കോവിഡ് 19 മനുഷ്യനിർമിതമാണെന്നോ കൃത്രിമമാണെന്നോ അവകാശപ്പെടുന്ന പോസ്റ്റുകൾ ഫേസ്ബുക്ക് ഇനി നീക്കം ചെയ്യില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക വക്താവ് വെളിപ്പെടുത്തിയതായി പൊളിറ്റിക്കൊ റിപ്പോർട്ട് ചെയ്യുന്നു. വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ഉയർന്നുവരുന്ന ചർച്ചകളെയും വിവാദങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ളതാണ് ഫേസ്ബുക്കിന്റെ നീക്കം.
2019-ന്റെ അവസാനം കോവിഡിന്റേതിന് സമാനമായ രോഗലക്ഷണങ്ങളോടു കൂടി വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ശാസ്ത്രജ്ഞരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോവിഡ് 19-ന്റെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്കും തങ്ങളുടെ നയത്തിൽ ഈ നിർണായക മാറ്റം പ്രഖ്യാപിച്ചത്. പുതിയ സംഭവ വികാസങ്ങൾ കോവിഡിന് കാരണമായ വൈറസ് വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് വ്യാപിക്കാൻ തുടങ്ങിയതെന്ന സിദ്ധാന്തത്തെ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഒരിക്കൽ ഗൂഢാലോചനാ സിദ്ധാന്തമായി തള്ളിക്കളഞ്ഞ അഭ്യൂഹമായിരുന്നു ഇത്,
വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാനും 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അറിയിച്ചു. കോവിഡ് 19-ന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് രണ്ട് സിദ്ധാന്തങ്ങളാണ് പ്രചരിക്കുന്നത് എന്നും രോഗബാധ ഉണ്ടായിരുന്ന മൃഗവുമായുള്ള മനുഷ്യ സമ്പർക്കത്തിലൂടെയാണോ അതോ ലബോറട്ടറിയിൽ ഉണ്ടായ അപകടം മൂലമാണോ കോവിഡ് വ്യാപനം ഉണ്ടായതെന്ന് പരിശോധിച്ച് കണ്ടെത്തുമെന്നും ബൈഡൻ പറഞ്ഞു.
Also Read-
Explained: കഴിഞ്ഞ 20 വർഷത്തിനിടയിലെ മാരക രോഗങ്ങൾ എന്തുകൊണ്ട് ചൈനയിൽ നിന്ന് ഉത്ഭവിച്ചു?വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസ് ലബോറട്ടറിയിൽ നിന്നും യാദൃശ്ചികമായി പുറത്തേക്ക് പോയതാകാം എന്നാണ്, അല്ലാതെ ഇതൊരു മനുഷ്യനിർമിത വൈറസ് ആണെന്നോ രോഗവ്യാപനം മനഃപൂർവം ഉണ്ടാക്കിയതാണ് എന്നോ അല്ല. വൈറസിനെക്കുറിച്ചുള്ള ജനിതക പഠനങ്ങൾ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാൻ വൈറസ് ഉപയോഗിക്കുന്ന പ്രോട്ടീനിന്റെ ശേഷിയിൽ ചില കുറവുകൾ കണ്ടെത്തിയിട്ടുണ്ട്. മനഃപൂർവം ഒരു ജൈവായുധം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ഒഴിവാക്കുന്ന ചില സവിശേഷതകൾ ആണിത്. എന്നാൽ, വൈറസിന്റെ മനുഷ്യ നിർമിത ഉത്ഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമാണ് ഫേസ്ബുക്കിന്റെ ഈ പുതിയ നയം ഒരുക്കുന്നത്.
ആഗോള തലത്തിലുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സഹായത്തോടെ കോവിഡ് 19-നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികൾ ഫേസ്ബുക്ക് സ്വീകരിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുടെ പട്ടിക വിപുലീകരിക്കുന്നതായും കോവിഡ് മനുഷ്യനിർമിതമാണെന്ന വാദവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഫേസ്ബുക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. എന്നാൽ ഈ നിലപാടിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. "കോവിഡ് 19-ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യ വിദഗ്ധരുമായി നടത്തിയ ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ കോവിഡ് 19 മനുഷ്യനിർമ്മിതമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ്", ഇ-മെയിൽ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ഫേസ്ബുക്ക് വക്താവ് അറിയിച്ചു.
Keywords: Covid 19, Facebook, Wuhan, Origin of Virus, Facebook Policy, കോവിഡ് 19, ഫേസ്ബുക്ക്, വുഹാൻ, വൈറസിന്റെ ഉത്ഭവം, ഫേസ്ബുക്കിന്റെ നയം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.