അഹമ്മദാബാദ് വിമാനാപകടം; കാമുകിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയുള്ള കാമുകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ആദ്യം സഹതാപം, പിന്നീട് വിമര്‍ശനം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദിവസങ്ങള്‍ക്കുള്ളിലാണ് കാമുകൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിനോടുള്ള ആളുകളുടെ മനോഭാവത്തിൽ മാറ്റം സംഭവിച്ചത്
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം അപകടത്തില്‍പ്പെട്ടതിന്റെ നടുക്കത്തിലാണ് രാജ്യം ഇപ്പോഴും. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും അപകടത്തല്‍ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ ഒരു യുവ എയര്‍ ഹോസ്റ്റസും ഉണ്ടായിരുന്നു. ഇവര്‍ വളര്‍ന്നുവരുന്ന യുവ കലാകാരന്‍ സാഗര്‍ പാട്ടീലിന്റെ കാമുകിയായിരുന്നു. വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത ദുഃഖം നേരിടുമ്പോള്‍ സാഗര്‍ പാട്ടീല്‍ തന്റെ കാമുകിയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ആരംഭത്തില്‍ വൈകാരികമായി എല്ലാവരെയും സ്പര്‍ശിച്ച കുറിപ്പുകള്‍ക്ക് സഹതാപത്തോടെയുള്ള പ്രതികരണങ്ങളാണ് സാഗറിന് ലഭിച്ചത്. എന്നാല്‍ പിന്നീട് കഥ മാറി. തുടക്കത്തില്‍ സാഗറിന്റെ വൈകാരിക കഥകള്‍ സോഷ്യല്‍മീഡിയയുടെ കണ്ണുനിറയിച്ചു. ഹൃദയഭേദകമായ കുറിപ്പുകളും കാവ്യാത്മകമായ അടിക്കുറിപ്പുകളും പഴയ ഓര്‍മ്മകളും നിറഞ്ഞ പോസ്റ്റുകള്‍ ആളുകളെ സ്പര്‍ശിച്ചു. കാമുകിയുടെ മരണത്തില്‍ വേദനിക്കുന്ന അദ്ദേഹത്തിന്റെ ദുഃഖം സ്വന്തം വേദനയായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഏറ്റെടുത്തു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ സാഗറിന്റെ പോസ്റ്റിനോടുള്ള ആളുകളുടെ മാനസികാവസ്ഥയില്‍ മാറ്റം സംഭവിച്ചു.
വ്യക്തിപരവും നിശബ്ദവുമായി തോന്നിയ സാഗറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒരു നാടകീയ സ്വഭാവം വന്നതോടെയായിരുന്നു ഇത്. സാഗറിന്റെ സോഷ്യല്‍ മീഡിയ എക്കൗണ്ടിന് നേരെ വെരിഫൈഡ് നീല ടിക്ക് പ്രത്യക്ഷപ്പെട്ടു. മരണപ്പെട്ട കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
advertisement
കാമുകിയുടെ മരണത്തില്‍ ദുഃഖിക്കുന്ന റീലുകള്‍ എഡിറ്റ് ചെയ്തും ട്രെന്‍ഡിങ് ഓഡിയോ തിരുകികയറ്റിയും സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂട്ടാനുള്ള ശ്രമങ്ങളാണ് ഒരിക്കല്‍ ഉണ്ടായിരുന്ന സഹതാപ തരംഗത്തെ പെട്ടെന്ന് മാറ്റിയത്. സാഗറിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു. ദുഃഖം രേഖപ്പെടുത്തുന്ന പോസ്റ്റുകളിലെ പെട്ടെന്നുള്ള പ്രൊഫഷണലിസം ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കി.
സാഗറിന്റെ പോസ്റ്റിന് താഴെയുള്ള പ്രതികരണങ്ങളില്‍ പരിഹാസവും വിമര്‍ശനവും രോഷവും ആളുകള്‍ രേഖപ്പെടുത്തി. മരണപ്പെട്ട പെണ്‍കുട്ടിയെ ഇവന്‍ സ്‌നേഹിച്ചിരുന്നുവെന്ന് കരുതിയെന്നും എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പ്രശസ്തിക്കുവേണ്ടിയുള്ള ഒരു തന്ത്രം മാത്രമാണെന്ന് തോന്നുന്നുവെന്നും ഒരാള്‍ കുറിച്ചു. ഇത്തരമൊരു നഷ്ടം സംഭവിച്ചതിന് ശേഷം ആരാണ് നീല ടിക്ക് വാങ്ങുക എന്നായിരുന്നു മറ്റൊരു പരിഹാസം. കാമുകിയുടെ മരണത്തില്‍ ഇത്രയും വേദനയുണ്ടെങ്കില്‍ എക്കൗണ്ട് പ്രൈവറ്റ് ആക്കുക, എന്തിനാണ് ഈ ഡിജിറ്റല്‍ നാടകം എന്നായിരുന്നു മറ്റൊരു പ്രതികരണം.
advertisement
ഓണ്‍ലൈനില്‍ ദുഃഖം രേഖപ്പെടുത്തി എന്നതായിരുന്നില്ല പലര്‍ക്കും പ്രശ്‌നം. അത് എങ്ങനെ എന്നതായിരുന്നു. സാഗറിന്റെ പോസ്റ്റുകളിലെ വൈകാരികത, അപ്‌ഡേറ്റുകളുടെ ആവൃത്തി, പൊതു ഇടപെടല്‍ എന്നിവ ആളുകളില്‍ സംശയവും ചോദ്യങ്ങളും ഉയര്‍ത്തി. 'വൈകാരിക ചൂഷണം' എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. വിമാന ദുരന്തത്തെ സഹതാപം സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാക്കി മാറ്റിയതായിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും സാഗര്‍ ഇതിനോട് പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൗനം ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുക മാത്രമേ ചെയ്തുള്ളു. എന്നിരുന്നാലും സമീപകാലത്ത് കണ്ടുവരുന്ന ദുഃഖത്തിന്റെ ഡിജിറ്റല്‍ പ്രകടനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം തിരികൊളുത്തി. സോഷ്യല്‍ മീഡിയ യുഗത്തില്‍ വ്യക്തിപരമായ സ്വകാര്യ ദുഃഖങ്ങള്‍ ഇല്ലാതാകുകയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഒരാളുടെ വേദന കൈകാര്യം ചെയ്യുന്ന രീതി വിലയിരുത്തുന്നത് ന്യായമാണോ? അതോ വ്യക്തിപരമായ ദുഃഖം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പ്രക്ഷേപണം ചെയ്യുമ്പോള്‍ പരിധികളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും ഈ സംഭവം ഉയര്‍ത്തുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 23, 2025 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അഹമ്മദാബാദ് വിമാനാപകടം; കാമുകിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയുള്ള കാമുകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ആദ്യം സഹതാപം, പിന്നീട് വിമര്‍ശനം