ലാപ്ടോപ്പിൽ കാപ്പി വീണു; കേടായ ലാപ്ടോപ്പ് നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട യുവതിയുടെ പരാതിയിൽ ആപ്പിളിന് അനുകൂല വിധി
- Published by:Vishnupriya S
- news18-malayalam
Last Updated:
1.74 ലക്ഷം വില വരുന്ന ആപ്പളിന്റെ മാക്ബുക്ക് പ്രോ ലാപ്ടോപിലാണ് കാപ്പി വീണത്
ഒരു കപ്പ് കാപ്പി യുവതിക്ക് വരുത്തി വെച്ചത് ലക്ഷങ്ങളുടെ നഷ്ടമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അബദ്ധത്തിൽ യുവതിയുടെ കയ്യിൽ നിന്ന് കാപ്പി കീബോർഡിൽ വീണതിനെ തുടർന്ന് ലാപ്ടോപ്പ് തകരാറിലായതാണ് സംഭവം. അതും ഏകദേശം 1.74 ലക്ഷം വില വരുന്ന ആപ്പളിന്റെ മാക്ബുക്ക് പ്രോ ലാപ്ടോപ് കൂടി ആണെങ്കിൽ പറയേണ്ടതില്ലല്ലോ. കഴിഞ്ഞ വർഷമാണ് ബാംഗ്ലൂർ സ്വദേശിയായ യുവതി ഇത് വാങ്ങിയത്. അന്ന് ലാപ്ടോപ്പിനായി 1,74,307 രൂപയും ആപ്പിൾ കെയർ പ്ലസ് കവറേജ് പ്ലാനിന് 22,900 രൂപയും ഇവർ മുടക്കിയിരുന്നു. അതിനാൽ ലാപ്ടോപ്പിന്റെ തകരാറ് പരിഹരിക്കുന്നതിനായി യുവതി ഉടൻ തന്നെ ആപ്പിൾ സ്റ്റോറിനെ സമീപിച്ചു.
എന്നാൽ ദ്രവരൂപത്തിലുള്ള വസ്തുക്കൾ മൂലം സംഭവിച്ച കേടുപാടുകൾ ആപ്പിൾ കെയർ പ്ലസിന് കീഴിൽ പരിഹരിക്കാൻ സാധിക്കില്ല എന്നായിരുന്നു ഷോപ്പ് ഉടമ നൽകിയ മറുപടി. തുടർന്ന് യുവതി പരാതിയുമായി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചു. ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐകെയർ ആംപിൾ ടെക്നോളജീസ്, ഇമാജിൻ സ്റ്റോർ എന്നിവയ്‌ക്കെതിരെ ആണ് പരാതി സമർപ്പിച്ചത്. പരാതിയിൽ അന്യായമായ വ്യാപാര രീതിയാണ് ഇവർ പിന്തുടരുന്നത് എന്ന ആരോപണങ്ങളും യുവതി ഉന്നയിച്ചു.
advertisement
എന്നാൽ ഖേദകരമെന്നു പറയട്ടെ, യുവതിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സംഭവത്തിൽ ആപ്പിൾ ഇന്ത്യയ്ക്ക് അനുകൂലമായാണ് ഉപഭോക്തൃ ഫോറം വിധിയെഴുതിയത്. ലാപ്ടോപ്പിന്റെ ആന്തരിക ഭാഗങ്ങളിലേക്ക് ദ്രാവകം എത്തി സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദി അല്ലെന്നായിരുന്നു ആപ്പിളിന്റെ വാദം. കേസിൽ പരാജയപ്പെട്ടെങ്കിലും യുവതി ആപ്പിളിന്റെ അംഗീകൃത സേവനങ്ങളുമായി ബന്ധപ്പെട്ടതിനാൽ കേടായ ലാപ്‌ടോപ്പ് ഫെബ്രുവരി 4 ന് ഇവർക്ക് ശരിയാക്കി നൽകി എന്നും റിപ്പോർട്ട് ഉണ്ട്.
അതേസമയം ബെംഗളൂരുവിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. നേരത്തെ കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സംഭവത്തിൽ ഐകിയയുമായി (IKEA) നടത്തിയ നിയമ പോരാട്ടത്തിൽ ബാംഗ്ലൂർ യുവതിയ്ക്ക് അനുകൂല വിധി വന്നിരുന്നു. 2022 ഒക്ടോബറിൽ ആണ് യുവതി പരാതി നൽകിയത്. പേപ്പർ ക്യാരി ബാഗിനായി യുവതിയുടെ പക്കൽ നിന്നും 20 രൂപ ബെംഗളുരുവിലെ ഐകിയയുടെ ഷോറൂമിൽ നിന്ന് ഈടാക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചതോടെ സ്ഥാപനത്തിന്റെ അന്യായ വ്യാപര രീതി ചൂണ്ടിക്കാട്ടി യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
January 06, 2024 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലാപ്ടോപ്പിൽ കാപ്പി വീണു; കേടായ ലാപ്ടോപ്പ് നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട യുവതിയുടെ പരാതിയിൽ ആപ്പിളിന് അനുകൂല വിധി