അമ്മയുടെ സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടർ കത്തിച്ചു; 48കാരിയും സുഹൃത്തും അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മെഹബൂബുമായുള്ള അടുപ്പം നഫീസയുടെ മകൻ ചോദ്യം ചെയ്തു. ഈ ബന്ധം തുടരാൻ അനുവദിക്കില്ലെന്ന് മകൻ നഫീസയോട് പറയുകയും ചെയ്തു
മലപ്പുറം: അമ്മയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടർ കത്തിച്ചു. സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയും കൂട്ടാളികളും അറസ്റ്റിലായി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാംകുന്നൻ നഫീസയാണ്(48) സ്വന്തം മകന്‍റെ സ്കൂട്ടർ കത്തിക്കാൻ ക്രിമിനൽ സംഘത്തിന് ക്വട്ടേഷൻ നൽകിയത്. വീടിന് മുന്നിൽവെച്ചിരുന്ന സ്കൂട്ടർ സംഘം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ കത്തിച്ചതിന് പിന്നിൽ നഫീലയാണെന്ന് വ്യക്തമായത്.
നഫീസയുടെ അയൽവാസിയും സുഹൃത്തുമായ മുള്ള്യാകുർശ്ശി വലിയപറമ്പിലെ കീഴുവീട്ടിൽ മെഹബൂബാണ് (58) സ്കൂട്ടർ കത്തിക്കാൻ നേതൃത്വം നൽകിയത്. ഇയാൾക്കുപുറമെ ക്വട്ടേഷൻസംഘാംഗങ്ങളായ തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), കൂട്ടാളിയായ അബ്ദുൾനാസർ (പൂച്ച നാസർ-32) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂർ പൊലീസ്‌സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
നഫീസയ്ക്ക് മെഹബൂബുമായി ഉണ്ടായിരുന്ന സൗഹൃദമാണ് സ്കൂട്ടർ കത്തിക്കുന്നതിലേക്ക് എത്തിച്ചത്. മെഹബൂബുമായുള്ള അടുപ്പം നഫീസയുടെ മകൻ ചോദ്യം ചെയ്തു. ഈ ബന്ധം തുടരാൻ അനുവദിക്കില്ലെന്ന് മകൻ നഫീസയോട് പറയുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ നൽകാൻ കാരണമെന്ന് നഫീസ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
advertisement
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഫീസയും മകൻ മുഹമ്മദ് ഷഫീഖും (25) ഒരുമിച്ചല്ല താമസിക്കുന്നത്. നഫീസയുടെ വീടിന് അര കിലോമീറ്റർ മാറി വാടക ക്വാർട്ടേഴ്‌സിലാണ് മകൻ താമസിക്കുന്നത്. മാതാവുമായുള്ള പ്രശ്നങ്ങൾ കാരണമാണ് മകൻ മാറിത്താമസിക്കുന്ന്. ഈ വാടക ക്വാർട്ടേഴ്സിന് മുന്നിൽവെച്ചിരുന്ന സ്കൂട്ടറാണ് പെട്രോളൊഴിച്ച് കത്തിച്ചത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചിരുന്നു.
എസ്ഐ അജിത്ത്കുമാർ, എഎസ്ഐമാരായ ജോർജ് കുര്യൻ, വിശ്വംഭരൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുരേന്ദ്ര ബാബു, ജോർജ് സെബാസ്റ്റ്യൻ, ഷംസുദ്ദീൻ, ഷിജു, സിന്ധു, സെലീന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Location :
Malappuram,Malappuram,Kerala
First Published :
May 06, 2023 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയുടെ സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടർ കത്തിച്ചു; 48കാരിയും സുഹൃത്തും അറസ്റ്റിൽ