വിവാഹ സല്‍ക്കാര ചടങ്ങില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ച വരനെതിരെ പരാതി നല്കി വധു. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. നവംബര്‍ 26നായിരുന്നു ഇരുവരുടെയും വിവാഹം. നംവബര്‍ 28ന് പവാസ ഗ്രാമത്തില്‍ വെച്ച് ഒരു വിവാഹ സല്‍ക്കാര ചടങ്ങും നടത്തിയിരുന്നു. വേദിയില്‍ ഇരിക്കുമ്പോഴാണ് വരന് വധുവിനെ ചുംബിച്ചത്. 300ഓളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വധുവിന് ഒട്ടും രസിച്ചില്ല. മാത്രവുമല്ല, അവള് വേദിയില്‍ നിന്നിറങ്ങി മുറിയിലേക്ക് പോകുകയും ചെയ്തു.
വീട്ടുകാര്‍ അവളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും വധു വിട്ടുകൊടുത്തില്ല. പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുമെന്ന തീരുമാനത്തില്‍ അവളും ഉറച്ചുനിന്നു. തനിക്ക് വരന്റെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്റെ വീട്ടില്‍ തന്നെ തുടരാനാണ് തീരുമാനം എന്നുമായിരുന്നു വധു പരാതിയില്‍ പറഞ്ഞത്. വരന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും 300 ആളുകളുടെ മുമ്പില്‍ വെച്ച് ഇത്തരമൊരു കാര്യം ചെയ്തയാള്‍ എങ്ങനെ മാറാനാണെന്നും വധുവിന്റെ പരാതിയില്‍ പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരനെതിരെ നടപടിയെടുക്കണമെന്ന് വധു ആവശ്യപ്പെട്ടത്.
Also Read-അയൽക്കാരന്റെ കോഴി കാരണം ഉറങ്ങാൻ പറ്റുന്നില്ല; ഡോക്ടർ പോലീസിൽ പരാതി നൽകി
എന്നാല്‍, വരന് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താനും വധുവും തമ്മില്‍ ഒരു ബെറ്റ് വെച്ചിരുന്നുവെന്ന് വരന് പറഞ്ഞു. വേദിയില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് തന്നെ ചുംബിച്ചാല്‍ 1500 രൂപ നല്‍കാമെന്നായിരുന്നു ബെറ്റ്. വരന് ഈ ബെറ്റില്‍ പരാജയപ്പെട്ടാല്‍ വധുവിന് 3000 രൂപ നല്‍കണം. എന്നാല്‍, ഇങ്ങനെയൊരു കാര്യം ഇതിനു പിന്നില്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് വധുവിനോട് ചോദിച്ചപ്പോള്‍ യുവതി അതും നിഷേധിച്ചു.
അങ്ങനെ ഒരുപാട് നേരം നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍, തങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നില്ലെന്ന ധാരണയില്‍ ഇരുകൂട്ടരുമെത്തി. ഇവരുടെ വിവാഹം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍, വേണമെങ്കില്‍ വിവാഹമോചനത്തിന് അപേക്ഷിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥനും പറഞ്ഞു.
വിവാഹമണ്ഡപത്തില്‍ കുട്ടികളെ പോലെ പരസ്പരം തല്ലുകൂടുന്ന വരന്റെയും വധുവിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാക്കേറ്റത്തില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. ‘ദ ഗുഷ്തി’ (ബംഗാളി ഭാഷയില്‍ കുടുംബം എന്ന് അര്‍ത്ഥം) എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. വരനും വധുവും തമ്മിലുള്ള വാഗ്വാദമാണ് വിഡിയോയില്‍. വധു ഏതോ വിഷയത്തില്‍ ചൂടാകുമ്പോള്‍ വരന് പുഞ്ചിരിക്കുന്നത് വിഡിയോയില്‍ കാണാം.
ബന്ധുക്കളും അതിഥികളും തിങ്ങിനിറഞ്ഞ മണ്ഡപത്തിലാണ് വധൂവരന്മാര് ഇരിക്കുന്നത്. പെട്ടെന്ന്, വധുവും വരനും പരസ്പരം കൈകള്‍ ഉയര്‍ത്തുന്നത് കാണാം. വരന് അവളെ തടയാന്‍ കൈ പിടിച്ചപ്പോള്‍, ഉടന്‍ തന്നെ വധു എഴുന്നേറ്റ് ഇടിക്കാന്‍ ശ്രമിക്കുന്നു. അടുത്തുണ്ടായിരുന്ന ബന്ധു വധുവിനെ തടയാന്‍ ഇടപെടുന്നതും കാണാം. ഇതിനിടെ അടിതെറ്റി വധുവും വരനും മണ്ഡപത്തില്‍ നിന്ന് വീഴുന്നുതും ദൃശ്യങ്ങളിലുണ്ട്. വിവാഹ കര്‍മങ്ങളുടെ ഭാഗമായി പൂജയും അഗ്നികുണ്ഡവും ഒരുക്കിയതിന് മുന്നില്‍ വെച്ചായിരുന്നു ഈ തമ്മില്‍ തല്ല്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.