പ്രകൃതി (Nature) ഓരോ ജീവജാലത്തിനും പ്രത്യേക കഴിവുകൾ നൽകിയിട്ടുണ്ട്. ഓരോ ജീവിയും ജീവിക്കുന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കടുത്ത ചൂട് കാലാവസ്ഥയിൽ ജീവിക്കുന്ന ജീവികളും കൊടും തണുപ്പിൽ മാത്ര ജീവിക്കുന്ന ജീവികളുമൊക്കെ ലോകത്തുണ്ട്. അവയ്ക്ക് അതിനനുസരിച്ചുള്ള ശരീര പ്രകൃതിയും കഴിവുകളും ഉണ്ടാവുകയും ചെയ്യും. ലോകത്തിലെ വളരെ വ്യത്യസ്ത ജീവികളിലൊന്നാണ് പെൻഗ്വിൻ (Penguin). ഉപ്പ് കൂടിയ വെള്ളത്തെ (Salt Water) ശുദ്ധജലമാക്കാൻ (Fresh Water) ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. അത് എങ്ങനെയാണ് ചെയ്യുന്നതെന്നറിയാമോ?
ശുദ്ധമായ നല്ല തെളിഞ്ഞ വെള്ളത്തിനടുത്ത് ജീവിക്കാൻ പോലും ലോകത്തെ ഭൂരിപക്ഷം പെൻഗ്വിനുകൾക്കും സാധിക്കില്ല. അൻറാർട്ടിക്കയിലെ പെൻഗ്വിനുകൾക്ക് ഒന്നുകിൽ ഐസിൽ ജീവിക്കുക അല്ലെങ്കിൽ ഉപ്പുവെള്ളത്തിൽ ജീവിക്കുക എന്നീ രണ്ട് സാധ്യതകൾ മാത്രമാണുള്ളത്. ഉപ്പുവെള്ളത്തിൽ ജീവിക്കുന്നതാണ് അവയ്ക്ക് കൂടുതൽ എളുപ്പം. ഉപ്പുവെള്ളം എവിടെയും എത്ര വേണമെങ്കിലും കിട്ടുമെന്നതാണ് ഇതിന് പ്രധാന കാരണം. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന പെൻഗ്വിനുകൾ നന്നായി ഉപ്പുവെള്ളം കുടിക്കുകയും ചെയ്യും.
ഉപ്പുവെള്ളം നന്നായി കുടിക്കുന്നതിനാൽ പെൻഗ്വിൻെറ ശരീരത്തിൽ ഉപ്പിൻെറ അളവും വല്ലാതെ വർധിക്കുമെന്നുറപ്പാണ്. ഇങ്ങനെ ഉപ്പ് കൂടിയിട്ടും പെൻഗ്വിനുകൾ എങ്ങനെ ജീവിക്കുന്നുവെന്ന് തീർച്ചയായും നിങ്ങൾക്ക് ആശങ്ക തോന്നാം. പെൻഗ്വിനുകൾക്ക് ശരീരത്തിൽ സാധാരണയിൽ കൂടുതൽ ഉപ്പ് വേണമെന്നതാണ് ഒരു കാര്യം. അവയുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇത് ആവശ്യമാണ്. എന്നാൽ പോലും എപ്പോഴും ഉപ്പുവെള്ളത്തിൽ കഴിയുന്നതിനാൽ ഇവയുടെ ശരീരത്തിലെ ഉപ്പിൻെറ തോത് ക്രമാതീതമായി വർധിക്കാനുള്ള സാധ്യതയുമുണ്ട്. അമിതമായാൽ എന്തും ദോഷം ചെയ്യുമല്ലോ. പെൻഗ്വിനുകൾക്കും ഉപ്പ് അമിതമായാൽ പ്രയാസം തന്നെയാണ്.
പെൻഗ്വിനുകളുടെ കണ്ണിന് മുകളിലായി ഒരു പ്രത്യേക തരം ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിയാണ് രക്തത്തിലെ അമിതമായ സോഡിയം ക്ലോറൈഡ് പുറന്തള്ളാൻ പെൻഗ്വിനുകളെ സഹായിക്കുന്നത്. കിഡ്നിയെ പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. ശരീരത്തിൽ നിന്നും അമിതമായ ഉപ്പിനെ ഈ ഗ്രന്ഥി അനായാസം പുറന്തള്ളുന്നു. അതിനാൽ തന്നെ പെൻഗ്വിനുകൾക്ക് വേറെ ശുദ്ധമായ വെള്ളത്തിൻെറ ആവശ്യമില്ല. ഇതിൻെറ ശരീരത്തിൽ തന്നെ ഉപ്പ് അരിച്ച് മാറ്റി ശുദ്ധ വെള്ളമാക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. അപ്പോൾ പിന്നെ വേറെ ശുദ്ധ ജലത്തിൻെറ ആവശ്യം പെൻഗ്വിനുകൾക്കില്ല.
ഈ ഗ്രന്ഥികൾ ഉപ്പ് അരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മൂക്കിലൂടെയാണ് സോഡിയം ക്ലോറൈഡ് പെൻഗ്വിനുകൾ പുറന്തള്ളുന്നത്. ഉപ്പുവെള്ളത്തിൽ നിന്നുള്ള ഉപ്പിൻെറ അംശം ഗ്രന്ഥിയിലെ ഈർപ്പവുമായി ചേരുന്നു. പിന്നീട് മൂക്കിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. പെൻഗ്വിൻെറ മൂക്കിൽ നിന്ന് സ്രവം പുറത്തേക്ക് വരുന്നത് സാധാരണ കാണാം. ഇത് അമിതമായ ഉപ്പിൻെറ അംശം പുറത്തേക്ക് വിടുന്നതിൻെറ ഭാഗമായാണ്. ഉപ്പ് കുറയ്ക്കുക എന്ന ഒരൊറ്റ കാര്യത്തിന് വേണ്ടി മാത്രമാണ് പെൻഗ്വിനുകളുടെ കണ്ണിന് മുകളിൽ ഈ പ്രത്യേക ഗ്രന്ഥിയുള്ളത്. എത്രത്തോളം ഉപ്പുവെള്ളം കുടിച്ചാലും പെൻഗ്വിനുകൾ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നതിന് കാരണം ഈ കഴിവാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.