തൃശൂർ: ഗൂഗിൾ മാപ്പ് നോക്കി പാലക്കാട്ടു നിന്ന് യാത്ര തിരിച്ച സംഘം വഴിതെറ്റി പുഴയിൽ വീണു. പാലക്കാട്ടു നിന്ന് പട്ടിക്കാട്ടേക്ക് പോവുകയായിരുന്ന കാറാണ് പുഴയിൽ വീണത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും സംഘവും യാത്ര ചെയ്തിരുന്ന കാറാണ് പുഴയിൽ വീണത്. രാത്രി എട്ടരയോടെ എഴുന്നള്ളത്ത് കടവ് തടയണയുടെ തിരുവില്വാമല ഭാഗത്ത് പുഴയിലാണ് കാർ വീണത്.
കുതിരാനിലെ ഗതാഗത കുരുക്ക് കാരണം പട്ടിക്കാട്ടേക്ക് പോകാൻ ഇവർ ഗൂഗിളിന്റെ സഹായം തേടുകയായിരുന്നു. ഗൂഗിൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറി. രാത്രിയായതിനാൽ വെള്ളം കണ്ടില്ല. തുടർന്ന് ഒഴുക്കിൽപ്പെട്ടാണ് കാർ പുഴയിലേക്ക് മറിഞ്ഞത്.
കഴിഞ്ഞ സെപ്തംബറിലും സമാനമായ സംഭവം ഉണ്ടായി. കാഞ്ഞങ്ങാട്ടു നിന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേക്കു വന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ആഴമേറിയ ചിറയിൽ വീഴാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിറവക്ക് ജംക്ഷനിൽ നിന്ന് കാൽ നടയാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലൂടെ തിരിഞ്ഞാണ് സംഘം യാത്ര ചെയ്തത്.
റോഡ് മുന്നോട്ടുപോയി നാല് ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപ്പടവിലാണ് അവസാനിക്കുന്നത്. പെട്ടെന്ന് റോഡ് അവസാനിച്ചതറിയാതെ സംഘം പടവിലേക്കിറങ്ങി. പെട്ടെന്ന് തിരിച്ചതുമൂലം ചിറയിലേക്കിറങ്ങിയിരുന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.