ബിഹാറിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ സംസ്ഥാനത്ത് കൊലപാതകങ്ങളും ബലാത്സംഗങ്ങളും വർധിച്ചതായി വ്യക്തമാകുന്നു.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വിവരങ്ങളാണ് പുറത്തു വന്നത്. ബിഹാറിൽ ഒരു ദിവസം ശരാശരി നാല് സ്ത്രീകൾ ബലാത്സംഗത്തിനിരയാകുന്നു. ആറ് പേർ കൊല്ലപ്പെടുന്നു. ബിഹാർ തലസ്ഥാനമായ പട്നയിലാണ് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
159 കൊലപാതകങ്ങളാണ് പട്നയിൽ മാത്രം ജനുവരി മുതൽ സെപ്റ്റംബർ വരെ റിപ്പോർട്ട് ചെയ്തത്. ഗയയിൽ 138 കൊലപാതകങ്ങളും മുസാഫർപൂരിൽ 134 കേസുകളും റിപ്പോർട്ട് ചെയ്തു. ഭൂമി തർക്കവും വ്യക്തിവൈരാഗ്യവുമാണ് പല കൊലപാതകങ്ങളുടെയും കാരണങ്ങൾ.
1,106 ബലാത്സംഗ കേസുകളാണ് ഒമ്പത് മാസത്തിനിടയിൽ ബിഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാച്ച നാല് വയസ്സുള്ള പെൺകുട്ടി കൈമൂർ ജില്ലയിൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേ ദിവസം തന്നെ ബോജ്പൂരിൽ ആർജെഡി നേതാവും വെടിയേറ്റ് കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം നൂറ് കണക്കിന് കൊലപാതകങ്ങളും ബലാത്സംഗങ്ങളും കവർച്ചയുമാണെന്നായിരുന്നു തേജസ്വിയുടെ വിമർശനം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.