ഏറ്റുമാനൂരപ്പന്റെ തിരുവാഭരണമാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലൻസ്: തീപിടുത്തത്തിൽ നശിച്ചതാണോ എന്നും പരിശോധിക്കണം
- Published by:Jayashankar AV
- news18-malayalam
Last Updated:
ദേവസ്വം വിജിലന്‍സ് എസ് പി പി ബിജോയി നല്‍കിയ റിപ്പോര്‍ട്ടിലാണ് മാല മാറ്റിവെച്ചിട്ടുണ്ട് എന്ന നിര്‍ണായക കണ്ടെത്തല്‍ ഉള്ളത്. എന്നാല്‍ ഇത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
കോട്ടയം:ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ മുത്തുകള്‍ കാണാതായി സംഭവത്തിലാണ് നിര്‍ണായക അന്വേഷണം നടക്കുന്നത്. പോലീസും ദേവസ്വം വിജിലന്‍സും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വരുന്നുണ്ട്. നേരത്തെ തിരുവാഭരണം കമ്മീഷണര്‍ എസ് അജിത്കുമാര്‍ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ദേവസ്വം വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.
ദേവസ്വം വിജിലന്‍സ് എസ് പി പി ബിജോയി നല്‍കിയ റിപ്പോര്‍ട്ടിലാണ് മാല മാറ്റിവെച്ചിട്ടുണ്ട് എന്ന നിര്‍ണായക കണ്ടെത്തല്‍ ഉള്ളത്. എന്നാല്‍ ഇത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
നഷ്ടപ്പെടാന്‍ സാധ്യത ഉള്ള സാഹചര്യങ്ങള്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നു. ക്ഷേത്രത്തില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ നഷ്ടപ്പെട്ട ആണോ എന്നത് ആണ് പ്രധാന സംശയം.മാല ആരെങ്കിലും മാറ്റിവെച്ചത് ആണോ എന്നും വിജിലന്‍സ് സംശയിക്കുന്നു. മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല എന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതും ദേവസ്വം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മോഷണ സാധ്യതയും പൂര്‍ണമായും തള്ളിക്കളയാന്‍ വിജിലന്‍സ് തയ്യാറല്ല. ഇക്കാര്യത്തില്‍ പോലീസ് നടത്തുന്ന അന്വേഷണം നിര്‍ണായകമാണെന്ന് ദേവസ്വം വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. 82 മുത്തുകള്‍ ഉള്ള മാലയിലെ 9 മുത്തുകളാണ് കാണാതായിരിക്കുന്നത് എന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ തിരുവാഭരണം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇതുതന്നെയായിരുന്നു കണ്ടെത്തല്‍. 3 ഗ്രാം സ്വര്‍ണമാണ് ഈ മുത്തുകള്‍ നഷ്ടപ്പെട്ടതിലൂടെ കുറഞ്ഞിരിക്കുന്നത് എന്ന് അന്ന് തിരുവാഭരണം കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. അതേ നിലപാട് ദേവസ്വം വിജിലന്‍സ് ആവര്‍ത്തിക്കുന്നു. ഇതിന് പിന്നാലെ നടത്തിയ നിര്‍ണായക പരിശോധനയിലാണ് പഴയ മാല അല്ല ഇപ്പോള്‍ ക്ഷേത്രത്തിലുള്ളത് എന്ന് കണ്ടെത്തിയത്.
advertisement
സംഭവത്തില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട് എന്നും ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന ശേഷം വിവരം കൃത്യമായി ദേവസ്വംബോര്‍ഡിന് അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല എന്നാണ് ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മേല്‍ശാന്തി മാറി പുതിയ മേല്‍ശാന്തി വന്നപ്പോഴാണ് മാല മാറിയിട്ടുണ്ടെന്ന് വിവരം ആദ്യമായി പുറത്തുവരുന്നത്. എന്നാല്‍ അതിനുശേഷവും ഉദ്യോഗസ്ഥര്‍ കൃത്യമായി ദേവസ്വംബോര്‍ഡിന് വിവരം അറിയിച്ചില്ല എന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ട് പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ന്യൂസ് 18 നോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിച്ച് അടക്കമുള്ള കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കും. ആവശ്യമെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. ഏതായാലും സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഈ അന്വേഷണമാണ് സംഭവത്തില്‍ നിര്‍ണായകമാവുക. നിരവധി ഉദ്യോഗസ്ഥരുടേയും മുന്‍ മേല്‍ശാന്തി മാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകാതെ പോലീസ് അന്വേഷണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വംബോര്‍ഡ് കരുതുന്നു.
Location :
First Published :
September 02, 2021 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏറ്റുമാനൂരപ്പന്റെ തിരുവാഭരണമാല മാറ്റിവെച്ചതെന്ന് ദേവസ്വം വിജിലൻസ്: തീപിടുത്തത്തിൽ നശിച്ചതാണോ എന്നും പരിശോധിക്കണം


