കണ്ണൂർ: നൂറു കിലോമീറ്റർ വേഗതയിൽ പാഞ്ഞുവന്ന ട്രെയിൻ പെട്ടെന്ന് 20 കിലോമീറ്ററിലേക്ക് വേഗം കുറച്ചത് ഒരു ജീവൻ കണ്ടെടുക്കുന്നതിനുവേണ്ടിയായിരുന്നു. മുന്നേ പോയ ട്രെയിനിൽനിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ കണ്ടെത്തി ആശുപത്രിയിലെത്തിക്കാൻ. അസാധാരണമായ തെരച്ചിലിനൊടുവിൽ പാളത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ ചോരയൊലിച്ചുകിടന്നയാളെ കണ്ടെത്തി. പിന്നീട് വേഗം 20 കിലോമീറ്ററിൽനിന്ന് 120 കിലോമീറ്ററിലേക്ക് ഉയർത്തിയതോടെ പരിക്കേറ്റയാളെ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായി. റെയിൽവേയുടെ ചരിത്രത്തിൽത്തന്നെ അസാധാരണമായ രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ ദിവസം നടന്നത്. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറാണ് അനുരാഗ് എന്ന പത്തൊമ്പതുകാരന്‍റെ രക്ഷകനായി മാറിയത്.
നാവികസേന പരീക്ഷ എഴുതാൻ പോയ കണ്ണൂർ പട്ടാനൂർ കോവൂരിലെ അനുരാഗും കൂട്ടുകാരും തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ നാട്ടിലേക്ക് വരികയായിരുന്നു. വാതിലനടുത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന അനുരാഗ് നാദാപുരത്തിനും മാഹിക്കും ഇടയിൽവെച്ച് തെറിച്ചുവീഴുകയായിരുന്നു. ഉടനടി ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ട്രെയിൻ ടൈം എന്ന വാട്സാപ്പ് ഗ്രൂപ്പും റെയിൽവേയും കൈകോർത്തു. അനുരാഗിനൊപ്പം ദാദർ എക്സ്പസിലുണ്ടായിരുന് സംഗീതും മിഥുനും കൂട്ടുകാരും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വിവരം പറഞ്ഞതോടെ അസാധാരണമായ തെരച്ചിലിന് റെയിൽവേ മുൻകൈ എടുത്തത്.
കണ്ണൂരിലെ സ്റ്റേഷൻ മാസ്റ്റർ ഉടൻ തന്നെ വിവരം നൽകിൽ. റെയിൽവേ ഗ്രൂപു്പുകളിലും പൊലീസിലും സന്ദേശമെത്തി. രാത്രി എട്ടരയോടെ അനുരാഗിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ സജിത് കുമാർ വിഷയത്തിൽ ഇടപെടുന്നത്. ഇതോടെ ദാദർ എക്സ്പ്രസിന് പിന്നാലെ വന്ന കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിലെ ലോക്കോ പൈലറ്റുമാരോടും സ്റ്റാഫിനോടും വണ്ടി വേഗം കുറച്ച് തെരച്ചിൽ നടത്താൻ നിർദേശിച്ചു. അങ്ങനെയാണ് 100 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിൻ 20 കിലോമീറ്ററിലേക്ക് കുറച്ചത്. ലോക്കോ പൈലറ്റുമാർ ഇരുവശത്തും ടോർച്ച് അടിച്ചുകൊണ്ടാണ് ട്രെയിൻ ഓടിച്ചത്. ഇതിനിടയിൽ ഒമ്പത് മണിയോടെ അവർ അനുരാഗിനെ കണ്ടെത്തി. ഉടൻ തന്നെ ട്രെയിൻ നിർത്തി ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയിൽ കിടന്ന യുവാവിനെ കയറ്റി. തൊട്ടടുത്ത സ്റ്റേഷനായ മാഹിയിലേക്കാണ് അനുരാഗിനെ എത്തിച്ചത്. അവിടെ മാഹി സ്റ്റേഷൻ മാസ്റ്റർ രാജീവനും ട്രെയിൻ ടൈം വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഫൈസൽ ചെള്ളത്തും ആംബുലൻസുമായി സജ്ജമായി നിൽക്കുന്നുണ്ടായിരുന്നു. മാഹി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കേരള പൊലീസിന്‍റെ കൂടി സഹകരണത്തോടെ അതിവേഗം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സമയം ഒമ്പതര മണി. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അനുരാഗ്.
റെയിൽവേയുടെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്തതരത്തിലുള്ള രക്ഷാപ്രവർത്തനത്തിന് ഏറ്റവുമധികം കൈയടി ലഭിക്കുന്നത് ലോക്കോ പൈലറ്റുമാരായ കെ.ടി ടോമിക്കും മുഹമ്മദ് അസിനുമാണ്. ഒപ്പം റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ സജിത് കുമാറിന്‍റെയും കണ്ണൂർ, മാഹി സ്റ്റേഷൻ മാസ്റ്റർമാരുടെയും ഇടപെടൽ അവസരോചിതമായി. എല്ലാത്തിനുപുറമെ, രക്ഷാപ്രവർത്തനത്തിൽ ട്രെയിൻ ടൈം എന്ന വാട്സാപ്പ് കൂട്ടായ്മയും പങ്കാളിയായി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.