• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Oxford Vaccine| 'ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത; മരുന്ന് കമ്പനികളുടെ പ്രഖ്യാപനം ആശ്വാസകരം'

Oxford Vaccine| 'ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം തുടരാൻ സാധ്യത; മരുന്ന് കമ്പനികളുടെ പ്രഖ്യാപനം ആശ്വാസകരം'

വൈറസുകൾ മൂലവും രോഗപ്രതിരോധസംവിധാനങ്ങൾ ശരീരകോശങ്ങൾക്കെതിരെ തിരിയുന്ന ഓട്ടൊ ഇമ്മ്യൂൺ പ്രതിഭാസം (Auto Immune Disease) മൂലവുമാണ് കൈകാലുകൾ തളർന്ന് പോകാൻ സാധ്യതയുള്ള ട്രാൻസ് വേഴ്സ് മൈലൈറ്റിസ് രോഗമുണ്ടാവാറുള്ളത്.

ഡോ.ബി. ഇക്ബാൽ

ഡോ.ബി. ഇക്ബാൽ

 • Share this:
  ഡോ.ബി. ഇക്ബാൽ

  മൂന്നാം മനുഷ്യപരീക്ഷണ ഘട്ടത്തിലെത്തി ഏറ്റവും പ്രതീക്ഷയുണർത്തിയിരുന്ന ഓക്സ്ഫോർഡ്
  യൂണിവേഴ് സിറ്റി കോവിഡ് വാക്സിൻ പരീക്ഷണം താത്കാലികമായിട്ടാണെങ്കിലും നിർത്തിവച്ചത് ഫലപ്രദമായ കോവിഡ് വാക്സിന് വേണ്ടി കാത്തിരുന്ന ലോകജനതയിൽ വലിയ നിരാശ പടർത്തിയിട്ടുണ്ട്. പരീക്ഷണാർത്ഥം വാക്സിൻ നൽകിയ ഒരാളിൽ ട്രാൻസ് വേഴ്സ് മൈലൈറ്റിസ് (Transverse Myelitis) എന്ന രോഗം കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവച്ചിട്ടുള്ളത്. വൈറസുകൾ മൂലവും രോഗപ്രതിരോധസംവിധാനങ്ങൾ ശരീരകോശങ്ങൾക്കെതിരെ തിരിയുന്ന ഓട്ടൊ ഇമ്മ്യൂൺ പ്രതിഭാസം (Auto Immune Disease) മൂലവുമാണ് കൈകാലുകൾ തളർന്ന് പോകാൻ സാധ്യതയുള്ള ട്രാൻസ് വേഴ്സ് മൈലൈറ്റിസ് രോഗമുണ്ടാവാറുള്ളത്.

  Also Read- ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

  പേപ്പട്ടി വിഷ (റേബീസ്) പ്രതിരോധത്തിനായി ഇപ്പോൾ നൽകിവരുന്ന ആധുനിക ഡിപ്ലോയിഡ് വാക്സിൻ, ചിക്ക് എമ്പ്രിയോ വാക്സിനുകൾ കണ്ടെത്തുന്നതിന് മുൻപ് നൽകിവന്നിരുന്ന വാക്സിന്റെ പാർശ്വഫലമായി അപൂർവ്വമാണെങ്കിലും ചിലരിൽ ട്രാൻസ് വേഴ്സ് മൈലൈറ്റിസ് കണ്ടുവന്നിരുന്നു. എങ്കിലും തീരെ ചികിത്സയില്ലാത്ത മരണം അനിവാര്യമായ രോഗമായത് കൊണ്ട് പേപ്പട്ടി വിഷത്തിന് അപകടസാധ്യത കണക്കിലെടുത്ത് കൊണ്ടുതന്നെ അത്ര സുരക്ഷിതമല്ലാത്ത വാക്സിൻ നൽകിവന്നിരുന്നു. (1978 ൽ പേപ്പട്ടി വിഷബാധയുള്ള ഒരു രോഗിയെ ചികിത്സിച്ചതായി സംശയിച്ച് എനിക്ക് ഈ വാക്സിൻ എടുക്കേണ്ടിവന്നിരുന്നു. ഭാഗ്യത്തിന് പ്രശ്നമൊന്നുമുണ്ടായില്ല.)

  മുയൽ തുടങ്ങിയ മൃഗങ്ങളിൽ റേബീസ് വൈറസ് കുത്തിവച്ച് അവയിൽ പേപ്പട്ടി വിഷബാധയുണ്ടാക്കി അവയുടെ സുഷുമ്നാ നാഡിയിലെ (Spinal Cord) കോശങ്ങൾ വേർതിരിച്ചെടുത്താണ് നേരത്തെ റേബീസ് വാക്സിൻ നിർമ്മിച്ചിരുന്നത്. റേബീസ് വൈറസ് ട്രാൻസ് വേഴ് സ് മൈലൈറ്റിസിന് കാരണമാവാറുണ്ട്. അതുകൊണ്ടാണ് അക്കാലത്തെ വാക്സിൻ സ്വീകരിച്ച ചിലർക്ക് ട്രാൻസ് വേഴ്സ് മൈലൈറ്റിസ് ബാധിച്ചതെന്ന് കരുതാവുന്നതാണ്.

  Also Read- 'സ്പെഷ്യൽ ഫീസടച്ചില്ല; വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

  എന്നാൽ കോവിഡ് രോഗം ശ്വാസകോശം, വൃക്ക, ഹൃദയം, തലച്ചോറ് തുടങ്ങിയ അവയവങ്ങളെയല്ലാതെ സുഷുമ്നാ നാഡിയെ ബാധിച്ചതായി കാണുന്നില്ല. എങ്കിലും കോവിഡ് മൂലം മരണമടഞ്ഞവരിൽ മെഡിക്കൽ ഓട്ടൊപ്സി നടത്തിയെങ്കിൽ മാത്രമേ ഇക്കാര്യം തീർച്ചയാക്കാൻ കഴിയൂ. അതേയവസരത്തിൽ അപകടത്തിലും മറ്റും പരിക്ക് സു സുഷുമ്നാ നാഡിക്ക് പരിക്ക് പറ്റിയവരെ കോവിഡ് അപകടസാധ്യത പട്ടികയിൽ (Risk Group) പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ കോവിഡ് വാക്സിൻ മൂലം ട്രാൻസ് വേഴ് സ് മൈലൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്ന് കാണാം. എങ്കിലും ഏതാനും ദിവസങ്ങൾക്കകം ഇക്കാര്യത്തിൽ ശാസ്തീയമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത് വാക്സിൻ പരീക്ഷണം വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കാം.

  രാഷ്ടീയ കാരണങ്ങളാൽ പല രാജ്യങ്ങളിലും സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് വാക്സിൻ പരീക്ഷണത്തിന് വേഗത വർധിപ്പിക്കാൻ ശ്രമിച്ച് വരുന്ന സാഹചര്യത്തിലാണ് ഓക്സ് ഫോർഡ് വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിർത്തി വച്ചതിന് വലിയ വാർത്താ പ്രാധാന്യം വന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ സി എം ആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവർ ചേർന്ന നടത്തിവരുന്ന വാക്സിൻ ഗവേഷണ ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐ സി എം ആർ അവകാശപ്പെട്ടിരുന്നു. ആഗസ്റ്റ് പതിനഞ്ചിന് തന്നെ വാക്സിൻ പുറത്തിറക്കേണ്ടതുള്ളത് കൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി എം ആർ ക്ലിനിക്കൽ ട്രയൽ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത് വലിയ വിവാദത്തിന് കാരണമായി. കേന്ദ്രസർക്കാരിന്റെ ഏറ്റവും ഉന്നതതലത്തിലെ നിർദ്ദേശപ്രകാരമാണ് നിർദ്ദേശം നൽകുന്നതെന്ന് കത്തിൽ പറഞ്ഞിരുനു. ശാസ്ത്ര സാമൂഹത്തിന്റെയടക്കം ഭാഗത്ത് നിന്നുണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് ഐ സി എം ആർ വിവാദ കത്ത് പിൻവലിക്കേണ്ടിവന്നു.  അമേരിക്കയിൽ നടന്നുവരുന്ന വാക്സിൻ ഗവേഷണം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂ‍ന്നിന് മുമ്പായി നവംബർ ഒന്നിനു തന്നെ പുറത്തിറക്കുമെന്ന് പ്രസിഡണ്ട് ട്രംപ് പ്രഖ്യാപിച്ചതും വിമർശിക്കപ്പെട്ടിരുന്നു. റഷ്യൻ വാക്സിൻ ഉല്പാദിപ്പിക്കാൻ അനുമതി നൽകിയെന്നും തന്റെ മകൾക്ക് വാക്സിൻ നൽകിയിട്ടുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ പ്രഖ്യാപിച്ചതും മറ്റൊരു വിവാദത്തിന് കാരണമായിരുന്നു. മോസ്കോയിലെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷൻ പരീക്ഷണം പൂർത്തിയാവുന്നത് വരെ വാക്സിന് അംഗീകാരം നൽകരുതെന്ന് റസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

  Also Read- പ്രതിസന്ധി കാലത്ത് മീൻ കച്ചവടവുമായി നടൻ വിനോദ് കോവൂർ

  ഇതിനിടെ ആശ്വാസം നൽകുന്ന ഒരു വാർത്തയും പുറത്ത് വന്നിട്ടുണ്ട്. ഓക്സ് ഫോർഡ് വാക്സിൻ ഗവേഷണത്തിൽ പങ്കാളിയായ ആസ്റ്റ്ര സെനെക്ക എന്ന മരുന്ന് കമ്പനിയടക്കം Johnson & Johnson, BioNTech, GlaxoSmithKline, Pfizer, Merck, Moderna, Sanofi ,Novavax തുടങ്ങിയ ഒൻപത് വൻകിട മരുന്ന കമ്പനികൾ ഔഷധ പരീക്ഷണ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു കാരണവശാലും തങ്ങൾ വാക്സിൻ ഉല്പാദിപ്പിക്കാൻ തയ്യാറാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ്.
  ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണ പങ്കാളിയായ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ നടന്നുവരുന്ന വാക്സിൻ പരീക്ഷണവുമായി മുന്നോട്ട് പോവുമെന്ന് പറഞ്ഞതായുള്ള വാർത്ത ശരിയെങ്കിൽ ഉചിതമായില്ലെന്ന് പറയേണ്ടതുണ്ട്. ഓക്സ് ഫോഡ് വാക്സിൻ പരീക്ഷണം നടക്കുന്ന അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പരീക്ഷണം നിർത്തിവച്ചിരിക്കയാണ്. ഇക്കാര്യത്തിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിനോട് ഇന്ത്യൻ ഡ്രഗ് കൺ ട്രോളർ ജനറൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

  സാധാരണ ഗതിയിൽ ഏത് ഔഷധ പരീക്ഷണത്തിനിടക്കും ഇത്തരം പ്രതീക്ഷിക്കാത്ത പാർശ്വഫലങ്ങൾ കണ്ടാ‍ൽ പരീക്ഷണം നിർത്തിവെക്കുകയും കർശനമായ പരിശോധനയെ തുടർന്ന് പ്രശ്നമൊന്നുമില്ലെന്ന് കണ്ടാൽ പരീക്ഷണം തുടരുകയും ചെയ്യാറുണ്ട്. വാക്സിൻ സ്വീകരിച്ച ഒരാളിൽ പാർശ്വഫലം കണ്ടതിനെ തുടർന്ന് ഒന്നാം ഘട്ട പരീക്ഷണത്തിനിടയിൽ ഓക്സ് ഫോർഡ് വാക്സിൻ പരീക്ഷണം ഇങ്ങനെ ഒരിക്കൽ നിർത്തിവക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തി വീണ്ടും തുടരുകയും ചെയ്തതാണ്. ബ്രിട്ടനിലെ ഔഷധപരീക്ഷണ നിരീക്ഷണ ഏജൻസിയായ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട് റഗുലേറ്ററി ഏജൻസി പരിശോധനക്ക് ശേഷം വാക്സിൻ സുരക്ഷിതമെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ വാക്സിൻ പരീക്ഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തുടരാൻ അനുമതി നൽകാനാണ് സാധ്യത.
  Published by:Rajesh V
  First published: