തിരുവനന്തപുരം: തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തി, കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ച് ദർശനം നടത്തുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറിതല സമിതി പരിശോധിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു മാധ്യമപ്രവർത്തകരോട് പറഞ്ഞതാണ് ഇക്കാര്യം. ആന്‍റിജൻ പരിശോധന നടത്തി ദർശനം അനുവദിക്കാമെന്നും നിർദേശം. ആന്‍റിജൻ പരിശോധനയ്ക്കായി നിലയ്ക്കലും പമ്പയിലും സജ്ജീകരണം ഏർപ്പെടുത്തും. കോവിഡ് രോഗികൾ സന്നിധാനത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എൻ വാസു പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചു
. നെയ്യഭിഷേകം പഴയതു പോലെ പ്രായോഗികമല്ല. സന്നിധാനത്ത് താമസ സൗകര്യമുണ്ടാകില്ല. കോവിഡിനെ തുടർന്ന് അഞ്ചുമാസമായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.
ശബരിമല പ്രവേശനം സംബന്ധിച്ച് മാർഗനിർദേശം തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകിയതായി എൻ വാസു അറിയിച്ചു. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.
പഴയതുപോലെ ഭക്തരെ പ്രവേശിപ്പിക്കാൻ സാധിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ഇതിനുളള സാഹചര്യമല്ല നിലനിൽക്കുന്നത്.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമമായിരിക്കും പ്രവേശനം. സന്നിധാനത്ത് വിരിവെയ്ക്കാനും താമസത്തിനും അനുവദിക്കില്ലെന്നും എൻ വാസു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.