അവിവാഹിതയായതിനാൽ കോളേജ് വിദ്യാർത്ഥിനിയെ വാടകയ്ക്ക് എടുത്ത ഫ്ളാറ്റിൽ നിന്നും പുറത്താക്കി
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റ് ഓണ്‍ലൈനില്‍ വ്യാപകമായ പ്രതിഷേധത്തിനും ചര്‍ച്ചയ്ക്കും കാരണമായി
വാടകയ്ക്ക് ഒരു വീടെടുത്ത് ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമൊത്തോ താമസിക്കുകയെന്നത് പെണ്‍കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഒന്നാമത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി വീട് കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. ചില അപ്പാര്‍ട്ട്‌മെന്റുകളുടെയും ഫ്ളാറ്റുകളുടെയുമൊക്കെ വാടക പോളിസി തന്നെ തനിച്ച് താമസിക്കുന്നവര്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട് കൊടുക്കേണ്ടന്നാണ്. വിവാഹിതര്‍ക്കും കുടുംബത്തിനുമായി താമസിക്കാന്‍ മാത്രമേ വീട് നല്‍കുകയുള്ളൂവെന്നും ചിലര്‍ പറയുന്നത് കേള്‍ക്കാം.
ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. ഗുജറാത്തില്‍ അവിവാഹിതയായ ഒരു കോളേജ് വിദ്യാര്‍ത്ഥിനിക്ക് വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നേരിട്ട ദുരനുഭവമാണ് അവരുടെ സഹോദരന്‍ റെഡ്ഡിറ്റ് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. അവിവാഹിതയായതിനാല്‍ തന്റെ സഹോദരിയെ ഗുജറാത്തിലെ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കിയതായി റെഡ്ഡിറ്റിലെ പോസ്റ്റില്‍ അദ്ദേഹം പറയുന്നു. പോസ്റ്റ് ഓണ്‍ലൈനില്‍ വ്യാപകമായ പ്രതിഷേധത്തിനും ചര്‍ച്ചയ്ക്കും കാരണമായി.
'എന്റെ സഹോദരി അവിവാഹിതയായതിനാല്‍ അവളുടെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കി' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. @smash_1048 എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ തന്റെ സഹോദരി വാടകയ്‌ക്കെടുത്ത വീട് അങ്ങോട്ടേക്ക് താമസം മാറുന്നതിന് മുമ്പ് വിടാന്‍ നിര്‍ബന്ധിതയായതെങ്ങനെയെന്ന് വിശദീകരിക്കുന്നു.
advertisement
തന്റെ സഹോദരി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കാന്‍ ബ്രോക്കറിന് പണം നല്‍കിയതെന്ന് പോസ്റ്റില്‍ പറയുന്നു. ഗാന്ധിനഗറില്‍ ഒരു 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് ആണ് വാടകയ്ക്ക് എടുത്തത്. ഇതനുസരിച്ച് അവിടേക്ക് താമസം മാറ്റുന്നതിനുള്ള മുന്നൊരുക്കങ്ങളും അവള്‍ നടത്തി. സാധനങ്ങളെല്ലാം അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു.
advertisement
അവിവാഹിതര്‍ക്ക് വാടകയ്ക്ക് വീട് നല്‍കാന്‍ പ്രശ്‌നമില്ലെന്നാണ് ബ്രോക്കര്‍ ഈ പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്. വിവാഹിതരല്ലാത്തവര്‍ക്ക് പൊതുവേ വാടകയ്ക്ക് വീട് കിട്ടാന്‍ പ്രയാസമായതിനാല്‍ ഇക്കാര്യം ബ്രോക്കറോട് ചോദിച്ചുറപ്പിച്ചിരുന്നതായും പോസ്റ്റ് വ്യക്തമാക്കുന്നു. എന്നാല്‍ പ്രശ്‌നമൊന്നുമില്ലെന്നും എല്ലാം താന്‍ നോക്കിക്കോളാമെന്നുമാണ് ബ്രോക്കര്‍ അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. അങ്ങനെ വാടക കരാറില്‍ ഒപ്പിടാന്‍ മറ്റ് രണ്ട് സുഹൃത്തുക്കളെയും കാത്തിരിക്കുകയായിരുന്നു.
എന്നാല്‍, അയല്‍ക്കാരന്‍ അവിവാഹിതര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് കൊടുക്കുന്നതിനെ ചോദ്യംചെയ്തുകൊണ്ട് ബില്‍ഡര്‍ക്ക് പരാതി നല്‍കി. ഇതോടെ വീട്ടുടമസ്ഥന്റെ അനുമതി ഉണ്ടായിട്ടും ബില്‍ഡര്‍ അവരെ താമസിക്കാന്‍ അനുവദിച്ചില്ല. തന്റെ സഹോദരി അയല്‍ക്കാരന്റെ ബന്ധുവുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പരുഷമായി പെരുമാറിയെന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു. അവിടെ താമസിക്കുമ്പോള്‍ അവര്‍ ഒരു ശല്യവുമുണ്ടാക്കില്ലെന്ന് വിശദീകരിക്കാനായിരുന്നു തന്റെ സഹോദരി അയല്‍ക്കാരന്റെ അമ്മാവനുമായി സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവള്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോഴേക്കും അയാള്‍ ഫോണ്‍ കട്ട് ചെയ്ത് അവളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും പോസ്റ്റില്‍ പറയുന്നു.
advertisement
വളരെ നിരാശയോടെയാണ് ഈ അനുഭവം ഓണ്‍ലൈനില്‍ അദ്ദേഹം പങ്കുവെച്ചത്. ഇത് നിരാശ മാത്രമല്ല വിവേചനപരമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ എല്ലാ ചെലവുകളും വഹിക്കണമെന്നും എല്ലാ കാര്യങ്ങളും വീണ്ടും ചെയ്തുതുടങ്ങണമെന്നും കോളേജ് തുടങ്ങുന്നതിനുമുമ്പ് പുതിയ സ്ഥലം കണ്ടെത്തണമെന്നും പോസ്റ്റില്‍ പറയുന്നു. വിദ്യാര്‍ത്ഥികളായാലും ജോലി ചെയ്യുന്നവരായാലും താമസിക്കാന്‍ ഒരു സ്ഥലം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്. നിരവധിയാളുകള്‍ ഇതിനുതാഴെ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു. കഴിഞ്ഞ 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന തന്റെ വീട്ടുടമസ്ഥന്‍ പാട്‌നയിലെ വാടകവീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതായി ഒരാള്‍ പ്രതികരിച്ചു. ഒരു ബാച്ചിലര്‍ ആയിരിക്കുക എന്നത് ഈ രാജ്യത്ത് രണ്ടാം ക്ലാസ് പൗരനായിരിക്കുന്നതുപോലെയാണെന്നും ഒരാള്‍ കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad,Gujarat
First Published :
Jul 08, 2025 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അവിവാഹിതയായതിനാൽ കോളേജ് വിദ്യാർത്ഥിനിയെ വാടകയ്ക്ക് എടുത്ത ഫ്ളാറ്റിൽ നിന്നും പുറത്താക്കി







