Devi Chandana:'കഴിഞ്ഞ ഒരു മാസമായി ആശുപത്രി കിടക്കയിൽ;ശരീരം നൽകുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്'; ദേവി ചന്ദന
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ ഗുരുതരാവസ്ഥയെ നിസാരവത്കരിച്ച ചിലരുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചതായി നടി
advertisement
1/5

നടിയും നർത്തകിയുമായ ദേവി ചന്ദന (Devi Chandana) താൻ നേരിട്ട ഗുരുതരമായ ആരോഗ്യപ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞു. ഹെപ്പറ്റൈറ്റിസ് എ (Hepatitis A) രോഗബാധയെത്തുടർന്ന് തനിക്ക് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും (ഐസിയു) കഴിയേണ്ടി വന്നുവെന്നാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഏറെക്കാലമായി സീരിയൽ രംഗത്ത് സജീവമായ ദേവി ചന്ദനയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. "ഒരു മാസത്തോളം ആശുപത്രിയിൽ ആയിരുന്നു. ചെറിയ ശ്വാസംമുട്ടലാണ് ആദ്യം അനുഭവപ്പെട്ടത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ ക്രമാതീതമായി വർദ്ധിക്കുകയും തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു," ദേവി ചന്ദന പറഞ്ഞു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ താൻ ഏകദേശം ഭേദമായി വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
2/5
കോവിഡ്, എച്ച്വണ്‍എന്‍വണ്‍ തുടങ്ങിയ രോഗങ്ങളെ അതിജീവിച്ചതിനെക്കുറിച്ചും നടി ഓർത്തെടുത്തു. "കോവിഡ് വന്നപ്പോൾ അതായിരിക്കും ഏറ്റവും കടുപ്പമേറിയ കാലം എന്ന് കരുതി. ആറുമാസം കഴിഞ്ഞപ്പോൾ എച്ച്വണ്‍എന്‍വണ്‍ വന്നു. അപ്പോൾ തോന്നി കോവിഡ് എത്രയോ ഭേദമായിരുന്നുവെന്ന്. പക്ഷേ, ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു," അവർ വിവരിച്ചു. രോഗം ബാധിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും താരം സംസാരിച്ചു. "ഞാൻ ഒറ്റയ്ക്ക് എവിടേയും യാത്രചെയ്തിട്ടില്ല. മൂന്നാറിലും മുംബൈയിലും ഷൂട്ടിങ്ങിനുമെല്ലാം പോയപ്പോൾ കൂടെ ആളുണ്ടായിരുന്നു. എന്റെ 'ഭയങ്കര പ്രതിരോധശേഷി' കൊണ്ടാവാം എനിക്കുമാത്രം അസുഖം വന്നത്. എനിക്ക് മാത്രം അസുഖം വന്നതിൽ ചെറിയ വിഷമമുണ്ട്," ദേവി ചന്ദന തമാശരൂപേണ പറഞ്ഞു.
advertisement
3/5
നടിയുടെ അവസ്ഥയെക്കുറിച്ച് ഭർത്താവ് കിഷോർ പറഞ്ഞത് ഇങ്ങനെ, "കഴിഞ്ഞ മാസം 26-ന് രാത്രി അഡ്മിറ്റായി. അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. സംസാരമില്ല, എഴുന്നേൽക്കില്ല, ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആവുകയും എൻസൈംസൊക്കെ ആറായിരമൊക്കെ ആവുകയും ചെയ്തു." രോഗം വന്നതിനെ തുടർന്ന് കുട്ടികളുടെ അരങ്ങേറ്റത്തിലും നവരാത്രി പരിപാടികളിലും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും മൂന്നാഴ്ചയോളമായി ഫോൺ ഉപയോഗിച്ചിട്ട് എന്നും ദേവി ചന്ദന ദുഃഖത്തോടെ കൂട്ടിച്ചേർത്തു.
advertisement
4/5
തന്റെ ഗുരുതരാവസ്ഥയെ 'വെറുമൊരു മഞ്ഞപ്പിത്തം' എന്ന് നിസ്സാരവത്കരിച്ച ചിലരുടെ പ്രതികരണങ്ങൾ വേദനിപ്പിച്ചതായും അവർ വ്യക്തമാക്കി. രോഗങ്ങൾ ഓരോ വ്യക്തിയേയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെന്ന് കിഷോർ ഓർമിപ്പിച്ചു. നിലവിൽ ഉപ്പും എണ്ണയും തേങ്ങയും ഒഴിവാക്കിയുള്ള കർശനമായ ഭക്ഷണക്രമം തുടരുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒന്നര മാസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ ഭക്ഷണത്തെക്കുറിച്ചും വെള്ളത്തെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നും ഒരു ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമായും എടുക്കണമെന്നും ദേവി ചന്ദനയും കിഷോറും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
advertisement
5/5
കുടുംബാംഗങ്ങൾ, 'അമ്മ' താരസംഘടന, ഡോക്ടർമാർ, നഴ്സുമാർ, സുഹൃത്തുക്കൾ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ എന്നിവരിൽ നിന്നെല്ലാം വലിയ പിന്തുണ ലഭിച്ചതായും അവർ നന്ദിയോടെ സ്മരിച്ചു. "തിരിച്ചുവരും. ഓൺ ദ വേ ആണ്. രണ്ടാഴ്ചയും കൂടെ കഴിഞ്ഞാൽ പൂർവ്വാധികം ശക്തിയായിട്ട് വരും. പ്രാർഥിച്ചവർക്കെല്ലാം നന്ദി. ആർക്കും അസുഖങ്ങൾ വരാതിരിക്കട്ടെ," എന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന തന്റെ വ്ളോഗ് അവസാനിപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Devi Chandana:'കഴിഞ്ഞ ഒരു മാസമായി ആശുപത്രി കിടക്കയിൽ;ശരീരം നൽകുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്'; ദേവി ചന്ദന