ഗൂഗിൾ മാപ്പ് ചതിച്ച് ആശാനേ; കാമുകിയുടെ ലൊക്കേഷൻ തേടിയെത്തിയത് പൊലീസിന് മുന്നിൽ!
- Published by:Anuraj GR
- news18-malayalam
Last Updated:
വീടു കണ്ടുപിടിക്കാൻ പ്രിയതമന് പെൺകുട്ടി വാട്സാപ്പിൽ കറണ്ട് ലൊക്കേഷൻ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂരിനടുത്തുള്ള കാമുകിയുടെ വീട്ടിലേക്കു തിരിച്ചു...
കണ്ണൂർ: നീലേശ്വരത്തുള്ള പത്തൊമ്പതുകാരൻ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാൻ വയ്യ. ഒടുവിൽ ബൈക്കിൽ അർദ്ധരാത്രി പൊടിമീശക്കാരൻ കാമുകൻ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. വീടു കണ്ടുപിടിക്കാൻ പ്രിയതമന് പെൺകുട്ടി വാട്സാപ്പിൽ കറണ്ട് ലൊക്കേഷൻ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂർ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്കു തിരിച്ചു.
ഏകദേശം പന്ത്രണ്ടരയോടെ യുവാവ് പയ്യന്നൂർ വഴി ഒളവറയിലെത്തി. ഗൂഗിൾ മാപ്പ് കൃത്യമായി അവിടെവരെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി. എന്നാൽ പിന്നീടുള്ള വഴിയാണ് പ്രശ്നം. പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങിനിൽക്കുകയായിരുന്നു നമ്മുടെ കഥാനായകൻ. പെട്ടെന്നാണ് അവിടേക്ക് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ് സംഘമെത്തിയത്. പയ്യന്നൂർ എസ്ഐ രാജീവനും സംഘവുമായിരുന്നു അത്. പാതിരാത്രിയിൽ പൊലീസിനെ കണ്ടതോടെ പയ്യൻ പരുങ്ങി. ഇതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങൾ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെ കാര്യം എന്ന ചോദ്യം 'കാമുകനെ' വെട്ടിലാക്കി. ബന്ധുവിന്‍റെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചുമറിച്ചുമുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ അവൻ എല്ലാ സത്യവും വെളിപ്പെടുത്തി. ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരിൽ കാണാനെത്തിയതെന്നും യുവാവ് പറഞ്ഞു.
advertisement
കാമുകിയെ തേടിയെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അധികം വൈകിയില്ല, ഏകദേശം 1.45 ആയപ്പോൾ യുവാവിന്‍റെ ഫോണിലേക്ക് കോൾ വന്നു. ഫോണെടുത്തത് പൊലീസ്, അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ പെൺകുട്ടി, പ്രണയപരവശയായി, താൻ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും, എവിടെയെത്തിയെന്നും ചോദിച്ചു. പൊലീസ് തൽക്കാലം മറുപടിയൊന്നും പറയാതെ ഫോൺ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.
advertisement
പിന്നീട് യുവാവിനെ ഏറെനേരം ഉപദേശിച്ച പൊലീസ് നേരം പുലർന്നതോടെ വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനിടെ യുവാവിന്‍റെ വീട്ടിൽ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്‍റെ ഫോൺ പൊലീസ് വാങ്ങിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 10:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗൂഗിൾ മാപ്പ് ചതിച്ച് ആശാനേ; കാമുകിയുടെ ലൊക്കേഷൻ തേടിയെത്തിയത് പൊലീസിന് മുന്നിൽ!