തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ അധ്യാപിക ദീപ നിശാന്തിനെതിരെ വിമർശനവുമായി കെ എസ് ശബരീനാഥൻ എംഎൽഎ. രമ്യയെ കുറിച്ച് 'ഐഡിയ സ്റ്റാർ സിങ്ങർ' തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന ദീപ നിശാന്തിന്റെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസെന്നും ശബരീനാഥൻ കുറിച്ചു. അമ്മ പ്രസിഡന്റ് സ്ഥാനാർഥിയായാൽ ബലേ ഭേഷ്, ത്രിതല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായാൽ ഇകഴ്ത്തൽ എന്നത് കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നും ശബരീനാഥൻ ഓർമിപ്പിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആലത്തുർ യുഡിഫ് സ്‌ഥാനാർഥിയായ രമ്യ ഹരിദാസിനെ പരാമർശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാൻ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികൾക്കിടയിൽ ദീപ ടീച്ചർ രമ്യയെക്കുറിച്ചു "ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പല്ല നടക്കുന്നത്" എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല.
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തയായ പ്രവർത്തകയുമാണ്. ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശം.
ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ടീച്ചറെ....പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തകനായ ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ ഐഡിയ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു.
എന്തായാലും നമ്മുടെ "armchair intellectualism-ത്തിനും intellectual arrogance"നും ജനാധിപത്യത്തിൽ വലിയ റോൾ ഇല്ല എന്നുള്ളതാണ് ഈ എളിയവൻ മനസിലാക്കുന്നത്.പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവർക്കും എല്ലാവര്ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്‌ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.
അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.