കോഴിക്കോട്: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മലയാളികള്‍ പാസില്ലാതെ അതിര്‍ത്തിയിലെത്തുന്നതിനൊച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങള്‍ തകൃതിയാണ്. പാസില്ലാത്തവരെ കടത്തിവിടില്ലെന്ന് മുഖ്യമന്ത്രിയും, അതല്ല പാസ് നോക്കാതെ എല്ലാവരെയും കടത്തിവിടണമെന്ന് പ്രതിപക്ഷവും പറയുന്നു. ഇതിന് വേണ്ടി അതിര്‍ത്തിയില്‍ സമരത്തിനു പോയ പ്രതിപക്ഷ നേതാക്കള്‍ക്ക് ഒടുവില്‍ കോവിഡ് സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോവേണ്ടി വന്നിരിക്കയാണ്.
പാസ് എന്നാല്‍ വെറുമൊരു കടലാസ് കഷ്ണമല്ലെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറും കോവിഡ് ഐസൊലേഷന്‍ വാര്‍ഡ് ചുമതലക്കാരനുമായിരുന്ന ഡോ. പി.കെ ഷമീര്‍. ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമടക്കം ചെയ്യുന്ന വലിയൊരു ദൗത്യത്തിന്റെ പേരാണ് പാസ് എന്നും അതിനെ നിസ്സാരമാക്കരുതെന്നും ഡോക്ടര്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ ഒരു ഭാഗം..ഒരാള്‍ അതിര്‍ത്തി കടന്നു വരുമ്പോള്‍ വെറുതെ വീട്ടില്‍ പോയിരുന്നോളാന്‍ പറഞ്ഞു വിടുകയാണെന്ന് കുറച്ചു പേരെങ്കിലും ധരിച്ചിട്ടുണ്ടാകും. എന്നാല്‍ തെറ്റി. ഒരു പാസ്സിന് അപേക്ഷിക്കുന്നത് മുതല്‍ നിരവധി ഘട്ടങ്ങള്‍ ആയുള്ള, നിരവധി ആളുകളുടെ ഭഗീരഥ പ്രയത്‌നമാണ് അതില്‍ നടക്കുന്നത്. അയാളുടെ അഭ്യര്‍ത്ഥന ആദ്യം ജില്ലാ ഭരണകൂടം അയാളുടെ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൈമാറും. അയാള്‍ കൊടുത്ത അഡ്രസ്സിലെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തും. സൗകര്യങ്ങള്‍ അപര്യാപ്തമാണെങ്കില്‍ പകരം സജ്ജീകരണങ്ങള്‍ കണ്ടെത്തും. വീട്ടിലെ മുറിയാണോ, അല്ലെങ്കില്‍ മറ്റൊരു വീട് കണ്ടെത്തലാണോ, ബന്ധുക്കളെ മാറ്റലാണോ, ഇതെല്ലാം ജീവനക്കാര്‍ ബന്ധുക്കളുമായി ആലോചിച്ചാണ് ക്വാറന്റൈന്‍ സ്ഥലം തീരുമാനിക്കുന്നത്.
ഇതിന് ശേഷമാണ് നിശ്ചിത പാസ്സ് നല്‍കുന്നത്. ഈ പാസ്സുമായി വരുന്നവരെ അതിര്‍ത്തിയില്‍ പരിശോധിക്കുമ്പോള്‍ പ്രസ്തുത വിവരം തത്സമയം തന്നെ വ്യക്തിയുടെ മേഖലയിലെ ആരോഗ്യ വിഭാഗത്തെ അറിയിച്ച ശേഷമാണ് അയാളെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. അയാള്‍ പ്രസ്തുത സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്തെന്നും ക്വാറന്റൈനില്‍ പ്രവേശിച്ചെന്നും തിരിച്ച് സന്ദേശവും നല്‍കണം.
TRENDING:പ്രതാപൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ്, ശ്രീകണ്ഠൻ, അനിൽ അക്കര ക്വറന്റീനിൽ പോകണം: മെഡിക്കൽ ബോര്‍ഡ് [NEWS]ലോകത്ത് മരണം മൂന്ന് ലക്ഷം കടന്നു; 45 ലക്ഷത്തിലധികം രോഗബാധിതർ [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അവരോട് ഫോണില്‍ ബന്ധപ്പെട്ട് സുഖ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കണം. എന്തെങ്കിലും അസുഖ ലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ ടെസ്റ്റിന് വിധേയമാക്കണം. ആശുപത്രിയില്‍ ഐസൊലേഷന്‍ മുറി സജ്ജമാക്കണം. ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ വിദേശത്ത് നിന്ന് ആളെ ഇറക്കുമതി ചെയ്തിട്ടില്ല, യന്ത്രമനുഷ്യന്‍മാരുമില്ല. നമ്മുടെ പ്രഷറും ഷുഗറും നോക്കി മരുന്ന് തരികയും, കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ കുത്തുകയും, വീട് വീടാന്തരം കയറി ആരോഗ്യകാര്യങ്ങള്‍ തിരക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരും നഴ്‌സുമാരും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും, ആശ, അംഗന്‍വാടി പ്രവര്‍ത്തകരും ഒക്കെ തന്നെ.
അവരുടെ പഴയ ജോലികള്‍ ചെയ്യാനും മറ്റാരും വന്നിട്ടില്ല. ഇങ്ങനെ ഒത്തിരി പദ്ധതികള്‍ ആസൂത്രണം ചെയ്തു വെച്ച ഒരു രേഖയാണ് ഈ പാസ്സ്. പലരും വിചാരിച്ച പോലെ ബസ്സിലും തീവണ്ടിയിലും സൗജന്യ യാത്രക്കു വേണ്ടി കൊണ്ടു നടക്കുന്ന പോലത്തെ കടലാസ്സ് കഷണമല്ല. പാസ്സില്ലാതെ വരുമ്പോള്‍ തെറ്റുന്നത് ഈ പ്ലാനിംഗാണ്. സമയം നഷ്ടപ്പെടുന്നത് എല്ലാവര്‍ക്കുമാണ്. രോഗവ്യാപനത്തിന്റെ റിസ്‌കും എല്ലാവര്‍ക്കുമാണ്.
ഇനി ഇതൊക്കെ തെറ്റിക്കാനും മാര്‍ഗങ്ങളുണ്ട്. പാസ്സ് ഇല്ലാതെ അതിര്‍ത്തിയില്‍ വരാം. അവിടെ തിക്കും തിരക്കും ഉണ്ടാക്കാം. പാവം പോലീസുകാരന്റെ നെഞ്ചത്തേക്ക് കയറാം, അവരുടെ വായിലേക്ക് വൈറസ് ഊതിക്കൊടുക്കാം. എല്ലാവരുടേയും കണ്ണ് വെട്ടിച്ചു അതിര്‍ത്തി കടക്കാന്‍ ശ്രമിക്കാം. അതിര്‍ത്തിയില്‍ പാസ്സ് കാണിച്ചു പറഞ്ഞ സ്ഥലത്തേക്ക് പോകാതെ മുങ്ങാന്‍ ശ്രമിക്കാം.
ഇതെല്ലാം തെറ്റിക്കാമെന്ന് വിചാരിക്കുന്നവരോട് അവസാനമായി ഒരു ഉപദേശം കൂടി. നിങ്ങളെ ഇവിടെയെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പ്രത്യുപകാരമാണ് അച്ചടക്കത്തോടെയുള്ള ക്വാറന്റൈന്‍. അതു തെറ്റിയാല്‍ അപകടം എല്ലാവര്‍ക്കുമാണ്. അപകടത്തില്‍ ആദ്യം നിങ്ങളുടെ കുടുംബമാണ്. അവിടുത്തെ പ്രായം കൂടിയവരാണ്. അവരെ അപകടത്തിലാക്കരുത്.
അനുസരണക്കേട് കാണിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഒരു അമിത ആത്മവിശ്വാസമുണ്ടാകും. തങ്ങള്‍ക്ക് ഒരു മൂക്കൊലിപ്പു പോലുമില്ലല്ലോ, അതു കൊണ്ട് ക്വാറന്റൈന്‍ തെറ്റിച്ചാലും ആരും അറിയില്ലല്ലോ. എന്നാല്‍ ഇതുവരെ കേരളത്തില്‍ ഉണ്ടായ കഥ നിങ്ങള്‍ അറിഞ്ഞിട്ടില്ല. ഒരു ലക്ഷണവും ഇല്ലാത്ത അനുസരണക്കേട് കാട്ടിയവര്‍ കുറേ പേരെ രോഗികളാക്കിയിട്ടുണ്ട്. രോഗി ആയി കഴിയുമ്പോള്‍ കഥകള്‍ പുറത്തു വരിക തന്നെ ചെയ്യും. നിങ്ങള്‍ പോയ വഴികള്‍ എല്ലാം വിചാരണ ചെയ്യപ്പെടും. നിങ്ങളെ ഒരു വില്ലനാക്കി ചിത്രീകരിക്കും. അതുകൊണ്ട് ഒരു പതിനാല് ദിവസം നിങ്ങള്‍ നാടിന് വേണ്ടി ത്യാഗം ചെയ്യുവിന്‍.
ഇതൊന്നുമല്ല വോട്ട് കിട്ടലും തിരഞ്ഞെടുപ്പും ആണ് ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഒറ്റ കാര്യം, നമ്മള്‍ ഉണ്ടെങ്കിലല്ലേ തെരഞ്ഞെടുപ്പും ജയവും. ആശുപത്രിയില്‍ രോഗിയെ പരിചരിച്ച് കോവിഡ് കിട്ടി രക്തസാക്ഷി ആയാല്‍ ഹീറോ ആകും, ചെക്ക് പോസ്റ്റില്‍ വിളിക്കാതെ പോയി കോവിഡ് വാങ്ങിയാല്‍ ഹീറോയല്ല ഒരു വലിയ സീറോ ആകും. സിനിമയില്‍ പറഞ്ഞ പോലെ വിഡ്ഢിയുടെ സാഹസം അല്ല ധൈര്യം. ചുമരുണ്ടെങ്കില്‍ അല്ലേ നമ്മുടെ ചിഹ്നം വരക്കാന്‍ എങ്കിലും കഴിയൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.