രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റയുടെ കുപ്പി തുറക്കാൻ ശ്രമിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ബ്രസീലിലെ സാവോ പോളോയിൽ പകർത്തിയ അവിശ്വസനീയമായ വീഡിയോയിൽ രണ്ട് തേനീച്ചകൾ തുടക്കത്തിൽ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാൻ ശ്രമിക്കുന്നത് കാണാം. കാലുകൾ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയർത്താനാണ് ഇവരുടെ ശ്രമം.
‘ജോലിസ്ഥലത്ത് നിന്ന് ഉച്ചഭക്ഷണ സമയത്താണ് വീഡിയോ റെക്കോർഡ് ചെയ്‌തത്. തനിക്ക് ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച ഫാന്റ തേനീച്ചകൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന്‘ വീഡിയോയെടുത്തയാൾ വൈറൽ ഹോഗിനോട് പറഞ്ഞു.
രണ്ട് തേനീച്ചകൾ ഒരുമിച്ച് ചേർന്ന് ഫാന്റ കുപ്പി തുറക്കുന്ന വീഡിയോ ട്വിറ്ററിൽ ആഗോളതലത്തിൽ തന്നെ വൈറലായി. തേനീച്ചകളുടെ ഈ സൂപ്പർ ടീം വർക്ക് കണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. അവിശ്വസനീയവും അതിശയകരവുമായ ടീം വർക്ക് എന്നാണ് തേനീച്ചകളുടെ വീഡിയോ കണ്ട് പലരും അഭിപ്രായപ്പെട്ടത്.
കോവിഡ് മഹാമാരിയ്ക്കെതിരായ മാനവരാശിയുടെ പോരാട്ടത്തിൽ തേനീച്ചകളെക്കൂടി പങ്കാളിയാക്കാൻ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിച്ച് ചില പഠനങ്ങൾ പുറത്തു വന്നിരുന്നു. തേനീച്ചയുടെ ഘ്രാണശക്തി ഉപയോഗിച്ച് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുമെന്ന് കൗതുകകരമായ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസിന്റെ സവിശേഷമായ മണം തിരിച്ചറിയുമ്പോഴൊക്കെ നാവ് നീട്ടാൻ തേനീച്ചകളെ പരിശീലിപ്പിച്ചതായാണ് ഒരു സംഘം ഡച്ച് ഗവേഷകർ അവകാശപ്പെടുന്നത്. ലാബ്ടെസ്റ്റുകൾക്ക് പകരമായി നിർദ്ദേശിക്കാൻ കഴിയുന്ന ഒന്നല്ലെങ്കിലും പിസിആർ പരിശോധനകൾ പോലെയുള്ള സങ്കീർണമായ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിൽ പരിമിതി നേരിടുന്ന ദരിദ്ര രാജ്യങ്ങൾക്ക് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ തേനീച്ചകളെ പരിശീലിപ്പിക്കുന്നത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
Also Read- നിശാ പാർട്ടിക്കിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ അതിഥിയായി 'പ്രേതം'; ഉറക്കം നഷ്ടപ്പെട്ട് യുവതി
"എല്ലാ ലബോറട്ടറികളിലും പോളിമെറേസ് ചെയിൻ റിയാക്ഷൻ (പി സി ആർ) പരിശോധനകൾ ലഭ്യമല്ല, പ്രത്യേകിച്ച് വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ. എന്നാൽ തേനീച്ചകൾ എല്ലായിടത്തുമുണ്ട്. മാത്രവുമല്ല ഈ സംവിധാനം ഒട്ടും സങ്കീർണവുമല്ല", വാഗനിൻഗൻ സർവകലാശാലയിലെ പ്രൊഫസർ വിംവാൻ ഡെർ പോയെൽ പറയുന്നു.
ചെറുപ്രാണി വിഭാഗത്തിൽ തലച്ചോറിൽ ഏറ്റവും കൂടുതൽ കോശങ്ങൾ ഉള്ളത് തേനീച്ചക്കാണെന്ന് കണ്ടെത്തൽ. തേനീച്ചയുടെ തലച്ചോറിലുള്ള കോശങ്ങളുടെ സാന്ദ്രത ചെറുപക്ഷികളേക്കാൾ കൂടുതലാണ്. ജീവിത രീതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം വ്യത്യാസങ്ങളെന്നാണ് ഗവേഷണ സംഘത്തിന്റെ വിലയിരുത്തൽ. ചെറുപ്രാണികളുടെ ഓർമശക്തി, കാണാനും കേൾക്കാനുമുള്ള കഴിവ്, തലച്ചോറിലെ പ്രത്യേക മേഖലകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് താരതമ്യ പഠനങ്ങൾ മുമ്പും നടന്നിട്ടുണ്ട്. പഠനത്തിൽ ഉൾപ്പെടുത്തിയ ജീവജാലങ്ങളിൽ തേനീച്ചക്കാണ് തലച്ചോറിൽ ഏറ്റവും കൂടുതൽ കോശങ്ങൾ ഉള്ളതായി കണ്ടെത്തിയത്. അഗോക്ലോറല്ല വിഭാഗത്തിൽ പെട്ട മെറ്റാലിക്ക് ഗ്രീൻ സ്വീറ്റ് തേനീച്ചക്കാണ് ഏറ്റവും കൂടുതൽ കോശങ്ങൾ തലച്ചോറിൽ ഉള്ളത്. ഒരു മില്ലി ഗ്രാം തലച്ചോറിൽ രണ്ട് മില്യൺ കോശങ്ങളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Honey bee, Viral video