ന്യൂഡല്‍ഹി: കോവിഡ് പ്രതിദിന കണക്കുകൾ എല്ലാദിവസവും പ്രസിദ്ധികരിക്കണമെന്ന് കേരളത്തിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കേരളം കൃത്യമായി കണക്കുകൾ നൽകാത്തത് ആകെ കണക്കിനെ ബാധിക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. കോവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെയാണ് ദിനംപ്രതി ഉള്ള കണക്കുകൾ പുറത്തുവിടുന്നത് സംസ്ഥാന സർക്കാർ നിർത്തിയത്. ഇത് പുനരാരംഭിക്കാൻ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് കത്ത് അയച്ചത്.
പ്രതിദിന കണക്കുകൾ പ്രസിദ്ധികരിക്കാത്തത് രാജ്യത്തെ ആകെ കണക്കുകളെ ബാധിക്കുന്നുവെന്നും ആയതിനാൽ നിർദേശം കർശനമായി പാലിക്കണമെന്നും കത്തിൽ പറയുന്നു. കോവിഡ് കേസുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും ലവ് അഗർവാൾ പറയുന്നു. ഏപ്രിൽ13 നു ശേഷം 18 നാണ് കേരളം കണക്ക് പുറത്തുവിട്ടത്. 13 ന് 298 കേസുകൾ ആണ് ഉണ്ടായിരുന്നത്. 18 ന് അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ചാക്കി 940 എന്നനിലയിലാണ് പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്തെ TPR നിരക്കിനെ അടക്കം ബാധിച്ചിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസം 1150 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കിൽ പുതിയ കണക്ക് പ്രകാരം ഇത് 2183 ആണ്. പ്രതിദിന രോഗവ്യാപന തോത് 0.31 ൽ നിന്ന് 0.83 ലേക്ക് എത്തി. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 25 ദിവസത്തിടെയുള്ള ഉയർന്ന നിരക്കിൽ എത്തി. 517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 4.21 ശതമാനമാണ് രോഗവ്യാപന തോത്. പുതിയ കണക്ക് പ്രകാരം 11,542 പേരാണ് രാജ്യത്താകെ ചികിത്സയിൽ തുടരുന്നത്. സ്ഥിഗതികൾ വിലയിരുത്താൻ 20 ന് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.
മാസ്‌ക് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ യോഗത്തിൽ തീരുമാനിക്കും. അതേസമയം മീററ്റ്, ഗാസിയാബാദ്, ഗൗതം ബുധനഗർ അടക്കം 6 ജില്ലകളിൽ കേസുകൾ കൂടിയ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ മാസ്‌ക് നിർബന്ധമാക്കി. ഈ മാസം ആദ്യമാണ് മാസ്‌ക് കർശനമല്ലാതാക്കിയത്.
ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രില്‍ 20 ന് സ്ഥിതിഗതികള്‍ വിലയിരുത്താനിരിക്കെയാണ്, കേസുകളുടെ പ്രതിദിന കുതിച്ചുചാട്ടവും പോസിറ്റീവ് നിരക്കിലെ പ്രധാന വര്‍ദ്ധനവും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച, നഗരത്തില്‍ 461 കേസുകള്‍ രേഖപ്പെടുത്തി, 5.33 ശതമാനം പോസിറ്റിവിറ്റി നിരക്ക്, രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ 366 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.