ഇന്റർഫേസ് /വാർത്ത /Buzz / 'ഈ തട്ടിപ്പ് സംഘവുമായുള്ള ബന്ധം അങ്ങ് അവസാനിപ്പിക്കണം; മുഴുവൻ കലാകാരന്മാര്‍ക്കും ഇത് അപമാനമാണ്'; മമ്മൂട്ടിയോട് സന്ദീപ് വാര്യർ

'ഈ തട്ടിപ്പ് സംഘവുമായുള്ള ബന്ധം അങ്ങ് അവസാനിപ്പിക്കണം; മുഴുവൻ കലാകാരന്മാര്‍ക്കും ഇത് അപമാനമാണ്'; മമ്മൂട്ടിയോട് സന്ദീപ് വാര്യർ

news18

news18

'ഈയിടെയായി അങ്ങ് സിനിമയിലെ ഒരു പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേയ്ക്ക് തന്നെയാണ്.'

  • Share this:

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദം വിടാതെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ.  സംഭവത്തില്‍ മമ്മൂട്ടിക്ക് ഫേസ്ബുക്കിൽ തുറന്ന കത്ത് പങ്കുവച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍.

കത്തിന്റെ പൂര്‍ണരൂപം

പ്രിയ മമ്മൂക്കക്ക് ഒരു തുറന്ന കത്ത്,

ഞാന്‍ അങ്ങയിലെ നടനെ ഇഷ്ടപ്പെടുന്ന ഒരു സിനിമ ആരാധകനാണ്. തനിയാവര്‍ത്തനവും സിബിഐ ഡയറിക്കുറിപ്പും വടക്കന്‍ വീരഗാഥയും ന്യൂഡല്‍ഹിയും ഒക്കെ കണ്ട് അങ്ങയുടെ അഭിനയ മികവിന് മുന്നില്‍ ആദരവോടെ നിന്നിട്ടുള്ള ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.

അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അങ്ങ് ചെയ്യുന്ന ധാരാളം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട് . അതിനോടെല്ലാം വലിയ ബഹുമാനമാണ് ഉള്ളത്.

എന്നാല്‍ ഈയിടെയായി അങ്ങ് സിനിമയിലെ ഒരു പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേയ്ക്ക് തന്നെയാണ്.

ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ബിജിബാല്‍, സയനോര, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ പ്രചരണാര്‍ത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നല്ലോ.

അങ്ങ് പ്രസ്തുത പരിപാടിയുടെ പ്രചരണം നിര്‍വഹിച്ചതോടെ അങ്ങയെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ആ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ഒരു തട്ടിപ്പായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അതു സംബന്ധിച്ച ഒരു വിശദീകരണം നല്‍കാന്‍ മമ്മൂക്കയും ബാധ്യസ്ഥനാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിക് അബുവും സംഘവും പണപ്പിരിവ് നടത്തുകയും തുക ദുരിതാശ്വാസനിധിയിലേക്ക് അടക്കാതിരിക്കുകയും ചെയ്തത്. കരുണ സംഗീതനിശയുമായി സഹകരിച്ച അങ്ങ് അടക്കമുള്ള മുഴുവന്‍ മലയാള സിനിമയിലെ കലാകാരന്മാര്‍ക്കും ഇത് വലിയ അപമാനമാണ്.

പ്രിയപ്പെട്ട മമ്മൂക്ക, അങ്ങയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് പറയട്ടെ, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം. പ്രളയ ദുരന്തത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഇക്കാര്യത്തില്‍ അങ്ങയുടെ ഒരു വിശദീകരണവും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

എന്ന് സ്‌നേഹപൂര്‍വ്വം

സന്ദീപ് ജി വാര്യര്‍

First published:

Tags: Aashiq Abu, Mammootty, Rima Kallingal, Sandeep warrier