അയൽവീടുകളിൽ നിന്നും അയൽവാസികളിൽ നിന്നുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെടുന്നവർ ഒരുപാടുണ്ടാകും. എന്നാൽ കോഴി കാരണം അയൽവാസിക്കെതിരെ പരാതി നൽകുന്നവർ അപൂർവമായിരിക്കും. അങ്ങനെയൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ് ഇൻഡോറിലെ ഒരു ഡോക്ടർ. അതിരാവിലെ അയൽവാസിയുടെ കോഴി കൂവുന്നത് കാരണം പതിവായി ഉറക്കം നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് ഡോക്ടറായ അലോക് മോദി. പരാതിയുമായി ഇദ്ദേഹം പൊലീസ് സ്റ്റേഷനിലുമെത്തിയെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.
മധ്യപ്രദേശിലെ പലാസിയയിൽ ഗ്രേറ്റർ കൈലാശ് ആശുപത്രിക്ക് സമീപമാണ് ഡോക്ടറുടെ വീട്. അയൽവാസി വളർത്തുന്ന കോഴി പതിവായി രാവിലെ കൂവുന്നത് കാരണം ഉറക്കം നഷ്ടമാകുന്നുവെന്നാണ് ഡോക്ടർ പലാസിയ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച പൊലീസ് വിഷയത്തിൽ നടപടികളും ആരംഭിച്ചു കഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ പരാതിക്കാരനേയും അയൽവാസിയേയും വിളിച്ച് രമ്യതയിൽ പ്രശ്നം പരിഹരിക്കാനാണ് പൊലീസിന്റെ ശ്രമം. മധ്യസ്ഥശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
Also Read- രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; 58കാരന്റെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത് 187 നാണയങ്ങള്‍
പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൊതുസ്ഥലത്ത് ‘നിയമവിരുദ്ധമായ തടസ്സം അല്ലെങ്കിൽ ശല്യം’ സൃഷ്ടിക്കൽ ആയി പോലീസ് ഈ സാഹചര്യത്തെ കണക്കാക്കും. അയൽവാസിയായ സ്ത്രീ വീട്ടിൽ പട്ടികളേയും കോഴികളേയും വളർത്തുന്നുണ്ടെന്ന് ഡോക്ടർ പറയുന്നു. എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് വീട്ടിലെ കോഴി കൂവും. ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തുന്ന തനിക്ക് പുലർച്ചെയുള്ള ഈ കൂവൽ ശല്യമാകുന്നുവെന്നാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.