കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മെട്രോ സർവീസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തും . മാര്‍ച്ച് 31 വരെ റദ്ദാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി വിളിച്ച് ചേർത്ത ഉന്നതലയോഗത്തിന്‍റേതാണ് തീരുമാനം. നേരത്തെ മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു.
ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച് രണ്ടു പേർകൂടി മരിച്ചു. മുംബൈ സ്വദേശിയായ 63കാരനും ബിഹാർ സ്വദേശിയായ 38കാരനുമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. സൗത്ത് മുംബൈയിലെ വാൽക്കെഷ്‌വാർ നിവാസി ആയ ഇദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് ബിഹാറിൽ മരിച്ചത്. പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. ഇന്ത്യയില്‍ ഇതുവരെ 324 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.