയാകും. ഒരു വാക്കോ കുറിപ്പോ ഇല്ലാതെ തന്നെ ഓർമകളുടെ പെട്ടി തുറന്ന് കഴിഞ്ഞ കാലത്തെ സന്തോഷവും വേദനയും അതേ തീവ്രതയിൽ അറിയിക്കാനുള്ള കഴിവ് ഒരു ഫോട്ടോയ്ക്കുണ്ട്.
ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നതിനപ്പുറം മനുഷ്യനുമായി വൈകാരികമായി അത്രയേറെ അടുത്തു നിൽക്കുന്നതാണ് ഫോട്ടോഗ്രഫി.
സ്മാർട് യുഗത്തിൽ മികച്ച ഫോട്ടോ ലഭിക്കാൻ സെക്കന്റുകൾ മാത്രം മതി. എന്നാൽ ദിവസത്തിന്റെ മുക്കാൽ ഭാഗവും ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ചെലവിടേണ്ടി വന്ന കാലവും ഫോട്ടോഗ്രഫിക്കുണ്ടായിരുന്നു. ഡാഗുറേ ടൈപ്പിൽ നിന്നും സെൽഫി കാലം വരെയുള്ള ചരിത്രത്തിൽ ഫോട്ടോഗ്രഫി രംഗത്തുണ്ടായ മാറ്റങ്ങൾ അനവധിയാണ്.
advertisement
ഡാഗുറേ ടൈപ്പിന്റെ കണ്ടുപിടുത്തത്തിന് ശേഷമാണ് ഫോട്ടോഗ്രഫി ദിനം ആചരിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രഫി രംഗത്തെ നിർണായക ചുവടുവെപ്പായിരുന്നു ഡാഗുറേ. 1837 ൽ ലൂയിസ് ഡാഗുറേ എന്ന ഫ്രഞ്ചുകാരനാണ് ഡാഗുറേടൈപ്പ് കണ്ടുപിടിക്കുന്നത്.
സിൽവർ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റിൽ ഒരു വസ്തുവിന്‍റെ പ്രതിബിംബം കൃത്യമായി മിനിറ്റുകൾക്കുള്ളിൽ പതിപ്പിക്കുന്നതിനും പിന്നീട് പ്രതിബിംബം പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിക്കാൻ കഴിയുമെന്നുമായിരുന്നു കണ്ടുപിടുത്തം. ഇതോടെ ഫോട്ടോഗ്രഫി കൂടുതൽ ജനകീയമായി.
ഡാഗുറേ കണ്ടുപിടുത്തത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം 1839 ജനുവരി 9 ൽ ഫ്രഞ്ച് സയൻസ് അക്കാദമി ഡാഗുറേടൈപ്പ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് ഏഴു മാസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 19 നാണ് ലോകത്തിന് ലഭിച്ച സമ്മാനമാണ് ഡാഗുറേ ടൈപ്പ് എന്ന് ഫ്രഞ്ച് സർക്കാർ വിശേഷിപ്പിക്കുന്നത്. ഫോട്ടോഗ്രഫി ദിനമായി ഓഗസ്റ്റ് 19 ആചരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
2009 ൽ ഓസ്ട്രേലിയൻ ഫോട്ടോഗ്രഫറായ കോർസ്ക് അരായാണ് ലോക ഫോട്ടോഗ്രഫി ദിനത്തെ കുറിച്ചുള്ള പദ്ധതിയുമായി മുന്നോട്ടുവരുന്നത്. ഇതിന് പിന്നാലെ, 2010 ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ അന്താരാഷ്ട്ര ഓൺലൈൻ ഗാലറിയും സംഘടിപ്പിച്ചു.
മികച്ച സ്മാർട്ഫോണുള്ള ഓരോരുത്തരും ഫോട്ടോഗ്രാഫർമാരായി കൊണ്ടിരിക്കുന്ന കാലമാണിത്. ഫോട്ടോഗ്രഫിയിൽ സാങ്കേതികത അത്രയധികം വികസിച്ചുകൊണ്ടിരിക്കുകയാണ്.
ക്യാമറയെ ജീവനേക്കാൾ സ്നേഹിച്ച ഒരുപാടു പേർ നമുക്കിടയിലുണ്ട്. സ്വന്തം ജീവൻ നഷ്ടമാകുമ്പോഴും ക്യാമറയെ നെഞ്ചോടു ചേർത്തവരും. ചിത്രരൂപത്തിൽ അവർ കരുതിവെച്ച ജീവന്റെ തുടിപ്പാണ് ഇന്നും നമുക്കൊപ്പമുള്ളത്. ഈ ദിനം അവർക്കു വേണ്ടി കൂടിയുള്ളതാണ്.