രാജ്യത്ത് ഈ മാസം പതിനാറ് മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട മുപ്പത് കോടി ആളുകളിൽ മൂന്ന് കോടി പേർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇതിൽ ഒരുകോടി ആരോഗ്യപ്രവർത്തകരാണ്. പൊലീസുകാരും ശുചീകരണ പ്രവർത്തകരും ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ വരുന്ന വിഭാഗങ്ങളാണ് ബാക്കി രണ്ടു കോടിയിൽ വരുന്നത്.
Also Read-
സംസ്ഥാനത്ത് 131 വാക്സിൻ കേന്ദ്രങ്ങൾ; എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ്
വാക്സിന്‍:
ഓക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പ്പാദിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവയ്ക്കാണ് നിലവിൽ ഉപയോഗത്തിന് അനുമതിയുള്ളത്. ഇതിൽ കോവാക്സിന്‍ നൽകാൻ ഗുണഭോക്താവിന്‍റെ പ്രത്യേക അനുമതിയും തുടർനിരീക്ഷണവും ആവശ്യമായതിനാൽ ഇതിന് പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതിയുള്ളത്.
അതുകൊണ്ട് തന്നെ കോവിഷീൽഡ് തന്നെയാകും ആദ്യം നൽകിത്തുടങ്ങുക. ഏത് വാക്സിന്‍ ആയാലും ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ഇടവേളയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസും സ്വീകരിക്കണം.
കോവിഷീൽഡ്:
ട്രയലുകളിൽ 70.42% വരെ ഫലപ്രദമെന്ന് കണ്ടെത്തൽ
തോളിനെ താഴെ കയ്യിലെ പേശിയിലാണ് കുത്തിവയ്പ്പ്
രണ്ട് ഡോസുകളാണ് സ്വീകരിക്കേണ്ടത്. ആദ്യ ഡോസിന് ശേഷം നാല് മുതൽ ആറ് ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം
വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞാൽ പനി, തടിപ്പ് തുടങ്ങി നേരിയ ലക്ഷണങ്ങളുണ്ടായേക്കാം. ഗുരുതര പാര്‍ശ്വഫലങ്ങളില്ല
2 മുതൽ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കണം.
കോവാക്സിൻ
മൂന്നാം ഘട്ട ട്രയൽ തുടരുന്ന വാക്സിന്‍റെ ഫലശേഷി ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
രണ്ട് ഡോസുകൾ. ആദ്യ ഡോസ് കഴിഞ്ഞ് നാല് ആഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ഡോസ്.
പാർശ്വഫലങ്ങൾ താരതമ്യേന കുറവ്
2 മുതൽ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിൽ സൂക്ഷിക്കണം.
വിതരണരീതി:
നിലവിൽ മുന്‍ഗണനാ പട്ടിക അനുസരിച്ച് മാത്രം. ഇതിനായി രജിസ്ട്രേഷൻ നടപടികളുണ്ട്.
കുത്തിവയ്പ്പ് സമയം, സ്ഥലം എന്നിവ മൊബൈൽ അറിയിപ്പ് ലഭിക്കും
വാക്സിന്‍ കേന്ദ്രത്തിലെത്തിയാൽ ആദ്യം പനി പരിശോധിക്കും തുടർന്ന് കാത്തിരിപ്പ് മുറിയിലേക്ക്
തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം വാക്സിനേറ്ററുടെ അടുത്തേക്ക്
വാക്സിന്‍ കുപ്പി തുറക്കുന്ന സമയം രേഖപ്പെടുത്തും. തുടര്‍ന്ന് കുത്തിവയ്പ്പ്.
ഇതിനുശേഷം പാർശ്വ ഫലങ്ങൾ സംബന്ധിച്ച നിരീക്ഷണങ്ങൾക്കായി അരമണിക്കൂർ കാത്തിരിപ്പു കേന്ദ്രത്തില്‍ തുടരണം
രണ്ട് ഡോസും എടുക്കുന്നവർക്ക് ഒരു എസ്എംഎസ് ലഭിക്കും. ഇതിലെ ലിങ്കിൽ നിന്നും ക്യൂആർ കോഡ് സർട്ടിഫിക്കറ്റ് ലഭിക്കും
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിതരണം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം. സ്വന്തം നിലയിൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ല.
വാക്സിന്‍റെ പേരിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതെ കരുതിയിരിക്കുക
ആദ്യം സ്വീകരിച്ച വാക്സിൻ തന്നെയാണ് രണ്ടാമതും ലഭിക്കുന്നതെന്ന് ഉറപ്പാക്കുക
വാക്സിൻ നിർബന്ധമല്ല. എന്നാൽ കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമെന്ന് സർക്കാർ
കോവിഡ് വന്നു പോയവരും വാക്സിന്‍ സ്വീകരിക്കണം
കോവിഡ് ബാധിതരും, രോഗലക്ഷണങ്ങൾ ഉള്ളവരും വാക്സിൻ കേന്ദ്രങ്ങളിലേക്ക് പോകരുത്.
കാൻസർ, പ്രമേഹം, രക്താതിമർദ്ദം എന്നിവയുള്ളവർക്കും വാക്സിൻ സ്വീകരിക്കാം
18 വയസിന് മുകളിലുള്ളവർക്ക് മാത്രം നൽകാനാണ് അനുമതി
വാക്സിൻ സംബന്ധിച്ച് എന്ത് അടിയന്തിര സാഹചര്യത്തിനും ഹെൽപ്പ് ലൈൻ നമ്പറായ 104 ൽ വിളിക്കാം.