ആകാശ് മജുംദേർ
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ഇന്ത്യയിലെ ആളുകൾക്ക് വരുത്തി തീർത്തത്. ക്ഷീണവും, പനിയും കാരണം കിടപ്പിലായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഏറ്റവും കൂടുതൽ അത്യാവശ്യമുള്ളത് ഒരുപക്ഷെ പോഷകഗുണങ്ങളടങ്ങിയ വീട്ടിലെ ഭക്ഷണമായിരിക്കും. അതുകൊണ്ടാണ് കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തുടനീളം ‘വീട്ടിലെ ഭക്ഷണം’ വിതരണം ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതും.
എന്നാൽ, ഇത്തരം പാചകക്കാരെ ഏകോപിക്കുന്ന ഒരു പൊതു മാധ്യമം ഇല്ലാത്തതു കൊണ്ടു തന്നെ അവരെ കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലയിടങ്ങളിലായി പരന്നു കിടക്കുകയും അവ കണ്ടെത്താൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഐഐടി ബിരുദദാരികളായ ആകാശ് പർദാസനി, പാർഥ് ദിക്ഷിത് എന്നിവർ ‘റോട്ടി നെക്സ്റ്റ് ഡോർ’ എന്ന ആശയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ മേയിൽ ആകാശിന്റെ വീട്ടിൽ സമാനമായ ഒരു അനുഭവമുണ്ടായതാണ് ഇത്തരം ആശയത്തെ കുറിച്ച് ചിന്തിക്കാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു.
Also Read-കോവിഡിനു ശേഷം തൊഴിൽ മേഖല തിരിച്ചുവരും; ടെക്നോളജി അധിഷ്ഠിത കരിയറുകൾക്ക് സാധ്യത കൂടുമെന്ന് വിദഗ്ധർ
“ഏപ്രിലിൽ എന്റെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ് ബാധിച്ച് ഭോപ്പാലിൽ ചികിത്സയിൽ കഴിയുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. അവരെ പരിചരിക്കാൻ വേണ്ടി ഞാൻ ഭോപ്പാലിലേക്ക് പോയി. എനിക്ക് നന്നായി പാചകം ചെയ്യാൻ അറിയാതിരുന്നതു കാരണം വീട്ടുകാർക്ക് പോഷകഗുണമുള്ള ഭക്ഷണം നൽകുകയെന്ന് വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു. പാർത്ഥിന്റെ സഹായത്തോടെ ഈ വേളയിൽ വീട്ടിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. ഈ അവസരത്തിലാണ് നിരവധി ആളുകൾ വീടുകളിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നുണ്ടെന്നും ഇവർക്കായി ഒരു പ്ലാറ്റ്ഫോം നിർമ്മിക്കാം എന്നുമുള്ള ആശയം രൂപപ്പെടുന്നത്," ആകാശ് പറയുന്നു.
ആകാശ് താമസിക്കുന്ന സ്ഥലത്തെ പാചകക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് നിരവധി പേർ ഉണ്ടെന്നും എന്നാൽ അവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൾ ഭിന്നിച്ചു കിടക്കുകയാണെന്നും പാർഥ് തിരിച്ചറിഞ്ഞത്. “ആളുകൾ ഭക്ഷണം ആവശ്യമുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഞങ്ങൾ മനസ്സിലായി. പക്ഷെ, പാചകക്കാരെ ബന്ധപ്പെടാനുള്ള വഴി അതിൽ കാണാനില്ലായിരുന്നു. അതുകൊണ്ടാണ് പിൻകോഡ് അടിസ്ഥാനമാക്കി പാചകക്കാരെ കണ്ടെത്താനുള്ള പ്ലാറ്റ്ഫോം നിർമ്മിക്കാൻ ഞങ്ങൾ തയ്യാറായത്, " പാർഥ് പറയുന്നു.
Rotinextdoor.com എന്ന സൈറ്റ് സന്ദർശിക്കുമ്പോൾ പിൻകോഡ് ഉപയോഗിച്ച് സെർച്ച് ചെയ്യാനുള്ള വഴി കാണാം. ഉടൻതന്നെ ഉപഭോക്താക്കളുടെ പ്രദേശത്ത് വീട്ടിലെ ഭക്ഷണം വിൽപ്പന നടത്തുന്ന ആളുകളുടെ വിവരങ്ങളും, എന്തൊക്കെ ഭക്ഷണങ്ങളാണ് ഉള്ളതെന്നും അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭ്യമാവും.
View this post on Instagram
അതേസമയം പാചകക്കാർക്ക് തങ്ങളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിൽ ചേർക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. “ഭക്ഷണം വിതരണം ചെയ്യുന്ന ആളുകൾ നൽകുന്ന വിവരങ്ങൾ ആധികാരികമാണെന്ന് ഉറപ്പുവരുത്തൽ വളരെ പ്രധാനമാണ്. രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന ഭക്ഷണം മാത്രമേ കഴിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ പാചകക്കാരായി രെജിസ്റ്റർ ചെയ്യുന്ന ആളുകളെ വിളിക്കുകയും അവരുടെ ഭക്ഷണം തയ്യാറാക്കുന്ന രീതി, വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ അന്വേഷിക്കുന്നുണ്ട്," ആകാശ് പറയുന്നു.
ഡെൽഹി ഐഐടിയിലെ റൂംമേറ്റുകളായ ഇരുവരും വീട്ടിൽ ഇരുന്നാണ് ലോക്ഡൗൺ കാലത്ത് ആളുകളെ സഹായിക്കാൻ ഈ പ്ലാറ്റ്ഫോം തയ്യാറാക്കിയതായിരുന്നുവെങ്കിലും ലോക്ഡൗണിനു ശേഷവും ഇതുമായി മുന്നോട്ടു പോകാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.
“പാചകക്കാരുമായി ബന്ധപ്പെട്ടപ്പോൾ അവർക്കും ഇത്തരം ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിൽ താൽപര്യമുണ്ടെന്നാണ് മനസ്സിലായത്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് ഭക്ഷണം ആവശ്യമായി വരും. അതുപോലെ തനിച്ച് താമസിക്കുന്ന യുവാക്കൾക്ക് ഇത്തരം ഭക്ഷണങ്ങൾ ആവശ്യമായി വരും," ആകാശ് പറയുന്നു.
പ്രതിസന്ധി കാലത്ത് തങ്ങളെ സഹായിക്കാൻ ആളുകളുണ്ടെന്ന ഒരു തിരിച്ചറിവ് വളരെ ആശ്വാസം നൽകുന്നതാണെന്ന് ആകാശ് പറയുന്നു. പ്രതിസന്ധി കാലത്ത് ആളുകളെ സഹായിക്കാൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona pandemic, Covid, Covid 19 pandemic, Food