മലയാള സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമോ ചട്ടയും മുണ്ടുമുടുത്ത അമ്മയുമുണ്ടോ? നടി ഗായത്രി വർഷ

Last Updated:

ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറയുന്നു

മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന് നടി ഗായത്രി വർഷ.​ മീശ മാധവനിലെ പട്ടാളം പുരുഷുവിന്റെ ഭാര്യയായ സരസു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ഗായത്രി വർഷ. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടമുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറയുന്നു.
എല്ലാവരും പ്രൊപഗാണ്ടകൾ ഇറക്കുമ്പോൾ സത്യം പറയുന്നവന്റെ കൂടെ നിൽക്കാൻ ഒരു മാധ്യമം പോലും ഇല്ല. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഏറ്റവും മൂർത്തമായ കോർപറേറ്റ് സ്വഭാവങ്ങളുടെ കഴുകാൻ കാലുകളിലെ നഖങ്ങൾ നമ്മുടെ സാംസ്‌കാരിക ഇടങ്ങളിലേക്ക് ആഴത്തിൽ പോയിട്ട് നമ്മളെ കൊത്തിവലിച്ച് എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ച് നമ്മുടെ തൊണ്ടയ്ക്ക് ശബ്ദമില്ലാതാക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്രമോദി രണ്ടാമത് അധികാരത്തിൽ ഏറിയതിനു ശേഷം ഒരു സാംസ്കാരിക നയം നടപ്പാക്കി കഴിഞ്ഞു. ഒരാളും അത് അറിഞ്ഞിട്ടില്ല. ഒരു ദിവസം 35 ഓളം സീരിയലുകൾ കാണിക്കുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, അവർ നമ്മളെ കാണിക്കുന്നു എന്നാണ്.
advertisement
'ഏതെങ്കിലും സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു പള്ളീലച്ചനുണ്ടോ? ഒരു ദലിതനുണ്ടോ? മാറ് മുറിച്ച് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനിൽ നമ്മൾ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്?', അവർ ചോദിച്ചു.
എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. നല്ല ആർജവമുള്ള പെണ്ണായിരുന്നില്ലേ അവൾ. അങ്ങനൊരു നായികയെ നിങ്ങൾ ഏതെങ്കിലും സീരിയയിൽ കാണുന്നുണ്ടോ? സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊന്നുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്. പൊട്ട് തൊടുവിച്ച് പട്ടുസാരി ഉടുപ്പിച്ച് സിന്ദൂരക്കുറിയണിയിച്ച് ആണ് അവളെ ഇറക്കുന്നത്. ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല.
advertisement
ഒരു ട്രയാങ്കിൾ ആണ് എല്ലാം തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികൾക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോർപ്പറേറ്റുകൾ. ഇതിൽ രണ്ടോ മൂന്നോ കോർപ്പറേറ്റുകൾ കാര്യങ്ങൾ തീരുമാനിക്കും. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തിൽ നമ്മുടെ പല ചാനലും കാണും. അങ്ങനെ ബാക്കിയുള്ള ചാനലുകളിലും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോർപറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതും.
advertisement
ഗവൺമെന്റിന്റെ ഗ്യാരന്റിയിലാണ് കോർപറേറ്റുകൾ പൈസ നൽകുന്നത്. ഗവൺമെന്റ് കോർപറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്ര മോദിയുടെ ഭരണകൂടം കോർപറേറ്റ് ലോകത്തിനു മുന്നിൽ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും നമ്മുടെ സാംസ്‌കാരിക ലോകത്തെ കോർപറേറ്റുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കുകയും ചെയ്യുന്നു. എന്ത് കാണിക്കണം ടിവിയിൽ എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോർപറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും സിനിമകളും പാട്ടുകളും കാണിക്കുക എന്നതാണ് ഒന്നാമത്തെ ആവശ്യം. പ്രൊപ്പഗണ്ട വാർത്തകൾ മാത്രമേ കാണിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊന്ന്. അമേരിക്കയെന്ന ലോക ബോംബിന് വേണ്ടി, ലോക ആയുധ കച്ചവടത്തിന് വേണ്ടി ഇന്ത്യ കൂട്ടുനിൽക്കുകയാണെന്ന് പറയുന്ന ഏതെങ്കിലുമൊരു ചാനലിനെ നമ്മളിവിടെ കണ്ടോ?
advertisement
നമ്മുടെ നാട്ടിൽ കല്യാണത്തിന് മുമ്പ് ഹൽദി ഉണ്ടായിരുന്നോ? മെഹന്ദി ഉണ്ടോയിരുന്നോ, അത് മലബാർ സൈഡുകളിലുണ്ടായിരുന്നു. കല്യാണത്തിന് ചിലവഴിക്കുന്ന ഈ പണമെല്ലാം കോർപറേറ്റിലേക്കാണ് എത്തുന്നത്. മലയാള സീരിയലിൽ ഉടുക്കാൻ ഞാൻ എത്ര മഞ്ഞ സാരി വാങ്ങിയെന്ന് അറിയുമോ.. ഒരു സീരിയലിൽ ഉപയോ​ഗിച്ചത് മറ്റൊരു സീരിയലിൽ ഉപയോ​ഗിക്കരുത്. അതെല്ലാം വീട്ടിൽ വെറുതേ ഇരിക്കുകയാണ്. ആർക്കെങ്കിലും വേണമെങ്കിൽ തരാം. ഈ പൈസയെല്ലാം ഇറങ്ങുന്നത് മാർക്കറ്റിലേക്കാണ്. ഒരു സീരിയലിൽ അഭിനയിച്ചാൽ എനിക്ക് 7500 കിട്ടുമെങ്കിൽ 10000-ന്റെ സാരി വാങ്ങണം. ഇതെല്ലാം കോർപറേറ്റുകൾക്കാണ് പോകുന്നത്. ഇങ്ങനെയാണെങ്കിൽ ഞാൻ എവിടെ പോയി ജീവിക്കും, ​ഗായത്രി പറഞ്ഞു.
advertisement
അതൊന്നും പറയാതെ, കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരനല്ലാതെ ജയിലിൽ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോൾ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ പ്രായത്തിന്റെ ബുദ്ധിമുട്ട് വകവയ്ക്കാതെ നടത്തുന്ന യാത്ര, മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണ്. ഇത്തരം വാർത്തകൾ കാണിച്ചാൽ അതിന്റെ പ്രതിഫലം കോർപറേറ്റുകൾ തരും. അപ്പൊ ഈ ട്രയാങ്കിൾ ആരാണ് വരക്കുന്നത്. അത് കേന്ദ്ര ഗവണ്മെന്റും കോർപറേറ്റുകളും കൂടിയാണ്.’’– ഗായത്രി വർഷ പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മലയാള സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമോ ചട്ടയും മുണ്ടുമുടുത്ത അമ്മയുമുണ്ടോ? നടി ഗായത്രി വർഷ
Next Article
advertisement
'വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാലവിധി പ്രതീക്ഷ നൽകുന്നത്': കെഎൻഎം
'വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാലവിധി പ്രതീക്ഷ നൽകുന്നത്': കെഎൻഎം
  • സുപ്രീംകോടതിയുടെ ഇടക്കാല വിധി വഖഫ് ഭേദഗതി ബില്ലിൽ പ്രതീക്ഷ നൽകുന്നതായി കെഎൻഎം അഭിപ്രായപ്പെട്ടു.

  • വഖഫ് സ്വത്തുക്കൾ പിടിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീംകോടതിയുടെ ഇടക്കാല വിധി തിരിച്ചടിയെന്ന് മദനി.

  • വഖഫ് സംവിധാനത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് മദനി ആവശ്യപ്പെട്ടു.

View All
advertisement