ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്റാൻ മംദാനി വ്യാഴാഴ്ച പുലർച്ചെ സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനില് നടന്ന ചടങ്ങിൽ ഖുറാനില്‍ കൈ വച്ചാണ് മംദാനി സത്യവാചകം ചൊല്ലിയത്. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യുയോർക്കിന്റെ ആദ്യത്തെ മുസ്ലീം മേയറാണ് സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് സത്യവാചകം ചൊല്ലിക്കൊടുത്തു.ജീവിതത്തിലെ വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു. ന്യുയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34 കാരനായ സൊഹ്റാൻ മംദാനി.
advertisement
1904ല്‍ നിര്‍മിച്ച് 1945ല്‍ ഉപേക്ഷിക്കപ്പെട്ട പഴയ 'സിറ്റി ഹാള്‍' സബ്‌വേ സ്റ്റേഷന്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തെയും പ്രതാപത്തെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെയും അടയാളപ്പെടുത്തുന്ന സ്ഥലം എന്ന നിലയ്ക്ക് ശ്രദ്ധേയമാണ്.താൻ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിടുന്ന പൗര അഭിലാഷത്തിന്റെ പഴയ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് സബ്‌വേ സ്റ്റേഷന്‍ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്തതെന്ന് മംദാനി പറഞ്ഞു.
എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്രസംവിധായിക മീരാ നായരുടെയും മകനായ സൊഹ്റാന്‍ മംദാനി ഉഗാണ്ടയിലെ കമ്പാലയിലാണ് ജനിച്ചത്.മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. 2018 ൽ അദ്ദേഹം ഒരു അമേരിക്കൻ പൗരനായി.
ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സൊഹ്റാന്‍ മംദാനി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ന്യൂയോര്‍ക്ക് മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം സിറ്റി ഹാളിൽ നടക്കുന്ന പൊതു ചടങ്ങിൽ മംദാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ദീർഘകാല രാഷ്ട്രീയ ഉപദേഷ്ടാവായ യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സ് ചടങ്ങിന് നേതൃത്വം നൽകും
