നമ്മെ അതിശയിപ്പിക്കുന്നതും ഒപ്പം രസിപ്പിക്കുന്ന തരത്തിലുമുള്ള വീഡിയോകൾ ഇന്റർനെറ്റിൽ നാം കാണാറുണ്ട്. ഇതിൽ മനുഷ്യരുടേത് മാത്രമല്ല നമുക്ക് ചുറ്റുമുള്ള മൃഗങ്ങളുടെ വീഡിയോകൾ കൂടി ഇതിൽ കാണാൻ സാധിക്കാറുണ്ട്. ചിലത് നമുക്ക് കൗതുകം സമ്മാനിക്കുമ്പോൾ മറ്റു ചിലത് നമ്മെ കുടുകുടെ ചിരിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു കൂട്ടം സിംഹങ്ങളുടെ മുന്നിൽ നിന്നും ഒരു ഞണ്ട് സാഹസികമായി രക്ഷപ്പെടുന്നതാണ് വൈറലായ വീഡിയോയിൽ ഉള്ളത്.
വനപാലകരായ റുഗിറോ ബറെറ്റോ, റോബിയാൻ സെൽ എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കയിലുള്ള മലാ മലാ പ്രൈവറ്റ് ഗെയിം റിസേർവിൽ നിന്നുമാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 2.36 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ലേറ്റസ്റ്റ് സൈറ്റിംഗ്സ് എന്ന യുട്യൂബ് ചാനലിലാണ് പങ്കുവച്ചിരിക്കുന്നത്.
മണൽ തിട്ടയിലൂടെ ഒരു ഞണ്ട് നീങ്ങുന്നതും സ്ഥലത്ത് വിശ്രമിക്കുന്ന സിംഹങ്ങളുടെ ശ്രദ്ധയിൽ ഇത് പെടുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. വളരെ കൗതുകത്തോടെയാണ് ആദ്യം ഒരും സിഹം ഞണ്ടിനെ വീക്ഷിക്കുന്നത്. അൽപ്പ നേരം കഴിഞ്ഞ് ഞണ്ടിന്റെ അടുത്തേക്ക് ഈ സിംഹം നീങ്ങുന്നു. എന്നാൽ ഞണ്ടിനെ സൂക്ഷ്മമായി വീക്ഷിക്കുക മാത്രമാണ് സിംഹം ചെയ്തത്. പിന്നാലെ കൂട്ടത്തിലെ മറ്റ് സിംഹങ്ങളും ഞണ്ടിനെ പിന്തുടരുന്നതായി കാണാം. ഒരു വേള ഞണ്ടിനെ ഇവർ അകത്താക്കും എന്നും തോന്നിപ്പിച്ചു എങ്കിലും അതിവേഗം നീങ്ങുന്ന ഞണ്ടിനെ ഭക്ഷിക്കാനോ ഉപദ്രവിക്കാനോ സിംഹങ്ങൾ തയ്യാറായില്ല. സ്ഥലത്ത് നിന്നിരുന്ന എല്ലാ സിംഹങ്ങളുടെയും ശ്രദ്ധ ഒരവസരത്തിൽ ഞണ്ടിന് പിന്നാലെയാകുന്നുണ്ട്. അതിസാഹസികമായാണ് സിംഹങ്ങളുടെ കൂട്ടത്തിൽ നിന്നും ഞണ്ട് രക്ഷപ്പെടുന്നത്.
രണ്ട് ലക്ഷത്തിൽ അധികം പേരാണ് യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടത്. രണ്ടായിരം ലൈക്കും മുന്നൂറിൽ അധികം കമന്റുകളും വീഡിയോക്കുണ്ട്. ചെറിയൊരു ഞണ്ട് സിംഹങ്ങളിൽ ഉണ്ടാക്കിയ ഭയം തന്നെ അത്ഭുതപ്പെടുത്തി എന്ന് വീഡിയോക്ക് താഴെ ഒരാൾ കുറിച്ചു. സിംഹങ്ങൾക്ക് ആ സമയത്ത് വിശപ്പില്ലാത്തത് കൊണ്ട് മാത്രമാണ് ഞണ്ട് രക്ഷപ്പെട്ടത് എന്നായിരുന്നു മറ്റൊരു കമന്റ്. സിംഹത്തെ ഭയപ്പെടുത്താൻ ഞണ്ടിന് കഴിയില്ല എന്ന അഭിപ്രായവും ഉയർന്നു.
സിംഹങ്ങളെ കാണാനാകും എന്ന പ്രതീക്ഷയിൽ സൂര്യോദയ സമയത്ത് ക്യാമ്പിന് പുറത്ത് ഇറങ്ങിയപ്പോഴാണ് ഇത്തരം ഒരു കാഴ്ച്ച കണ്ടത് എന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച റുഗിറോ ബറെറ്റോ, റോബിയാൻ സെൽ എന്നിവർ ലേറ്റസ്റ്റ് സൈറ്റിംഗ് യൂട്യൂബ് ചാനലിനോട് പറഞ്ഞു. “പുഴയുടെ തീരത്ത് വിശ്രമിക്കുകയായിരുന്നു സിംഹങ്ങൾ. ഇതിനിടെയാണ് ഒരു സിംഹം എന്തോ ഒന്നിൽ ശ്രദ്ധിക്കുന്നതായി കാണാൻ കഴിഞ്ഞത്. ആദ്യം അതൊരു തേൾ ആണെന്നാണ് കരുതിയത്. പിന്നീടാണ് ഞണ്ടാണെന്ന കാര്യം മനസിലായത്,” ഇരുവരും പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ കുഗർ നാഷണൽ പാർക്കിലാണ് മലാ മലാ പ്രൈവറ്റ് ഗെയിം റിസേർവ് സ്ഥിതിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസേർവാണ് മലാ മലാ. ഏതാണ്ട് 33,000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇതിൽ ധാരാളം ജീവജാലങ്ങളുണ്ട്. നാഷണൽ പാർക്കുകളിൽ നിന്നും വ്യത്യസ്ഥമായി സന്ദർശകരുടെ തിരക്കില്ലാതെ വനത്തെയും ജീവജാലങ്ങളെയും അറിയാനും ആസ്വദിക്കാനും ഗെയിം റിസേർവുകൾ അവസരം ഒരുക്കുന്നു.
Summary
Little crab bravely escapes from a pride of lions as the pride watch the little creature in fascination
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.