ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണിന്റെ കാലാവധി ഇന്ന് അർധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അൽപസമയത്തിനുള്ളിൽ പുറത്തിറക്കും. മുമ്പുള്ളതിനെക്കാൾ കൂടുതൽ ഇളവുകളോടെയാകും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍.
മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു. നേരത്തെ മഹാരാഷ്ട്രയും തമിഴ്നാടും ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം അയ്യായിരത്തിനോടടുത്ത് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണ പ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ മേഖലകളിലേക്ക് ഇളവുകള്‍ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.