ഡൽഹിയിലെ മയൂർ വിഹാറിൽ 14 മണിക്കൂറിനുള്ളിൽ മൊബൈൽ പിടിച്ചുപറി സംഘം ലക്ഷ്യം വച്ചത് 5 പേരെ; രണ്ട് പേർക്ക് കുത്തേറ്റു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സെപ്തംബർ ഒന്നിന് വൈകിട്ട് നാല് മണിക്കും സെപ്തംബർ രണ്ടിന് രാവിലെ ആറരയ്ക്കും ഇടയിലാണ് സംഭവം നടന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ മയൂർ വിഹാറിൽ മൊബൈൽ പിടിച്ചുപറിക്കാരുടെ വിളയാട്ടം. വെറും 14 മണിക്കുറിനുള്ളിൽ മയൂർ വിഹാറിലെ 2 കിലോമീറ്റർ പരിധിക്കുള്ളിൽ അഞ്ച് പേരെയാണ് മൊബൈൽ പിടിച്ചുപറി സംഘം ലക്ഷ്യം വച്ചത്. ഇതിൽ രണ്ട് പേർക്ക് കുത്തേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. അഞ്ച് സംഭവങ്ങളിലും മയൂർ വിഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സെപ്തംബർ ഒന്നിന് വൈകിട്ട് നാല് മണിക്കും സെപ്തംബർ രണ്ടിന് രാവിലെ ആറരയ്ക്കും ഇടയിലാണ് പിടിച്ചുപറി നടന്നത്.
സെപ്തംബർ ഒന്നാം തീയതി വൈകുന്നേരം നാല് മണിയോടെ രാം സേവക് സിംഗ് എന്നയാൾ ക്ഷേത്ര ദർശനം കഴിഞ്ഞ് വരുന്നതിനിടെ വഴിയിൽ മൊബൈൽ നോക്കി നിന്നപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേർ മൊബൈൽ തട്ടിപ്പറിച്ച് കടന്നു കളഞ്ഞത്. അതേ ദിവസം രാത്രി 9.46 ഓടെ രാഹുൽ എന്ന 21 കാരന്റെ മൊബൈലും ഇത്തരത്തിൽ പിടിച്ചുപറിക്കപ്പെട്ടു. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇയാളുടെ കയ്യിൽ നിന്ന് മൊബൈൽ തിട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും യുവാവ് ഇവരുടെ വാഹനം പിടിച്ചു നിറുത്തി. താഴെ വീണ പ്രതികളിലൊരാൾ മൊബൈലുമായി കടന്നുകളഞ്ഞെങ്കിലും മറ്റെയാളെ ആളുകൾ ചേർന്ന് പിടികൂടി പൊലീസിൽ എൽപ്പിച്ചു.
advertisement
സെപ്തംബർ രണ്ടിന് പുലർച്ചെ നടന്ന സംഭവത്തിൽ മൊബൈൽ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് കടന്നുകളയാൻ ശ്രമിച്ചത് തടഞ്ഞ 28 വയസുള്ള യുവാവിനാണ് കുത്തേറ്റത്. അക്രമിസംഘം ഇദ്ദേഹത്തെ പിറകിൽ നിന്ന് കുത്തുകയായിരുന്നു. അന്ന്തന്നെ രാവിലെ ആറരയ്ക്ക് ജിമ്മിലേക്ക് പോയ യുവാവിന്റെ ഫോണാണ് അക്രമി സംഘം പിടിച്ച് പറിക്കാൻ ശ്രമിച്ചത്. എതിർത്തപ്പോൾ ഇയാളുടെ തുടയിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം അക്രമിസംഘം മൊബൈലുമായി കടന്നു കളയുകയായിരുന്നു. കുത്തേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
5 ആക്രമണങ്ങൾക്ക് പിന്നിലും ഒരേ സംഘമായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. കറുത്ത ഹെൽമെറ്റ് ധരിച്ച്എത്തിയാണ് അക്രമിസംഘം മൊബൈൽ പിടിച്ചുപറിക്കുന്നത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പൊലീസ് അറിയിച്ചു.
Location :
New Delhi,Delhi
First Published :
September 05, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിലെ മയൂർ വിഹാറിൽ 14 മണിക്കൂറിനുള്ളിൽ മൊബൈൽ പിടിച്ചുപറി സംഘം ലക്ഷ്യം വച്ചത് 5 പേരെ; രണ്ട് പേർക്ക് കുത്തേറ്റു