നിശാ പാർട്ടിക്കിടെ എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ 'പ്രേതം' ബ്രിട്ടീഷ് യുവതിക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികൾ. ഇംഗ്ലണ്ടിലെ കവൻട്രി നഗരത്തിലുള്ള റെബേക്ക ഗ്ലാസ്ബൊറൊ എന്ന യുവതിയെയാണ് പ്രേതം വേട്ടയാടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ റെബേക്കയും സുഹൃത്തുക്കളോടൊപ്പം അവരുടെ അപാർട്ട്മെന്റിൽ ഒരു നിശാ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളായ ഏഴു പേർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തത്. എന്നാൽ ഫോട്ടോയിൽ പ്രേതത്തിനു സമാനമായ അജ്ഞാത രൂപവും പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിനു ശേഷം കടുത്ത ഭീതിയിലായ റെബേക്കയ്ക്ക് മനസമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ കഴിയുന്നില്ല.
ചിത്രത്തിൽ റെബേക്കയും സുഹൃത്തുക്കളും ഗ്ലാസ് ഉയർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഇതിനു പുറകിലായി കർട്ടനു പിന്നിലാണ് നീണ്ട മുടികളോട് കൂടിയ ഭയപ്പെടുത്തുന്ന രൂപവും ഫോട്ടോയിൽ പതിഞ്ഞത്. അജ്ഞാത രൂപത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും കണ്ണുകളും മൂക്കുമെല്ലാം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഫോട്ടോയിൽ അജ്ഞാത രൂപത്തെ കണ്ടെത്തിയ സംഭവത്തിനു ശേഷം ഇവർ വീടിനുള്ളിൽ മുഴുവൻ തിരഞ്ഞെങ്കിലും പ്രേതത്തിന്റെ പൊടി പോലും കണ്ടെത്താൻ സാധിച്ചില്ല.
Also Read-
വിദ്യാര്‍ഥികൾ ചോദ്യം തയാറാക്കി ഉത്തരമെഴുതണം; വൈറലായി ഐഐടി ഗോവയുടെ ചോദ്യ പേപ്പര്സംഭവത്തിനു ശേഷം ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ 30 വയസ്സുള്ള റെബേക്ക ഇതേ കെട്ടിടത്തിനു മുകളിലെ മറ്റൊരു അപാർട്ട്മെന്റിലാണ് താമസിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എല്ലാം വിചിത്രമായിരിക്കുന്നുവെന്നും റെബേക്ക പറയുന്നു. ഫോട്ടോ എടുക്കുമ്പോൾ തങ്ങൾക്ക് സമീപം വേറൊന്നും ഉണ്ടായിരുന്നില്ല, പിന്നീടാണ് അജ്ഞാത രൂപം ഫോട്ടോയിൽ കണ്ടത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഈ രൂപം വീണ്ടും മനസ്സിലെത്തുന്നു. ഈ സംഭവത്തിനു ശേഷം ഉറക്കമില്ലാത്ത രാത്രികളാണ് തനിക്കെന്നും റെബേക്ക പറയുന്നു. അതേസമയം, കൂടുതൽ ധൈര്യം നൽകി റെബേക്കയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് അയൽവാസികൾ.
ഇതേ അപാർട്ട്മെന്റിലെ ബാത്ത്റൂമിൽ നേരത്തെ ഒരു അസാധാരണ മരണമുണ്ടായതായി നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും റെബേക്ക ഇത് വിശ്വസിച്ചിരുന്നില്ല. പുതിയ സംഭവത്തോടെ ഈ വീടിന് പ്രേതബാധയുണ്ടെന്ന ബോധ്യത്തിലാണ് റെബേക്ക. പലപ്പോഴും ഫ്ലാറ്റിൽ അപശബ്ദങ്ങൾ കേൾക്കാറുണ്ട്. എന്നാൽ, നിരവധി അപാർട്ട്മെന്റുകളുള്ള ഫ്ലാറ്റ് ആയതിനാൽ അയൽ വീടുകളിൽ നിന്നുള്ള ശബ്ദമാവുമെന്നാണ് കരുതിയിരുന്നതെന്ന് റെബേക്ക പറഞ്ഞു.
പ്രേതം വന്നതോടെ റെബേക്കയുടെ ഉറക്കം നഷ്ടപ്പെട്ടെങ്കിലും സംഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും മറന്നില്ല. ദിവസേന നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. മിക്കവാറും ആളുകൾ അജ്ഞാത രൂപം ഒരു സ്ത്രീയുടേതെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് പുരുഷ പ്രേതമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
അതേസമയം, പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന നിരവധി സ്ഥലങ്ങൾ ഇംഗ്ലണ്ട് നഗരമായ കവൻട്രിയിലുണ്ട്. പുരാതനമായ ദി സ്ലഗ് ആന്റ് ലെറ്റൂസെ കെട്ടിടം, എറ്റിങ്ടൺ പാർക്ക് ഹോട്ടൽ, ബ്രൗൺസൊവർ ഹാൾ ഹോട്ടൽ, കോംബ് അബി ഹോട്ടൽ, സെന്റ് മേരീസ് ഗിൽഡ് ഹാൾ എന്നിവയും ഇതിൽ ചിലതു മാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.