Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?

ബാലഭാസ്കറിന്റെ സഞ്ചയന ദിവസം പോലും എന്തൊക്കെയാണ് നടന്നത്. ബാലഭാസ്കറിന്റെ രക്ഷകർതൃത്വം ഏറ്റെടുക്കാൻ ആരൊക്കെയാണ് മത്സരിച്ചത്. ഒടുവിൽ സ്വന്തം മകനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ അമ്മയ്ക്ക് 'ഞാനാണ് അവന്റെ അമ്മ' എന്ന് ഉറക്കെ നിലവിളിച്ച് കരയേണ്ടി വന്നു....... ബാലഭാസ്ക്കറിന്റെ ഉറ്റസുഹൃത്തും ന്യൂസ് 18 പ്രിൻസിപ്പൽ കറസ്പോണ്ടന്റുമായ ബി.എസ് ജോയ് എഴുതുന്നു..(പരമ്പരയുടെ നാലാം ഭാഗം)

News18 Malayalam | news18-malayalam
Updated: August 6, 2020, 11:18 AM IST
Exclusive| ബാലഭാസ്കറിന്റെ മരണം: അപകടശേഷം നടന്ന ഹൈജാക്കിംഗ് എന്തിനുവേണ്ടി?
ബാലഭാസ്കർ, കെ സി ഉണ്ണി
  • Share this:
ചുറ്റും നടക്കുന്ന പലതും നമ്മൾ കാണുന്നുണ്ടെങ്കിലും പലതും മനസ്സിലാക്കാൻ കഴിയാറില്ല. എന്തൊക്കയാ ഈ നടക്കുന്നതെന്ന് പല ആവർത്തി തലപുകയ്ക്കാത്തവരായി ആരും കാണുകയുമില്ല. ബാലഭാസ്കറിന്റെ വാഹനാപകടം നടന്നതിന് ശേഷം ആശുപത്രിയിൽ നടന്ന പലതും കണ്ടിരുന്നുവെങ്കിലും ഒന്നും മനസ്സിലായിരുന്നില്ല. ബാലഭാസ്കറിന്റെ സഞ്ചയന ദിവസം പോലും എന്തൊക്കെയാണ് നടന്നത്. ബാലഭാസ്കറിന്റെ രക്ഷകർതൃത്വം ഏറ്റെടുക്കാൻ ആരൊക്കെയാണ് മത്സരിച്ചത്. ഒടുവിൽ സ്വന്തം മകനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ അമ്മയ്ക്ക് 'ഞാനാണ് അവന്റെ അമ്മ' എന്ന് ഉറക്കെ നിലവിളിച്ച് കരയേണ്ടി വന്നു.

രക്ഷിതാക്കളും ബന്ധുക്കളും ‌

കെ സി ഉണ്ണിയാണ് ബാലഭാസ്കറിന്റെ അച്ഛൻ, അമ്മ ശാന്തകുമാരി, ഒരു സഹോദരിയുണ്ട് മീര, പിന്നെ അമ്മാവനും ഗുരുവുമായ ബി ശശികുമാർ. പിന്നെ അമ്മയുടെയും അച്ഛന്റെയും ഭാര്യ ലക്ഷ്മിയുടെയും ബന്ധത്തിലുള്ളവർ. ഇവരിൽ തന്നെയും ബാലഭാസ്കറിനെ സംബന്ധിച്ച തീരുമാനം എടുക്കാൻ അച്ഛനും
അമ്മയ്ക്കും ഭാര്യക്കും ഉള്ള അവകാശം കഴിഞ്ഞിട്ടേ സാധാരണ ഗതിയിൽ മറ്റുള്ളവർക്ക് അവകാശം ഉണ്ടാവുകയുള്ളു. ബാലഭാസ്കർ എല്ലാ കാലത്തും അനുസരിച്ചിരുന്ന അമ്മാവൻ ബി ശശികുമാറിനും പറയാം. എന്നാൽ ഇവരൊന്നുമായിരുന്നില്ല ബാലഭാസ്കറിന്റെ ആശുപത്രി കാര്യങ്ങൾ നിശ്ചയിച്ചതും നടപ്പിലാക്കിയതും.

രക്ഷിതാക്കളുടെ വേഷം അണിഞ്ഞവർ

2018 സെപ്തംബർ 25ന് പുലർച്ചെ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുന്നു. സംഭവം ആദ്യം അറിഞ്ഞവരുടെ കൂട്ടത്തിൽ പൂന്തോട്ടം ആയുർവേദ റിസോർട്ട് ഉടമ ഡോ. രവീന്ദ്രന്റെ ഭാര്യ ലതയാണ് ഒന്നാമതുള്ളത്. പിന്നീട് ലതയുടെ മകൻ ജിഷ്ണു, പ്രകാശ് തമ്പി, അവരുമായി അടുത്തു നിൽക്കുന്നവർ.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പൊലീസിൽ നിന്നും മാധ്യമങ്ങൾക്കും വിവരം ലഭിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്ന് സംഭവം അറിഞ്ഞവരുമുണ്ട്. അപകട വിവരം ഏറ്റവും ഒടുവിൽ അറിഞ്ഞത് ഒരു പക്ഷെ കെ സി ഉണ്ണിയും മറ്റ് ബന്ധുക്കളുമായിരിക്കണം.

അറിഞ്ഞ കാര്യത്തിന്റെ നടുക്കം വൃദ്ധമാതാപിതാക്കളെ വിട്ടുമാറും മുന്നേ ബാലഭാസ്കറിനെ ഏത് ആശുപത്രിയിൽ ചികിത്സിക്കണമെന്നും മകളുടെ മൃതശരീരം എവിടെ സൂക്ഷിക്കണമെന്നും ലക്ഷ്മിയെ ആര് നോക്കണമെന്നുമൊക്കെ പ്രകാശ് തമ്പിയും പൂന്തോട്ടത്തിലെ ലതയും തീരുമാനിച്ചുവെന്ന് വേണം മനസ്സിലാക്കാൻ .

എല്ലാ കാര്യങ്ങളിലും ബാലഭാസ്കറിന്റെ പിതാവിനോട് അഭിപ്രായം തേടുന്ന വ്യക്തിയായിരുന്നു പ്രകാശ് തമ്പി. എന്നാൽ ബാലഭാസ്കർ അപകടത്തിൽപ്പെട്ട ശേഷം പ്രകാശ് തമ്പി കെസി ഉണ്ണിയോട് പെരുമാറിയത് വളരെ ക്രൂരമായിട്ടായിരുന്നു. ചികിത്സയ്ക്ക് ആശുപത്രി തെരഞ്ഞെടുത്തപ്പോഴെങ്കിലും തലമുതിർന്ന ബന്ധുക്കളുമായി കൂടി ആലോചിക്കാനോ ആശയ വിനിമയം നടത്താനോ ഇപ്പറഞ്ഞവർ തയാറായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.

കൊച്ചുമകൾ മരിച്ചു, മകനും മരുമകളും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മുറിപ്പെട്ട് കിടക്കുന്നു .ഈ കാഴ്ച കണ്ട് ആശുപത്രി വരാന്തിയിലേക്ക് വന്ന പിതാവ് കെ സി ഉണ്ണി അത്രയേറെ വിശ്വസിച്ചിരുന്നതുകൊണ്ടാണ് പ്രകാശ് തമ്പിയെ പൊലീസ് സ്റ്റേഷനിലേക്കും മറ്റ് ആവശ്യങ്ങൾക്കും ആദ്യം പറഞ്ഞുവിട്ടത്. എന്നാൽ ദിവസം ഒന്ന് കഴിഞ്ഞതോടെ ഹൈജാക്കിംഗ് സംഘത്തിലേക്ക് മറ്റ് ചിലർ കൂടി വന്നെത്തി, സംഭവ ദിവസം വിദേശത്ത് ആയിരുന്ന
വിഷ്ണു സോമസുന്ദരമായിരുന്നു എത്തിയത്. പിന്നീട് പ്ലാനിംഗ് വേഗത്തിലായി.

ലക്ഷ്മിയുടെ വിരലടയാളം എടുക്കാൻ ശ്രമിച്ചത് എന്തിന് ?

ബാലഭാസ്കറിന്റെ അച്ഛനെയും അമ്മാവനെയും അവർ തങ്ങിയിരുന്ന മുറിയിൽ നിന്ന് പുറത്താക്കാനായിരുന്നു ആദ്യ ശ്രമം. അത് പരാജയപ്പെട്ടപ്പോൾ മറ്റ് രീതിയിൽ മാനസിക പീഡനം തുടങ്ങി. ഇതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ വിരലടയാളം ഐസിയുവിൽ കടുന്നു കയറി ചെക്ക് ലീഫിൽ പതിപ്പിക്കാനും വിഷ്ണു സോമസുന്ദരം ശ്രമം നടത്തി. ഇത് ആശുപത്രി ജീവനക്കാർ കയ്യോടെ പിടികൂടി. പിന്നീടാണ് ഐസിയുവിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ലത-തമ്പി-വിഷ്ണു കൂട്ടുകെട്ട്

ബാലഭാസ്കറിനെ ആര് കാണണം ആരു കാണരുത് എന്ന് തീരുമാനിച്ചിരുന്നതുപോലും ലത -തമ്പി- വിഷ്ണു കൂട്ട് കെട്ടായിരുന്നു. ബാലഭാസ്കർ മരിച്ച ശേഷം ഹിരണ്മയയിലും
(തിരുമലയിലെ വീട്) പ്രകാശ് തമ്പിയുടെ നേതൃത്വത്തിൽ നാടകങ്ങൾ അരങ്ങേറിയിരുന്നു. ഹിരണ്മയയിലെത്തിയ അമ്മ ശാന്തകുമാരിക്ക് ഞാനാണ് ബാലഭാസ്കറിന്റെ അമ്മ എന്ന് അലമുറയിടേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ബാലഭാസ്കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാലും ലതയും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. തുടർന്ന് ലത പാലക്കാടേക്ക് മടങ്ങുകയും ചെയ്തിരുന്നു.

ലതയുടെ തിരിച്ചുവരവും സിസിടിവിയും

ബാലഭാസ്കറിന്റെ സംസ്കാരവും സഞ്ചയനവുമൊക്കെ കഴിഞ്ഞ് ലത മടങ്ങിയെത്തിയത്, ലക്ഷ്മിയെ പരിചരിക്കാനായിരുന്നു. ആശുപത്രിയിൽ ലക്ഷ്മിയെ കാണാൻ പോയ ബാലഭാസ്കറിന്റെ കുടുംബത്തിനുപോലും ലതയിൽ നിന്ന് മോശം അനുഭവം നേരിട്ടിരുന്നു. ഇതിനിടെ തമ്പിയും വിഷ്ണുവും ചേർന്ന് ഹിരണ്മയ സിസിടിവി നിരീക്ഷണത്തിലാക്കി, ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ ലക്ഷ്മിയുടെ സുരക്ഷക്കെന്നായിരുന്നു പ്രചരണം. വീടിന്റെ ഗേറ്റ് വലിയ താഴിട്ട് പൂട്ടി. സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ലക്ഷ്മിക്കൊപ്പം കോളജിൽ പഠിച്ചിരുന്ന കൂട്ടുകാരികൾ പോലും അപമാനിക്കപ്പെട്ടു. ഈ പരിചരണവും നിരീക്ഷണവും സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെ നിലച്ചു.

സംശയങ്ങൾ എന്തെല്ലാം ?

സൗഹൃദം എന്ന് പറഞ്ഞാൽ രക്ഷിതാക്കളെ അപമാനിക്കലാണോ ?
‌‌രക്ഷിതാക്കളെ ആട്ടി അകറ്റിയതിനു പിന്നിലെ കാരണം എന്തായിരുന്നു ?
സിസിടിവി നിരക്ഷണം എന്തിനുവേണ്ടിയായിരുന്നു ?
സന്ദർശ വിലക്കിന്റെ കാരണം ?
രക്ഷിതാക്കൾ ചമഞ്ഞവരിൽ രണ്ട് പേർ സ്വർണക്കടത്ത് കേസിൽ പ്രതികളായത് എങ്ങനെ ?
ലത മുഖാന്തിരം ബാലഭാസ്കറിന്റെ സമ്പത്ത് ഡോ. രവീന്ദ്രൻ കൊള്ളയടിച്ചുവോ ?
‌പ്രകാശ് തമ്പി എന്തിനാണ് ബാലഭാസ്കറിന്റെ ബെൻസ് കാർ കൊണ്ടു പോയത് ?
ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമിച്ചത് എന്തിന് ?
ലക്ഷങ്ങളുടെ ഇൻഷ്വറൻസ് പോളിസി വിവരം മറച്ചുവച്ചത് എന്തിനാവും ?

ഹൈജാക്ക് സംഘത്തെക്കുറിച്ച് ഇത്തരത്തിൽ നിരവധി സംശയങ്ങളാണ് പിതാവ് കെസി ഉണ്ണിക്കുള്ളത്. അദ്ദേഹം ഇക്കാര്യങ്ങളൊക്കെ ക്രൈം ബ്രാഞ്ച് സംഘത്തോട് പറഞ്ഞിരുന്നു. പക്ഷെ നടപടി ഉണ്ടായില്ല. ഇക്കാര്യങ്ങളൊക്കെ സിബിഐ സംഘത്തിന്റെ രണ്ടരമണിക്കൂർ നീണ്ട മൊഴിയെടുക്കലിനിടെയും അച്ഛൻ ആവർത്തിച്ചു. ഏതായാലും നേരറിയാൻ സിബിഐ അന്വേഷണം പൂർത്തിയാകും വരെ കാത്തിരിക്കാം.

(തുടരും)

പരമ്പരയുടെ ഒന്നാം ഭാഗം വായിക്കാം- ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും

പരമ്പരയുടെ രണ്ടാംഭാഗം- ബാലഭാസ്കറിന്റെ മരണം: സോബിയുടെ വെളിപാടുകൾ ക്രൈം ബ്രാഞ്ച് എന്തു കൊണ്ട് കണക്കിലെടുത്തില്ല?

പരമ്പരയുടെ മൂന്നാം ഭാഗം- ബാലഭാസ്കർ:മരണം ഒഴിവാക്കാൻ കഴിയുമായിരുന്നോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് മുൻ നിർത്തിയുള്ള ആരോപണങ്ങളും അന്വേഷണവും
Published by: Rajesh V
First published: August 6, 2020, 10:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading