എല്ലാ ദിവസവും നന്നായി മദ്യപിക്കും; എന്നാൽ ഒട്ടും പൂസാകില്ല; ഇങ്ങനെ ഒരു ജീവി നിങ്ങളുടെ പരിചയത്തിലുണ്ടോ?
- Published by:Sarika N
- news18-malayalam
Last Updated:
ഈ കുഞ്ഞൻ ജീവിയ്ക്ക് 100 ശതമാനം ബിയറിന് തുല്യമായ അളവില്‍ മദ്യം കഴിച്ചാലും അത് ലഹരിയുണ്ടാക്കില്ല
മദ്യപിച്ച് ലക്കുകെട്ട് വഴിയിലും വീട്ടിലും കിടന്ന് ബഹളമുണ്ടാക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന നിരവധിയാളുകള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍, മൂക്കുമുട്ടെ കള്ളുകുടിച്ചാലും ഒരു തരിപോലും ഫിറ്റാകാത്ത ഒരു ഇത്തിരികുഞ്ഞന്‍ ജീവിയുണ്ട്. മലേഷ്യയില്‍ കാണപ്പെടുന്ന ട്രീഷ്രൂ ആണത്. ഇവയ്ക്ക് 100 ശതമാനം ബിയറിന് തുല്യമായ അളവില്‍ മദ്യം കഴിച്ചാലും അത് ലഹരിയുണ്ടാക്കില്ല.
മലേഷ്യയില്‍ കാണപ്പെടുന്ന ബെര്‍ട്ടാം ഈന്തപ്പനയിലെ പൂമൊട്ടുകളില്‍ കാണപ്പെടുന്ന പുളിപ്പിച്ച തേനാണ് ഇവയുടെ പ്രധാന ആഹാരം. ഈ പൂന്തേനില്‍ 3.8 ശതമാനം വരെ മദ്യത്തിന്റെ അളവുണ്ട്. പ്രകൃതിദത്തമായ ഭക്ഷണത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന അളവിൽ മദ്യ സാന്ദ്രത അടങ്ങിയതാണ് ഈ പൂന്തേന്‍. മനുഷ്യന്‍, പക്ഷികള്‍, വവ്വാലുകള്‍, തുടങ്ങിയവ മദ്യപിക്കുമെന്ന് അറിയാമെങ്കിലും ട്രീഷ്രൂവാണ് അവയേക്കാള്‍ അധികമായി മദ്യപിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
മദ്യം കുടിക്കുന്ന മറ്റ് മൃഗങ്ങള്‍ ധാരാളമുണ്ട്. പക്ഷേ അവയൊന്നും തുടര്‍ച്ചയായി അത് കുടിക്കുന്നില്ലെന്ന് വെസ്റ്റേണ്‍ ഓന്റാറിയോ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റും ഗവേഷകനുമായ മാര്‍ക്ക്-ആന്‍ഡ്രെ ലാച്ചന്‍സ് പറഞ്ഞു. ''വവ്വാലുകളും പക്ഷികളും മദ്യമടങ്ങിയ ഫലങ്ങള്‍ കായ്ക്കുന്ന സമയത്താണ് അവ കഴിക്കാറ്. എന്നാല്‍, ട്രീഷ്രൂകള്‍ വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും മദ്യപിക്കുന്നു. ഇത് അതിശയിപ്പിക്കുന്ന കാര്യമാണ്,'' അദ്ദേഹം പറഞ്ഞു. ഇത്രയധികം മദ്യപിച്ചാലും ഒരു തരിപോലും ലഹരി ഇവര്‍ക്ക് പിടിക്കില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.
advertisement
ട്രീഷ്രൂകള്‍ ഈന്തപ്പനയിലെ തേന്‍ കുടിക്കുന്ന വീഡിയോകള്‍ ജര്‍മനിയിലെ ബെയ്‌റൂത്ത് സര്‍വകലാശാലയിലെ ഗവേഷകനായ ഫ്രാങ്ക് വീന്‍സിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ രാത്രിയില്‍ പതിവായി പകര്‍ത്തിയിരുന്നു. ഇതിനുശേഷം ഇവയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. റേഡിയോ ടാഗ് ഘടിപ്പിച്ച ട്രീഷ്രൂകളെയാണ് ഇത്തരത്തില്‍ നിരീക്ഷിച്ചത്. സമാനമായ രീതിയില്‍ ഉയര്‍ന്ന അളവില്‍ മദ്യം കഴിക്കുന്ന മനുഷ്യരേക്കാള്‍ കൂടിയ അളവില്‍ ഇവയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്ദ്രത കണ്ടെത്തിയെങ്കിലും ഇവയില്‍ ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.
ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ മദ്യമെത്തിയാലും അവയെ നേരിടാനും ലഹരിപിടിക്കാതിരിക്കാനും അവയില്‍ ഒരു സംവിധാനം വികസിപ്പിച്ചിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. ഇവ അകത്താക്കുന്ന മദ്യത്തിന്റെ അളവ് വളരെ വലുതാണ്. മിക്ക രാജ്യങ്ങളിലും നിയമപരമാക്കിയ പരിധിയുടെ പല മടങ്ങ് വരുമിത്. ഇവയ്ക്ക് ഇത് നേരിടാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന മനസ്സിലാക്കാന്‍ മദ്യവിഷബാധയെ തടയാന്‍ സഹായിക്കുന്ന മരുന്നുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയുടെ പൂര്‍വികള്‍ മിതമായ രീതിയിലോ ഉയര്‍ന്ന അളവിലോ മദ്യമടങ്ങിയ ആഹാരം കഴിച്ചിരുന്നവയാകാമെന്ന് ഗവേഷകര്‍ കരുതുന്നു.
advertisement
ബെര്‍ട്ടാം ഈന്തപ്പന ട്രീഷ്രൂകളുടെ ആവാസവ്യവസ്ഥയില്‍ ലഭ്യമായ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സായിരുന്നു. അതിനാലാകാം അവ ഉയര്‍ന്ന അളവില്‍ മദ്യം കഴിക്കാനുള്ള കഴിവ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. മലേഷ്യയില്‍ ഈ ഈന്തപ്പന വളരെ വ്യാപകമായി കാണപ്പെടുന്നുണ്ട്. ബെര്‍ട്ടാം ഈന്തപ്പനയുടെ പൂമൊട്ടുകളില്‍ തേന്‍ അടിഞ്ഞുകൂടുമ്പോള്‍ അവിടെയുള്ള യീസ്റ്റ് പോലെയുള്ള ഒരു ജീവി ഈ തേനിനെ പുളിപ്പിക്കുന്നു. ഇതാണ് ഈ തേനിന് മദ്യസ്വഭാവം വരുത്തുന്നത്. ഈ തേൻ എപ്പോഴും ഈ ഈന്തപ്പനകളിൽ ലഭ്യമാണ്. അതിനാല്‍ ട്രീഷ്രൂകള്‍ക്ക് വര്‍ഷം മുഴുവനും ലഭിക്കുന്ന ഭക്ഷണ സ്രോതസ്സായി അത് മാറുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 28, 2025 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എല്ലാ ദിവസവും നന്നായി മദ്യപിക്കും; എന്നാൽ ഒട്ടും പൂസാകില്ല; ഇങ്ങനെ ഒരു ജീവി നിങ്ങളുടെ പരിചയത്തിലുണ്ടോ?